Wednesday, September 02, 2009

അന്തിക്കാട്ടാരന്റെ കള്ളുടി മുട്ടില്ലാട്ടോ.. .

വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ ഒരാവശ്യം ഇല്ലെങ്കിലും ഇമ്മള്‌ അന്തിക്കാട്‌ നടക്കൽ പോണപോലെ ഓഫീസീന്നെറങ്ങി നേരെ അമേരിക്കക്കും സുഡാനിൽക്കും പോണമൊതലാളി പന്നിപ്പനിപേടിച്ച്‌ എയർപ്പോർട്ടിന്റെ മണ്ടേക്കുടെ വരെ പോണില്ല.പത്തുപന്ത്രണ്ട്‌ ബെഡ്‌റൂമുള്ള ഒരു വില്ലകാരണം കഴിഞ്ഞ ഒരാഴ്ചയായി യാതൊരു ഒഴിവും ഇല്ല.കൂടെ ഉള്ളോർക്കൊപ്പം നോംബും എടുക്കണോണ്ട്‌ അത്യാവശ്യം അതിന്റെ ക്ഷീണവും ഉണ്ട്‌. വരാൻ വൈകണോണ്ട്‌ പോകാൻ വൈകുന്ന ഉദാരമനസ്കരനായ ക്ലൈന്റിനെ പറ്റി വന്ന അന്നുതന്നെ ശരിക്ക്‌ മനസ്സിലാക്കിയിരുന്നു. അതോണ്ടെ ഓണം ആഘോഷിക്കണേൽ മുങ്ങുകയല്ലാതെ വേറെ വഴിയൊന്നും ഇല്ല.

ഒരുവിധപ്പെട്ട ഉടായ്പൊന്നും മൊതലാളിയുടെ അടുക്കൽ നടക്കില്ല. ഒടുക്കം ഞാൻ ആ അറ്റകൈ തന്നെ പ്രയോഗിച്ചു.സ്കൂളിൽ ഹിന്ദിപരീക്ഷക്ക്‌ പ്രയോഗിക്കണ ആ മാന്ത്രിക വാക്ക്‌... ഏതൊരു മുതലാളിയും തോറ്റുപോകുന്ന ആ വലിയ വാക്ക്‌...അതെ "ഇമ്മടെ വയറുവേദന."

ഓണത്തിന്റെ അന്ന് ലീവെടുത്ത്‌ കുടുമ്പത്തിരിക്കുന്നതിന്റെ കുരിശ്‌ മനസ്സിലായത്‌ ചേന,കായ,സബോള തുടങ്ങിയ വില്ലന്മാർ ഒരു കത്തിയുടേയും കട്ടിംഗ്‌ ബോർഡിന്റേയും അകമ്പടിയോടെ മുന്നിൽ എത്തിയപ്പോളാണ്‌. വി.എസ്സ്‌ വിജയനെ നോക്കണപോലെ ഒരു നോട്ടം ഞാൻ നോക്കി....
"അതേ ഭാര്യയെ ഒന്ന് സഹായിക്കണോണ്ട്‌ ഒരു കുഴപ്പവും ഇല്ല... ഇമ്മക്ക്‌ രണ്ടാൾക്കും കഴിക്കാൻ തന്നെ അല്ലേ...ആ ശശിയേട്ടൻ ചേച്ചിയെ സഹായിക്കറുണ്ടെന്ന് പറഞ്ഞത്‌ കേട്ടില്ലേ?
പേരിൽ കൈതമുള്ളെന്ന് ഒരു ആർഭാടത്തിനു വച്ചിരിക്കുന്നു എങ്കിലും ഇന്നേവരെ എന്നോട്‌ സ്നേഹത്തോടെ പെരുമാറുകമാത്രം ചെയ്തിട്ടുള്ള അങ്ങേരു ഒരു കൈതമുള്ളാന്ന് മനസ്സിലായത്‌ അപ്പോളാണ്‌..
നല്ലൊരു ഓണായിട്ട്‌ ഞാനെന്തിനാ പട്ടിണി കിടക്കുന്നേന്ന് വിചാരിച്ച്‌ മാത്രം മോന്തേമ്മെ നിറയെ പുട്ടിയിട്ടു, ലിഫ്റ്റിക്കിട്ടനുണകൾ നിരത്തി താരകൊന്തികൾ പല്ലിളിക്കുന്നതും നോക്കിചേനയെയും സംഘത്തേയും വെട്ടിനുറുക്കി ഒരു പരുവമാക്കി പാത്രത്തിൽ ഇട്ടു അടുക്കളിയിലേക്ക്‌ സെന്റ്ചെയ്തു.

