Sunday, September 07, 2008

മനസ്സമാധാനം.

ശ്രീനിവാസന്റെ സൗന്ദര്യശാത്രപ്രകാരം ഒരു ഒന്നൊന്നെമുക്കാൽ ചുള്ളനായ ഞാൻ തികഞ്ഞ ആത്മവിശ്വാസത്തോടെ ആണു അന്ന് ചന്ത്രാപ്പിന്നിക്കടുത്ത്‌ പെണ്ണുകാണുവാൻ പോയത്‌. കെട്ടാൻ ഉദ്ദേശിച്ച പെണ്ണിനെ മുൻ കൂട്ടി കണ്ടുവെച്ചെങ്കിലും... അവൾക്ക്‌ ഹൃദയം കൈമാറിയെങ്കിലും അവൾടെ വീട്ടുകാരുടെ പച്ചക്കൊടി ലഭിച്ചിരുന്നില്ല. അങ്ങനെ സിങ്ങ്നൽ കാത്തുകിടക്കുമ്പോളാണ്‌ എന്റെ ആത്മാർത്ഥ സുഹൃത്ത്‌ ഇഞ്ചമുടിക്കാരന്‍ അഭിലാഷ്‌ എന്നോട്‌ ഒരു കാര്യം ഓർമ്മിപ്പിച്ചത്‌.
"ടാ നിന്റെ ഫാദർജിക്ക്‌ വല്ല സംശയവും തോന്നും നീ വേറെ നാലഞ്ചിടത്ത്‌ പെണ്ണുകാണാൻ പോയില്ലെങ്കിൽ ഇതുകലങ്ങും ദേ പിന്നെ അയ്യോ പൊത്തോന്ന് പറഞ്ഞിട്ട്‌ കാര്യമില്ല...."

പ്രേമം എന്ന് കേട്ടാൽ കാളക്ക്‌ ചുവപ്പുകണ്ടപോലെ ആണ്‌ പണ്ടെ എന്റെ ഫാമിലി എന്ന് അവനു നല്ലോണം അറിയാം....പ്രൊഫഷണല്‍ നാടകത്തിലെ ടിപ്പിക്കല്‍ പിതാജിമാരെ പോലെ"കടക്കെടാ പുറാത്തെന്ന്..."പറഞ്ഞ്‌ പുരക്ക് പുറത്താക്കും. അത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ നിർമ്മലഹൃദയനാണ്‌ എന്റെ പിതാജി.
അമ്മായീടെ മോനും സമപ്രായക്കാരനുമായ രാജേഷിനു പെണ്ണ് കെട്ടിക്കാന്‍ അവര്‍ നടത്തുന്ന ഉത്സാഹം കാണണം. ഇവിടെകടുത്ത എതിർപ്പുകൾക്ക് ഒടുവിൽ അമേരിക്കൻ പ്രസിഡണ്ട്‌ ഇന്ത്യക്ക്‌ ആണവകാറിൽ ഒപ്പിടാൻ കഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ കഷ്ടപ്പെട്ടിട്ടാണ്‌ ഞാൻ വിവാഹപെർമിഷൻതന്നെ ഒപ്പിച്ചെടുത്തത്‌. എന്തായാലും അഭിലാഷ്‌ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി....

വിസിറ്റ്‌ വിസക്ക്‌ വന്നവനു കൊള്ളാവുന്ന ശംബളത്തിൽ ഇംഗ്ലീഷുകാരന്റെ കമ്പനീൽ അപ്പോയ്‌മന്റ്‌ ലെറ്റർ കിട്യാലും ഏതായാലും ഇത്‌ കയ്യിലുണ്ട്‌ എന്നാപിന്നെ ഒന്നുകൂടെ നോക്കാം നല്ലതു വല്ലതും തടഞ്ഞാലോ എന്ന് തോന്നുന്നപോലെ... കല്യാണക്കാര്യമല്ലേ ഒന്നുകൂടി നോകിക്കളായാം നല്ലതു വല്ലതും തടഞ്ഞാലോ എന്ന് ഒരു ദുർബല നിമിഷത്തിൽ എന്റെ മനസ്സിൽ ആവശ്യമില്ലാതെ വെറുതേ ഒരു ചിന്ത പൊട്ടിമുളക്കേം ചെയ്തു....