പുള്ളിക്കാരി സാമ്പാറിന്റെ കഷ്ണങ്ങൾ കുക്കറിലേക്കു അപ്‌ലോഡു ചെയ്യുന്നതിലേക്കു ശ്രദ്ധതിരിഞ്ഞതും ഞാൻ സ്കൂട്ടായി. ഫോണെടുത്ത്‌ ഗുണ്ടകളുടെ സ്വന്തം നാട്ടിലേക്ക്‌ വിളിതുടങ്ങി.
"ഹലോ...ങാ ഇതു ഞാനാ മോഹനേട്ടോ....ഓണക്കൊക്കെ എവിടെ വരായയി.."
"ഹലോ ....ഹലോ... ഓണമൊക്കെ ഇങ്ങനെ പോണൂ..അവിടെ എന്താ വിശേഷം.....ഓണായിട്ട്‌ മൊടക്കുണ്ടോ
"ഹേയ്‌ മുടക്കെടുത്തു ..അവിടെ എന്താണ്‌ വിശേഷം..."
"ഇവിടെ രാമചന്ദ്രനും,രാമുട്യേട്ടനും ഒക്കെ പോയതോടെ എന്തോന്ന് ഓണം...എന്നാലും പിള്ളേരൊക്കെ ഉഷാറാണ്‌....കാലത്ത്തന്നെ ഓരോർത്തരു പാമ്പുകളിതുടങ്ങി..... വൈനേരാവുമ്പോൾക്കും പുലിക്കളിയാകും...അതേ നിന്റെ ചങ്ങാതി ജെ.പി വന്നിട്ടുണ്ടെന്ന് കേട്ടു...അവനോട്‌ പോണേലു മുമ്പ്‌ എന്നെ ഒന്ന് കാണാൻ പറ....." "അതെന്തിനാ മോഹനേട്ടോ..."
"ടാ കോളീന്ന് കുറച്ച്‌ മീൻ പിടിച്ച്‌ വർത്ത്‌ കൊടത്താക്കാടാ...അല്ലാണ്ടെന്തിനാ...."
"അവിടെ ആരാ ബഹളം വെക്കുന്നേ?" "അത്മ്മടെ ഗോപാലനാ....ഞാൻ കൊടുക്കാം"
"ടാ നിനക്കും പെണ്ണിനും സുഖല്ലേ? പണിയൊക്കെ എങ്ങിനെ ഉണ്ട്‌....?" "കൊഴപ്പം ഇല്ലാണ്ടെ പോണു ഗോപാലേട്ടോ...."
"അതുകേട്ടാൽ മതി...വരുമ്പോ പണ്ടത്തെ ബ്ലോഗ്ഗ്‌ കൊണ്ടരാൻ മറക്കരുത്‌ ടോ..."
"ഹേയ്‌ അതു കൊണ്ടരും ഗോപാലേട്ടോ...."
"നമ്മടെ രാമേന്ദ്രന്റെ ചെക്കൻ ഇല്ലേ അവിടെ....അവനെ നീ കാണാറുണ്ടോ..വെയ്‌ലുകൊണ്ട്‌ ആ ചെക്കൻ കറത്തോ?"
"ഹേയ്‌ അവൻ ഉഷാറാണ്‌..കമ്പനി ഫുഡ്‌ കൊടുക്കണോണ്ട്‌ ആൾ ഇങ്ങപ്പന്റെ മൂരീടെ പോലെ ആകെ ഒന്ന് കൊഴുത്തിട്ടുണ്ട്‌..."
"ഉം നീ എന്തൂട്ട ചവക്കണ്‌.." "ഒരു കഷണം കൊള്ളിക്കെഴങ്ങാ ഗോപാലേട്ടോ..."
"ടാ എന്തൂട്രാ ഇത്‌ ഒരോണായിട്ട്‌ പരിപാടിയൊന്നും ഇല്ലേ?.."
"ഇമ്മളു ചെമ്പൻ അടിക്കില്ലാന്ന് അറിയില്ലേ ഗോപ്പാലേട്ടോ...അല്ല ഗോപാലെട്ടോ ഉത്രാടായിട്ട്‌ ബാറൊക്കെ അടവായിരുന്നൂന്ന് കേട്ടല്ലോ?":
"ഉം നിന്നെ എനിക്കറിഞ്ഞൂടേടാ കള്ളാ പെണ്ണിനെ പേട്യാ അല്ലേ....അതേ അക്കരത്തെ എം.എൽ.എ ടി.എൻ പ്രതാപേട്ടൻ ഉത്സാഹിച്ച്‌ ഉത്രാടത്തിന്റെ അന്ന് ബീവറേജും ബാറും അടപ്പിച്ചാലും അന്തിക്കാട്ടാർക്ക്‌ കള്ളുടി മുടങ്ങില്ലാട്ടോ........ഇമ്മക്ക്‌ ഇമ്മടെ സ്വന്തം ദേശീയപാനീയം..അതെ അന്തിക്കാടിന്റെ സ്വന്തം ചെത്തുകാർ ചെത്തിയിറക്കിയ നാടൻ കള്ള്‌....... അതേ വർത്താനം പറഞ്ഞിരിക്കാൻ നേരമില്ലാ ഗോപി ഒരു കുപ്പിയുമായി വരണുണ്ട്‌.....അന്തിക്കാട്ടാരന്റെ കള്ളുടുമുട്ടിക്കാൻ ആരും ആയിട്ടില്ല മോനേ...ഒകെ

Tuesday, June 16, 2009

ശമ്പളം വേണോ അതോ ശാകുന്തളം വേണോ?

"ബിനുമോൻ..നാളെ വരുമ്പോൾ അഛനേം കൂട്ടികൊണ്ടുവന്നിട്ട്‌ ക്ലാസിൽ കയറിയാൽ മതി" മലയാളം പരീക്ഷാപേപ്പർ കുട്ടികൾക്ക്‌ നൽകുന്നതിനിടയിൽ ഒമനക്കുട്ടിടീച്ചർ പറഞ്ഞു.
"ശരി ടീച്ചർ.."ക്രിക്കറ്റുകളിയിള്ള ദിവസം എങ്ങിനെ പുറത്തുചാടം എന്ന് ചിന്തിച്ചിരുന്ന മറ്റുള്ള ചെക്കന്മാർക്ക്‌ അസൂയസമ്മാനിച്ചുകൊണ്ട്‌ ടീച്ചറുടെ വാക്ക്‌ കേൾക്കേണ്ടതാമസം ചുള്ളൻ സൂട്ടായി.

ബിനുമോനെ അറിയില്ലേ. നാട്ടുകാരുടെ കയ്യിൽ കാശുളോടത്തോളം കാലം ഞാൻ കള്ളുകുടിക്കും എന്ന പോളിസിയുമായി നടക്കുന്ന ദാസേട്ടന്റെ മൂത്തപുത്രൻ.തലതെറിച്ച തെങ്ങിനു കൊലവന്ന ഇനത്തിൽ പെട്ടവൻ.ദാസേട്ടൻ കണ്ടാൽ അയ്യപ്പ ബൈജുവിന്റെ ട്വിൻ ബദറാണെന്നേ ആരും പറയൂ... ആ രൂപവും നടപ്പും കിടപ്പും എല്ലാം സെയും ഡിറ്റൊ.