രാവിലെ  സതീശപാപ്പനേം  കൂട്ടി മൂന്നാലിടത്ത്‌ പോയി പെണ്ണുകണ്ടു....ഹേയ് ഇന്തൊന്നും ഇമ്മൾടെ കൺസപ്റ്റിനു ചേരുന്നതല്ലെന്ന് കയ്യോടെ വീട്ടിലേക്ക് പാപ്പൻ ഫോൺചെയ്തു പറഞു. വെൾലം കുടിച്ചതും വണ്ടിയോടിയ്തും മിച്ചം. അടുത്തത്‌ ചന്ത്രാപ്പിന്നിയിലാണ്‌.വണ്ടി നേരെ അങ്ങോട്ടു വിട്ടു.... ബ്രോക്കർ പറഞ്ഞസമയത്ത്‌ ചന്ത്രാപ്പിന്നി സെന്ററിൽ നിൽപ്പുണ്ട്‌.അയാൾ പറഞ്ഞ ഇടവഴിലൂടെ വണ്ടി മുന്നോട്ട്‌ നീങ്ങി. ഒടുവിൽ ഒരു കൊള്ളാവുന്ന വീടിന്റെ മുമ്പിൽ എത്തി.
"കൊള്ളാം വീടുകണ്ടിട്ട്‌ ഇമ്മളേക്കാൾ സെറ്റപ്പുണ്ട്‌..."പാപ്പൻ പറഞ്ഞു.
"നിങ്ങൾ ഇവിടിരി ഞാൻ പോയേച്ചും വരാം..."ബ്രോക്കർ വീട്ടുകാർക്ക്‌ ഞങ്ങൾ ഗേറ്റിൽ കാത്തുനിൽക്കുന്ന ഇൻഫർമേഷൻ പാസുചെയ്യുവാൻ പോയി...ഒരു അഞ്ചുമിനിറ്റിനകം ആൾ പച്ചക്കൊടിയുമായി തിരിച്ചെത്തി.. വീടുകൊള്ളാം...പെണ്ണിന്റെ അമ്മയും അമ്മാവനും ഞങ്ങളെ സ്വീകരിച്ചു...
"ഞങ്ങൾ പണ്ടേ തറവാടികളാ..."എന്ന രീതിയിൽ ഉള്ള ആത്മപ്രശംശ ഒട്ടും കുറക്കാതെ അമ്മാവൻ തറവാട്ടുചരിത്രത്തിന്റെ ഏടുമറിക്കാൻ തുടങ്ങി. ഇതിനിടയിൽ ചായ വന്നു.. ചായകുടിച്ചു കുടിക്കിടയിൽ പെണ്ണു വന്നു "ദാ എന്നെ കണ്ടോളൂ എന്ന് പറയാതെ പറഞ്ഞ്‌ ഞങ്ങൾക്ക്‌ മുമ്പിൽ നിന്നു. കൊള്ളാം തരക്കേടില്ല...നല്ല നിറം..പൊക്കവും ഉണ്ട്‌..മുടിയും ഉണ്ടെന്ന് തോന്നുന്നു....ഒരു സംയുക്താവർമ്മയുടെ ലുക്ക്‌... വീട്ടുകാർ എന്റെ ഫുൾ ഹിസ്റ്ററി അവൾ നിൽക്കലെ ചോദിച്ചറിയ്ന്നതിനിടയിൽ.
"അതേ അവർക്ക്‌ വല്ലതും സംസാരിക്കാൻ ഉണ്ടേൽ.."ബ്രോക്കർ ഇടക്ക്‌ കയറി. എനിക്ക്‌ അതുകേട്ടപ്പോൾ അയാളോടെ എന്തോണ്ടാന്നറിയില്ല വല്യ താൽപര്യം തോന്നി.എത്രയോ പെൺപിള്ളാരുമായി സംസാരിച്ചിരിക്കുന്നു എന്തിനു ഇന്നുതന്നെ മൂന്നാലിടത്തു പെണ്ണുകണ്ടു എന്നാലും എന്തോ ഈ പെണ്ണിനെ കണ്ടപ്പോൾ മനസ്സിൽ ചുമ്മാ ഒരു പെടപ്പ്‌....കഞ്ഞിപ്പശമുക്കി ചിരട്ടപെട്ടിയിൽ തേച്ചുമിനുക്കിയ ചോദ്യങ്ങൾ മനസ്സിൽ അടുക്കിവച്ചിട്ടുണ്ടെങ്കിലും ഒരു ശങ്ക... സംഗതി ചില പരിഭ്രമം ഉണ്ടെങ്കിലും മനസ്സിൽ നല്ല സന്തോഷവും ഉണ്ട്‌..പക്ഷെ അത്‌ അധികം നീണ്ടില്ല...ഒരു അമിട്ട്‌ വിരിയുന്ന നേരം കൊണ്ട്‌ അതങ്ങ്‌ പോയിക്കിട്ടി.
"അല്ല അതുപിന്നീടാകാം...ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ...അവൾടെ കൂടേ താൽപര്യം അറിയണമല്ലോ"പെണ്ണിന്റെ അമ്മാവൻ പറഞ്ഞു.
"എന്നാൽ ശരി....നിങ്ങൾ വിവരം അറിയിക്ക്‌." എന്ന് പറഞ്ഞ്‌ പാപ്പനും ഞാനും ബ്രോക്കറും കൂടെ പുറത്തോട്ട്‌ ഇറങ്ങി..ചുമരിൽ പിടിച്ച്‌ ഷൂസിന്റെ വള്ളികെട്ടുന്നതിനിടയിൽ ഒന്നുകൂടെ ആ വർമ്മയെ നോക്കി പുഞ്ചിരിച്ചു....
"അതേ പെണ്ണുമായി ഒന്ന് സംസാരിക്കാൻ ഗ്യാപ്പുണ്ടാക്കണം..." പോരുന്ന വഴിക്ക്‌ ബ്രോക്കറുടെ പോക്കറ്റിൽ നന്ദിസൂചകമായി ജോർജ്ജൂട്ടിയെ തിരുകിവക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
"അതു ഞാൻ ഏറ്റു..."അയാൾ ചിരിചുകൊണ്ട്‌ പറഞ്ഞു.