കാര്യം ദാസേട്ടൻ കള്ളുകുടിയൻ ആണെങ്കിലും പഴയ എം.എ കാരനാണ്‌.കള്ളുഷാപ്പിലെ ചർച്ചകളിൽ കക്ഷിയാണ്‌ മോഡറേറ്റർ. അന്താരഷ്ട്രകാര്യം മുതൽ അന്തിക്കാടെ കാര്യങ്ങൾ വരെ സദാ നിരീക്ഷിക്കുന്ന എന്തിനെപറ്റിയും സ്വന്തമായി ഒരു അഭിപ്രായം ഉള്ള കക്ഷി.
"ദാസനോടു തർക്കിച്ചാൽ പന്ന്യൻ വരെ പത്തിമടക്കും" എന്നാണ്‌ നാട്ടിലെ സംസാരം.

ക്ലാസീന്നു പോന്ന ചെക്കൻ നേരെ ഷാപ്പിലെത്തി പിതാശ്രിയെ തപ്പിയെടുത്തു."ഉം എന്തേടാ നേരത്തെ പോന്നേ"
"എന്നെ ക്ലാസീന്നുപുറത്താക്കി... അഛനോട്‌ നാളെ സ്കൂളിൽ ചെല്ലാൻ പറഞ്ഞു"
"നീ എന്താ വല്ല പെൺകുട്യോൾക്കും എസ്‌.എം.എസ്‌ അയച്ചോ?"
'ഹേയ്‌.. എന്തിനാന്ന് പറഞ്ഞില്ല...പുറത്താക്കി"
"എന്തിനാന്ന്പറയാതെ പുറത്താക്കേ.അങ്ങനെ പുറത്തക്കിയാൽ പുറത്താവാനാണോ നിന്നെ ഞാൻ സ്കൂളിൽ അയക്കുന്നേ.... നീ വാ ഞാനിപ്പോ തന്നെ ചോദിക്കാം...."
"അതെ അഛൻ പോക്കോ ഞാൻ സ്കോർ എന്തായിന്ന് നോക്കട്ടെ..."അതും പറഞ്ഞ്‌ ചെക്കൻ തന്റെ സൈക്കിളിൽ പറന്നു.

രാമൻ കള്ളുമായി വരുന്നത്‌ കാത്തിരിക്കായിരുന്നു ദാസേട്ടൻ.അവൻ വന്ന് അളന്ന കള്ളീന്ന് ഒരു കുപ്പി അകത്താക്കി ദാസേട്ടൻ മോഹനേട്ടന്റെ എം.എയ്റ്റിയിൽ നേരെ സ്കൂളിലേക്ക്‌ വിട്ടു.
"അതേ പണ്ടും ആ പടികയറാൻ എനിക്ക്‌ താൽപര്യമില്ല.നീ പോയി വേഗം വാ."മോഹനേട്ടൻ ഗേറ്റിനു മുമ്പിൽ വണ്ടി നിർത്തി ദാസേട്ടനെ യാത്രയാക്കി.ദാസേട്ടൻ ചെല്ലുമ്പോൾ ക്ലാസിൽ ഓമനക്കുട്ടി ടീച്ചർ പഠിപ്പിച്ചോണ്ടിരിക്കുന്നു.വരാന്തയിൽ ദസേട്ടനെ കണ്ടതും ടീച്ചർ ക്ലാസുനിർത്തി അടുത്തെക്ക്‌ ചെന്നു.

"ഉം എന്താ?"
"ഞാൻ ദാസൻ...എന്റെ ചെക്കനെ പുറത്താക്കീന്ന് കേട്ടു....എന്താകാര്യം?"കള്ളിന്റെ വാട ടീച്ചറുടെ മുഖത്തെക്ക്‌ അടിച്ചു.അവർ അൽപം മാറിനിന്നു.
"കാര്യം എന്താന്ന് ഇതിൽ ഉണ്ട്‌..ശാകുന്തളത്തെ പറ്റി സ്വന്തം ഭാഷയിൽ എഴുതാൻ പറഞ്ഞതാ...ദാ വായിച്ചുനോക്ക്‌ എന്നിട്ട്‌ പറയാം ഭാക്കി..." ടെബിളിൽ നിന്നും ഉത്തരക്കടലാസ്‌ എടുത്ത്‌ ദാസേട്ടനു നൽകി.