വൈനേരം അന്തിക്കാട്ട്‌ ദീപാ ബേക്കറിയിൽ നിന്നും കൊള്ളിവർത്തതും പ്ലം കേക്കും വാങ്ങി തിന്നുകൊണ്ടിരിക്കുന്നതിനിടയിൽ ബ്രോക്കർ വന്നു പറഞ്ഞു.
"അദേ അവർ വിളിച്ചിരുന്നു...ദാ ഈ നമ്പറിൽ ബന്ധപ്പെടാൻ പറഞ്ഞു.പെൺകുട്ടിക്ക്‌ സംശാരിക്കണത്രേ" ദാസേട്ടോ ദേ ഇങ്ങേർക്ക്‌ ഒരു ജ്യൂസും പഫ്സും കൊട്‌ ഞാൻ ദേ വരണൂ.കെ.കെ മേനോന്റെ ബസ്സിനു മുമ്പിലൂടെ അതിനെ മറികടന്നുവന്ന ബൈക്കിടിക്കാതെ എങ്ങനാന്നറിയില്ല ഞാൻ ബൂത്തിൽ കയറിയത്‌.
"ഹലോ..." "ങാ ഇതു പിന്നെ....രാവിലെ വന്നിരുന്നില്ല.."
"ങാ..മോനാണോ....ഞാൻ മോൾക്ക്‌ കൊടുക്കാം." ഹോ ..എന്തൊരു നല്ല അമ്മായിയമ്മ. എനിക്ക്‌ അവരോട്‌ മതിപ്പുതോന്നി....മുമ്പു പെണ്ണുകാണാൻ പോയിടത്തെ അമ്മായിയമ്മ ഇത്രയും സ്നേഹം ഒന്നു കാണിച്ചില്ല. അതോണ്ടെ ഇതു തന്നെ ഉറപ്പിക്കാം... (മേൽ പറഞ്ഞ ടീം ഫോൺ എടുത്താൽ പിന്നെ അവർക്ക് നൂറുകൂട്ടം കാര്യങ്ങൾ പറയാൻ ഉണ്ടാകും പെൺകുട്ടിയോട് സംസാരിക്കാൻ തീരെ ഗ്യപ് തരാറില്ല. അവരാണിപ്പോഴത്തെ അമ്മായിയമ്മ..കല്യാണം കഴിഞതോടെ അവർ സംസാരം കുറച്ചു ഞാനാന്ന് അറിഞാൽ ലാ നിമിഷം ഫോൺ അവൾടെ കയ്യീകൊടുത്ത് കക്ഷി രംഗം വിടും!!! എന്തൊരു ചെയ്ഞ്ച്!)
"ഹലോ.."മറുതലക്കൽ ഒരു കിളീനാദം..
"ങാ ഞാനാണ്‌...പിന്നെ രാവിലെ ചിലത്‌ ചോദിക്കണം ന്ന് കരുതിയിരുന്നു..."
"ഉം"
"പഠിപ്പ്‌ ഇനിയും തുടരുവാനാണോ പരിപാടി...."
"ഉം..പോളികഴിഞ്ഞു ഓപ്പൺ ഡിഗിർ എടുത്തു..ഇനി എം എ ചെയ്യണം എന്ന് ഉണ്ട്‌..."
“ഏത് ഈയ്യറിലാ പോളീൽ പഠിച്ചേ?”...അങ്ങിനെ സംസാരം നീണ്ടു..മീറ്ററിൽ ബില്ലും കൂടിക്കൊണ്ടിരുന്നു..അധികം നീട്ടിക്കൊണ്ടുപോക്കാൻ പറ്റില്ലല്ലോ..ഇമ്മക്ക്‌ ഒരുമദ്യാദയില്ലേ..ഒന്നുമില്ലേലും ആ അമ്മ എന്തുവിചാരിക്കും..ഞാൻ പിന്നീട്‌ വിളിക്കാന്ന് പറഞ്ഞ്‌ കട്ട്‌ ചെയ്തു.
"ബ്രോക്കറോട്‌ എനിക്ക്‌ എന്തെന്നില്ലാത്‌ ബഹുമാനം തോന്നി"അത്‌ ഉള്ളിലൊതുക്കി ശ്രദ്ധിച്ച്‌ റോഡ്‌ ക്രോസ്‌ ചെയ്ത്‌ ബ്രോക്കറുടെ അടുത്തെത്തി.
"ഇമ്മക്ക് സിം‌ലവരെ ഒന്ന് പോയാലോ?” അടുത്ത ഓട്ടോർഷ വിളിച്ച്‌ മനോജിനേം കൂട്ടി കാഞ്ഞാണിക്ക്‌ തിരിച്ചു.
"ദേ ചേട്ടൻ എന്താന്നു വച്ചാൽ കഴിച്ചോളണം..." എന്തൊരു അനുസരണയുള്ള മനുഷ്യൻ...പറഞ്ഞതുപോലെ തന്നെ വിത്തിൻ ഫിഫ്റ്റീൻ മിനിറ്റ്‌ ആൾ ചുട്ടപറ്റ്‌.
"ഡാ ബുഡ്ഡ ഷാളായീന്നാ തോന്നുന്നേ"മനോജ്‌ പറഞ്ഞു.(അടിച്ച്‌ പൂസായി മറ്റുള്ളവരുടെ തോളിൽ കിടന്ന് ബാറീന്നിറങ്ങുന്നവരെ തൃശ്ശൂർക്കാർ പറയുന്നതാണീ ഷാൾ ന്ന്)
മനോജ്‌ ആ ഷാളെടുത്ത്‌ തോളിലിട്ടു ഓട്ടോയിൽ വന്നിരുന്നു. പോണവഴിക്ക്‌ ഓട്ടോർഷ പാംതോടിനു മുമ്പുള്ള കനാലിലെ "ഹമ്പ്‌"കടന്നതും ഷാൾ വാൾ വെച്ചു. വീടെത്തിയപ്പോഴേക്കും ഷാൾ പാമ്പായി രൂപാന്തരം പ്രാപിച്ചിരുന്നു. ഷാൾ മാളത്തിലേക്ക്‌ ഇഴഞ്ഞുപോയീന്ന് ഉറപ്പുവരുത്തി ഞങ്ങൾ പിറ്റുത്തം വിട്ടു.

രാത്രി സ്വസ്ഥമായി പരസ്യമില്ലാത്ത സ്വപ്നങ്ങൾ കണ്ട്‌ കിടന്നുറങ്ങി...നേരം വെളുത്തു അറിഞ്ഞില്ല...
"മാമൻ പാടത്തിക്ക്‌ പോണില്ലേ?"കസിൻ സിസ്റ്ററുടെ മകൾ വിളിച്ചുണർത്തി.ഇനി ഉച്ചക്കേ വല്ലതും വയറ്റിൽ എത്തൂ എന്ന് നല്ലോണം അറിയാവുന്നതുകൊണ്ട്‌ അതും കണക്കാക്കി പുട്ടും കടലയും വെട്ടിവിഴുങ്ങി നേരെ വിട്ടു പാടത്തിക്ക്‌.. ആറാട്ടുപുഴ പൂരം നിരത്തിയപോലെ പെണ്ണുങ്ങൾ കണ്ടത്തിൽ ഞാറു നടാൻ റെഡിയായി നിരന്നു നിൽക്കുന്നു...
"ടാ എന്തായി നിന്റെ പെണ്ണുകാണൽ" വരമ്പത്തുക്കൊടെ പോകായിരുന്ന സരുവെല്ലിമ്മയുടെ ചോദ്യം..നല്ല ഒന്നാംതരം ബി.ബിസിയാണീ സരുവെല്ലിമ്മ.
"ചന്ത്രാപ്പന്നീൽ ഒരെണ്ണം കണ്ടു.. അതേതാണ്ട്‌ ഉറച്ചമട്ടാ.."പാടത്ത്‌ ഞാറുനടാൻ വന്ന പെണ്ണുങ്ങൾക്ക്‌ ഞാറ്റുമുടി എറിഞ്ഞുകൊടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
"എന്നാപിന്നെ ഈ വെയിലുകൊണ്ട്‌ കറക്കാണ്ടെ നീ വല്ല തണലത്തുപോയി നിക്കടാ ചെക്കാ.."
"അയ്നു അവനിനി വെയ്ലുകൊണ്ട് കർത്താലും വെളുത്താലും എന്താ കുഴപ്പം നല്ല കലാഭവൻ മണീടെ പോലത്തെ ഗ്യാരണ്ടികളറല്ലേ?"ശാരദേച്ചീടെ കമന്റ്‌ വന്നു.
"ട്യെ ശാരദേ നീ അറിഞ്ഞോ ആ സോമന്റെ മോൾടെ കാര്യം.."വളരെ ലൈറ്റായി ആ പെൺകുട്ടീടെ കഴിഞ്ഞ ആഴ്ചത്തെ കാര്യങ്ങൾ സഞ്ചാരം എപ്പിസോഡ്‌ പോലെ വിശദമായി അവിടെ ഉള്ളവരോട്‌ വിശദീകരിച്ചു. ദാ ഇതാണ്‌ സരുവെല്ലിമ്മ....
പാടത്തുപണികഴിഞ്ഞു വൈകുന്നേരം മോഹനേട്ടന്റെ മീൻ ഏയ്റ്റീമേ കുടുമ്പത്ത്‌ പോയി കുളിക്കാൻ നിക്കുമ്പോൾ വീട്ടിലുള്ളവർ പറഞ്ഞു.
"ടാ അതേ ചന്താപ്പിന്നീൽ പോയില്ലെ അതു ശരിയാവില്ല"
"അതെന്തുപറ്റി.."
"അത്‌ ചേട്ടനെ പെണ്ണിനു ഇഷ്ടായില്ലാന്നു....നിറം പോരാത്രേ"മേമയുടെ മകളുടെ വിശദീകരണം. "നിന്നോട്‌ ആരാ പറഞ്ഞേ?"
"സരുവെല്ലിമ്മേട അവിടെ വച്ച്‌ ആ ബ്രോക്കറുടെ പെണ്ണു പറഞ്ഞതാ"
"ങേ അപ്പോൾ ഞാൻ അവളൊട്‌ ഇന്നലെ ഇത്രയും നേരം സം്സാരിച്ചപ്പോൾ ഇതൊന്നും പറഞ്ഞില്ലല്ലോ" എന്ന് പറയാൻ തോന്നിയെങ്കിലും അത്‌ ഉള്ളിലൊതുക്കി.

പെണ്ണിനു ഇഷ്ടം അല്ലാന്നു പറഞ്ഞതിൽ അല്ലായിരുന്നു ദുഃഖം അത്‌ സരുവെല്ലിമ്മ കേട്ടതിൽ ആയിരുന്നു.അന്തിക്കാടുപടവുമുതൽ അലപ്പാട്‌-പുള്ള്‌ വരെയുള്ള പാടത്തുപണിക്കുവെരുന്ന പെണ്ണുങ്ങൾ അറിയും...അറിഞ്ഞാൽ പിന്നെ ഈ സീസണിൽ പാടത്തെന്നല്ല അന്തിക്കാട്‌ പ്രദേശത്ത്‌ ഇറങ്ങിനടക്ക്‌ആൻപറ്റില്ല.... കുളിക്കാൻ മിനക്കെടാതെ മോഹനേട്ടന്റെ മീൻ 80 യിൽ അതിന്നുവരെ ഓടാത്തത്ര സ്പീഡിൽ ഓടിച്ച്‌ ബ്രോക്കറെ പോയി കണ്ടു.
"അതിപ്പോ ഞാനെന്തു ചെയ്യാനാ..ചെക്കനു നിറം പോരാന്ന് പെൺകുട്ടി പറഞ്ഞൂത്രേ" നമ്മുടെ ബ്രോക്കറേട്ടൻ പഴം പരുവത്തിൽ വീടിന്റെ ഉമ്മറത്തിരുന്നു പറഞ്ഞു.
"അവളോട്‌ വിളിച്ചു ചോയിച്ചിട്ടു തന്നെ കാര്യം..."ഞാൻ മോഹനേട്ടനോട്‌ പറഞ്ഞു.
"അതേ ഇനിയിപ്പോൾവിളിക്കാനുമ്പറയാനും നിക്കണ്ട..ഇമ്മൾ ആദ്യം ക്ണ്ടതിനു എന്താ കുഴപ്പം..നീയല്ലേ പറഞ്ഞേ നിനക്ക്‌ അയ്നെ മതീന്ന്"
"അയ്നു അവർ മറുപടയോ തരാത്തോണ്ടല്ലേ?"
"അതൊക്ക്കെ ശരിയാവും വാ ..."മോഹനേട്ടൻ എന്നെം കൊണ്ട്‌ നേരെ അന്തിക്കാട്ടു കുളത്തിലേക്ക്‌..നന്നായി ഒന്ന് മുന്ന്ദിക്കുളിച്ചു .. വരണ വഴിക്ക്‌ പതിവുപോലെ കക്ഷി ഒരു ലക്ഷണം നോക്കി പറയുന്ന ഇടത്തെത്തി.മോഹനേട്ടൻ അങ്ങനാണ്‌ വിഷമം വന്നാലും സന്തോഷം വന്നാലും പണിക്കരെ കാണും( ഈ കഥാപാത്രത്തെ വല്ലാണ്ടെ വിശദീകരിക്കുന്നില്ല..എന്നെങ്കിലും സത്യേട്ടൻ അത്‌ സിനിമയിൽ ആക്കിയാലോ? അത്രക്ക്‌ നല്ല ഒരു കഥാപാത്രമാണ്‌ മോഹനേട്ടൻ)
"ആദ്യം കണ്ടതു തന്നെ മോഹനാ..ഇവർക്ക്‌ തമ്മിൽ ഇഷ്ടമാന്നേ..ഇതെന്നെ നടക്കും പിന്നെ എന്തിനാ ഈ പുലിവാലിനോക്കെ നിക്കണേ" രാശിനോക്കി അവർ പറഞ്ഞത്‌ കേട്ട്‌ ഞാൻ ഞെട്ടി..കാരണം മറ്റൊന്നും അല്ല ആദ്യം കണ്ടപെൺകുട്ടിയെ മനസ്സിൽ ഉറപ്പിച്ചിരുന്നതാണ്‌.(ആ കഥ പിന്നീട്‌)പക്ഷെ ഇവർ ഇതെങ്ങിനെ മനസ്സിലാക്കി..
വിശലേട്ടൻ പരായുന്നമാതിരി ഹൗ എവർ ആ കല്യാണം നടന്നു...ഹപ്പിയായി തല്ലൂടി ജീവിക്കുന്നു.....

സരുവെല്ലിമ്മ പിറ്റേന്നുതന്നെ ആവശ്യമായ ഇൻഗ്രേഡിയൻസ്‌ ചേർത്ത്‌ അന്തിക്കാട്ടെ വിശാലമായ കോൾപടവിലേക്ക്‌ ആ വാർത്ത പ്രക്ഷേപണം ചെയ്തു.കേട്ട പെണ്ണുങ്ങൾ അത്‌ റീപ്രക്ഷേപണം നടത്തി.ചുരുക്കിപ്പറഞ്ഞാൽ പാടത്തു കണ്ണുതട്ടാതിരിക്കാൻ വെച്ച നോക്കുകുത്തിവരെ എന്നോട്‌ "ചന്ത്രാപ്പിന്നീൽ പെണ്ണുകാണാൻപോയിട്ട്‌ എന്തൂട്ടാ ഇണ്ടയേ?" എന്ന് ചോദിക്കുന്ന അവസ്ഥവന്നു. എത്രെം വേഗം ലീവുതീർത്ത്‌ പോയാമതീന്നായി എനിക്ക്‌.

ഈ സംഭവം കഴിഞ്ഞ്‌ അന്തിക്കാട്‌ പാടത്ത്‌ മൂന്നാലുതവണ ഞാറിടലും കൊയ്ത്തും ഒക്കെ കഴിഞ്ഞു....പലതവണാ വിസിറ്റു പുതുക്കാൻ ഞാൻ നാട്ടിൽ വന്നുപോയി....എന്റെ കല്യാണവും കഴിഞ്ഞു..കല്യാണം കഴിഞ്ഞു വിരുന്നിനു പോകുന്ന സമയം...കല്യണത്തിനു മുമ്പ്‌ കിട്ടിയ ഗ്യാപ്പിൽ പറയാൻ ഉള്ളതെല്ലാം ഒരുമാതിരി പറഞ്ഞു തീർത്തോണ്ട്‌ കാര്യായൊന്നു പറയാൻ ഉണ്ടായിരുന്നില്ല രണ്ടാൾക്കും.... അങ്ങെനെ ഇരിക്കുമ്പോൾ ഒരീസം ഇരിങ്ങാലക്കുടയിൽ ഉള്ള ഒരു ബന്ധുവിന്റെ വീട്ടിൽ പോയി നാഷ്ണൽ ഹൈവേ ഒഴിവാക്കി (എന്തിനാ വെറുതെ നവദമ്പതികൾ ലിമിറ്റഡ്‌ സ്റ്റൊപ്പിടിച്ച്‌ മരിച്ചു എന്ന് പത്രക്കാർക്ക്‌ എഴുതുവാൻ ഇടനൽകുന്നേൻങ്കരുതി മാത്രം) ഇടവഴിലൂടെ വരുന്ന സമയം "ചന്ത്രപ്പനീലുള്ള അമ്മായീടെ വീട്ടിൽ പോണം" ചന്ത്രപ്പനീന്ന് കേട്ടതും എനിക്ക്‌ ഒരു കലിപ്പ്‌ വന്നു.
"പിന്നെ പോകാം"സംസാരത്തിൽ അതുവരെ ഉണ്ടായിരുന്ന സൗമ്യത "ഠേ"ന്ന് മാറി.
"പിന്നെ അയ്നായിട്ട്‌ വരാൻ നിക്കണ്ട.... എനിക്കിപ്പോ തന്നെ പോണം....ദാ ഇതിലേ ആദ്യത്തെ ലെഫ്റ്റ്‌ എടുത്ത്‌ പോയാമതി.. പോയില്ലേൽ ആന്റിക്ക്‌ വിഷമമാകും"അവൾ നിർബന്ധിച്ചു.
മനസ്സിലാമനസ്സോടെ വണ്ടി തിരിച്ചു.
ഈശ്വരാ ഇതു പണ്ടു പെണ്ണുകാണാൻ വന്ന വീടിന്റെ അടുത്തണല്ലോ...മുന്നോട്ടുപോകും തോറും വണ്ടിക്ക്‌ വേഗത കുറഞ്ഞു. ഒന്നുരണ്ടുതവൺ സ്പീഡ്‌ കുറഞ്ഞതിനു എഞ്ചിൻ എന്നെ അതിന്റെഭാഷയിൽ ചീത്തവിളിച്ചു. ഒടുവിൽ എത്തിയത്‌ മുമ്പ്‌ പെണ്ണുകാണാൻ പോയ വീടിന്റെ തൊട്ടടുത്ത ഗേയ്റ്റിൽ.
“അപ്പുറത്തുള്ളവർ ആരെങ്കിലും കാണാവോ?“ എന്റെ മനസ്സിൽ ഒരു പെടപെടപ്പ്‌.ഹണിമൂണിനിടയിൽ ഈ പഴങ്കത അവളറിയാതെ പൊതിഞ്ഞുവച്ചതിന്റെ ബുദ്ധിമുട്ട്‌ എനിക്കേ അറിയൂ.അറിഞ്ഞാൽ എന്റെ ഇമേജ്‌ എന്താവും....പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? സോമനാഥ ചാറ്റർജിയെ മാർക്കിസ്റ്റാർ കാണുന്നപോലെ ആവില്ലേ ഇവൾ എന്നെ കാണുക...

"അപ്പോൾ എന്നെ ഇഷ്ടാന്ന് പറഞ്ഞിട്ട്‌ വേറെ കല്യാണത്തിനു ശ്രമിച്ചു അല്ലേ? വഞ്ചകാ..ദുഷ്ടാ.." ഈ ഒരു ചോദ്യം അവൾ ചോദിക്കുന്നതായി ഞാൻ പലതവണ ദു:സ്വപനം കണ്ടിട്ടുള്ളതാണ്‌.

ആന്റി വാതിക്കൽ തന്നെ ഉണ്ടായിരുന്നു.ഭാഗ്യം..അപ്പർത്തെ വീട്ടിലേക്ക്‌ നോക്കാതെ വണ്ടി അവരുടെ പോർച്ചിൽ നിർത്തി പരമാവധി സ്പീഡിൽ അവരുടെ വീടിനകത്തേക്ക്‌ കയറി. വിശേഷങ്ങൾ ചിപ്സിന്റെയും മിക്ചറിന്റേയും ഇടയിലൂടെ പുറത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു.ഇതിനിടയിൽ അവൾ ഒരു ചോദ്യം എടുത്തിട്ടു.
"ആന്റി അപ്പുറത്തെ വീട്ടിലുള്ള സംയുക്താവമ്മേടെ പോലത്തെ കുട്ടീടെ കല്യാണം കഴിഞ്ഞോ?" എന്താന്നറിയില്ല ആ ചോദ്യം എന്റെ ചെവിയിൽ കേട്ടതും അതുവരെ സ്മൂത്തായി കുടിച്ചോണ്ടിരുന്ന ചായ തെരുപ്പിൽ കയറി... കാലിൽ നിന്നും ഒരു പെരുപ്പ് മുകളിലേക്ക്.....
"അതേ ഇവിടെ വരണ ചെക്കന്മാരെ ഒന്നുമവൾക്ക്‌ പിടിച്ചോടന്നില്ല, മോൻ അറിയാവോ നിങ്ങൾടെ അടുത്തുന്ന് ഒരു നല്ല ആലോചന വന്നിരുന്നു. ബഹ്‌റൈനിൽ ഉള്ള ഒരു ചെക്കന്റെ ആലോചന ഏതാണ്ട്‌ ഉറച്ചതാ ....ഒടുവിൽ ചക്കനു നിറം ഇല്ലാന്നു പറഞ്ഞ്‌ ഒഴിഞ്ഞു." ചായ തെരുപ്പിൽ പോയി ചുമക്കുന്നതിനിടയിൽ ആ ചോദ്യം ഞാൻ അവഗണിച്ചു.
"എന്നിട്ട്‌?" കല്യാണം കഴിഞ്ഞുമൂന്നുവർഷമായി കഴിഞ്ഞ ഓഗസ്റ്റ്‌ 28 നു കാണാൻ തുടങ്ങീട്ട്‌ നാലരകൊല്ലവും അതിനിടയിൽ ഒന്നും ഇല്ലാത്ത ഒരു ഉത്സാഹത്തോടെ അവൾടെ ചോദ്യം.
"ഒരു ബസ്സിന്റെ കണ്ടക്ട്രറുകൂടെ ഓടിപ്പോയി. അയാൾക്ക്‌ നല്ല പ്രയം ഉണ്ട്... വേറെ ഭാര്യം രണ്ട് കുട്ട്യോളും ഉണ്ട്‌.." യാത്ര പറഞ്ഞ്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോൾ എന്താന്നറിയില്ല അവരുടെ മുറ്റത്തുനിന്ന് ഞാൻ പലതവണ തൊട്ടടുത്തുള്ള വീട്ടിലേക്ക്നോക്കി... തിരക്കുണ്ടെന്നു പറഞ്ഞാണു പുറത്തെക്കിറങ്ങിയ്തെങ്കിലും ആ മുറ്റത്തു നിന്നു അടുത്ത വീട്ടിലേക്കു നോക്കിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊ ഒരു മനസമാധാനം.......

പാരമൊഴി: "ഈ കുന്ത്രാണ്ടം വായിക്കനൊന്നും എനിക്ക്‌ സമയം ഇല്ല " എന്ന എന്റെ ഭാര്യയുടെ ഒറ്റ വാക്കിന്റെ വിശാസത്തിൽ ആണ്‌ ഈ കഥ ഞാൻ ഇവിടെ എഴുതുന്നത്‌.കുടുമ്പം കലക്കികൾ ഇത്‌ അവൾടെ ശ്രദ്ധയിൽ പെടുത്തരുത്‌..പ്ലീസ്‌ ഇമ്മളായിട്ട് വെറുതെ എന്തിനാ കുടുമ്പകോടതീൽ ഒരു കേസുകൂടെ തീർപ്പാകാതെ കിടത്തുന്നെ?

9 Comments:

Blogger paarppidam said...

പാരമൊഴി: "ഈ കുന്താണ്ടം വായിക്കനൊന്നും എനിക്ക്‌ സമയം ഇല്ല " എന്ന എന്റെ ഭാര്യയുടെ ഒറ്റ വാക്കിന്റെ വിശാസത്തിൽ ആണ്‌ ഈ കഥ ഞാൻ ഇവിടെ എഴുതുന്നത്‌.കുടുമ്പം കലക്കികൾ ഇത്‌ അവൾടെ ശ്രദ്ധയിൽ പെടുത്തരുത്‌..പ്ലീസ്‌ ഇമ്മളായിട്ട് വെറുതെ എന്തിനാ കുടുമ്പകോടതീൽ ഒരു കേസുകൂടെ തീർപ്പാകാതെ കിടത്തുന്നെ?

Monday, September 08, 2008  
Blogger j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ചെന്ത്രാപ്പിനിയിലെ കല്ല്യാണം മുടങ്ങിയതും.......ഫീലിങ്സില്‍ ..അന്തിക്കാട്ടു ഷാപ്പില്‍ വെച്ചു മച്ചു “ഷാളായ“ കഥയും സരുവെല്ലമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.............എന്നാലും ആകുട്ടി മച്ചുവുമായുള്ള കല്ല്യാണം ഉറപ്പിക്കാറായപ്പോള്‍......ഒന്നു കെട്ടി രണ്ടു കുട്ടിയുള്ളവനാണേലും വേണ്ടില്ല എന്നോര്‍ത്ത് രക്ഷപ്പെട്ട് ഓടിപ്പോയതാണെന്ന് ഇപ്പോഴാ മനസ്സിലായത്................

പിന്നെ കുന്ത്രാണ്ടംസിന്റെ ഭാര്യ അറിയുന്ന കാര്യം.!!!!!!
മച്ചുവിനെ ഇത്രനാള്‍ സഹിച്ച അ മഹതിക്ക് ഇതെല്ലാം വളരെ നിസ്സാരമായിക്കുമെന്നതിനാല്‍.......ആ പാഴ്സ്രമത്തിനു ഞാനില്ല.......


എന്നാലും എല്ലാം തുറന്നു പറയാന്‍ തയ്യാറായ ആ മനസ്സിനും......അതു നന്നായി വിവരിക്കാന്‍ താങ്കള്‍ക്കുണ്ടായ കഴിവിനെയും ഞാന്‍ അഗ്ഗീകരിക്കുന്നു..................

.....ചുരുക്കിപ്പറഞ്ഞാല്‍ വളരെ നന്നായിട്ടുണ്ട് മാഷേ.........

Tuesday, September 09, 2008  
Blogger paarppidam said...

ഉവ്വെടാ ഗ്യേപ്പിൽ എനിക്കിട്ട് വച്ചോ!!!!
പേരുപറയുന്നില്ല ഒരു വെല്ലിമ്മ ഒരിക്കൽ പള്ളിപ്പുറത്ത് കുഞാഞയുടെ വീട്ടിൽ വിരുന്ന് പോയി പോയി അയ്ലോക്കത്ത് അപ്പോൾ വിരുന്നുവന്ന ചെറുക്കനെ ചെറുതായി ഒന്ന് പരിചയപ്പെട്ടു.നാലിന്റന്ന് പാചaകക്കാരൻ ഗോപ്യേട്ടനു ഒരു ബിരിയാണീന്റെ ഓർഡർ നഷ്ടായി.....കർക്കിടകം തുടങ്ങുന്നതിനു മുമ്പത്തെ അവസാനത്തെ ഞായറാശ്ച നിശ്ചയിച്ച ഒരു ജാതകം കൊടുക്കൽ എങ്ങനാന്നറിയില്ല മുടങ്ങി....

Tuesday, September 09, 2008  
Blogger യാമിനി said...

വളരേ നന്നായിട്ടുണ്ട്........

എന്നാലും ഭാര്യയോട് എല്ലാം തുറന്നു പറയാനുള്ള മനസ്സ് ഇല്ലാതെ പോയതില്‍ മാത്രമേ എനിക്കു വിരോധമുള്ളൂ.......

അതെല്ലാം ജീവിതത്തിലെ ഒരു നേരം പോക്കുകള്‍ മാത്രമായി രസിച്ചു കാണാന്‍ ശ്രമിക്കുക.........

Tuesday, September 16, 2008  
Blogger smitha adharsh said...

എന്നാലും,ആ സംയുക്താ വര്‍മെനെ കാണാന്‍ പോയി ...ന്നുട്ട്.. അത് പോസ്റ്റും ആക്കി...അതും കഴിഞ്ഞു ഭാര്യ അത് കാണല്ലെന്നു...ഞാന്‍ കൂടോത്രം ചെയ്യും..ഉറപ്പായും ചെയ്യും...ഭാര്യ,ഇതു എപ്പോ വായിച്ചൂന്നു ചോദിച്ചാ മതി..
എന്നെകൊണ്ട്,ഇതൊക്ക്യാ ചീയ്യാന്‍ പറ്റൂ.

പറയാന്‍ വിട്ടു..പോസ്റ്റ് കലക്കി.

Friday, September 19, 2008  
Blogger കുമാരന്‍ said...

പെണ്ണുകാണല്‍ വിശേഷങ്ങള്‍ അടിപൊളി

Saturday, November 01, 2008  
Blogger Chullanz said...

പെണ്ണുകാണല്‍ എന്ന ഫാസ്റ്റ്‌ സ്റ്റ്പ്പിലേക്കു കാലിറക്കി വക്കാന്‍ നില്‍ക്കുന്ന എന്നെ പോലുള്ളവറ്‍ക്ക്‌ വേണ്ട്‌ ഗുണപാഠം തരുന്നുണ്ട്‌ ഇത്തരം പോസ്റ്റുകള്‍...

Thursday, December 04, 2008  
Blogger ഗൗരിനാഥന്‍ said...

ഭാര്യ നാട്ടില്‍ തന്നെ ഉണ്ടല്ലൊ ല്ലെ..ബാക്കി കാര്യം ഞാന്‍ ഏറ്റു...

Friday, January 23, 2009  
Blogger Khureishi Beevi said...

What's your wife s Bahrain no?

Tuesday, December 31, 2013  

Post a Comment

<< Home