ദാസേട്ടൻ ടീച്ചർ നൽകിയ ഉത്തരക്കടലാസ്‌ ഒന്ന് നോക്കി.കൊട്ടേഷൻ ടീം കൈകാര്യം ചെയ്ത ശരീരം പോലെ അതിൽ നിറയെ ചുവന്ന വെട്ടുകൾ.അതിൽ സർക്കാർ ആശുപത്രീൽ തുന്നലിട്ടപോലുള്ള അക്ഷരങ്ങൾ...ടീച്ചർ ചൂരൽ കൊണ്ട്‌ തൊട്ടുകാണിച്ച സ്ഥലത്തുനിന്നും ദസേട്ടൻ വായിക്കാൻ തുടങ്ങി.

23. വിദേശത്ത്‌ ജോലിയുള്ള കണ്ണൻ മാഷ്ടെ ഒരേ ഒരുമകൾ ആയിരുന്നു ശകുന്തള. പേരിൽ പഴയമയൂണ്ടെന്നതൊഴിച്ചാൽ ചിന്തയിലും പ്രവർത്തിയിലും അടിമുടി ഒരു മോഡേൺ ഗേളായിരുന്നു അവൾ. പഠനവിഷയങ്ങളേക്കാൾ പാഠ്യേതരവിഷയങ്ങളിൽ അവൾ മികവുകാട്ടി. ഒടുവിൽ പൊറുതിമുട്ടി സ്കൂളിൽ നിന്നും പുറത്താക്കുന്നിടം വരെ എത്തി കാര്യങ്ങൾ....അസൂയക്കാരുടേയും യാദാസ്ഥികരുമായ ആളുകളുടെ ഇടയിൽ ഇനിയും നിർത്തിയാൽ അവൾടെ ഭാവി കൂമ്പടഞ്ഞുപോയാലോ എന്ന ചിന്തയിൽ കണ്ണൻമാഷ്‌ കുടുമ്പത്തെ നഗരത്തിൽ ഒരു ഫ്ലാറ്റുവാങ്ങി അതിലേക്ക്‌ പറിച്ചുനട്ടു.

നഗരത്തിൽ എത്തിയ ശകുന്തള അവിടത്തെ ബ്യൂട്ടിപാർളറുകളിലും,ഐസ്ക്രീം പാർളറുകളിലും രാവും പകലും നോക്കാതെ തന്റെ സ്കൂട്ടിയിൽ പാറിനടന്നു.ഒടുവിൽ ഒരു വണ്ടിന്റെ രൂപമുള്ള ഓട്ടോ ഇടിച്ചുതെറിപ്പിച്ചപ്പോൾ കാലിന്റെ ഞെര്യാണിതെറ്റി കുറച്ചുദിവസം ബെഡ്‌ റസ്റ്റ്‌ എടുക്കേണ്ടിവന്നു.അതായിരുന്നു ശകുന്തളയുടേ ജീവിതത്തെ മാറ്റിമറിച്ച സംഭവത്തിന്റെ തുടക്കം.

ഫ്ലാറ്റിൽ ഇരുന്ന് ബോറടിച്ച അവൾ വെറുതെ ഒരു നമ്പറിലേക്ക്‌ മിസ്കോൾ വിട്ടു.എസ്‌.എം.എസ്‌ അയച്ചാൽ ഇൻഷൂറൻസ്‌ കമ്പനിക്കാരുടെ റേപ്രസന്റിറ്റീവ്‌ വരണതിലും സ്പീഡിൽ മറുകോൾ വന്നു.
"ഹലോ ഞാൻ ദീപക്ക്‌ കുട്ടീടെ പേരെന്താ?" മറുതലശബ്ദം.
"ശകുന്തള......"
"ശകു എന്തുചെയ്യുന്നു....." അതിൽ തുടങ്ങി ഒന്നാരമണിക്കൂർ നീണ്ട കുറുങ്ങലിനു ശേഷം ചാർജ്ജില്ലാന്ന് പറഞ്ഞ്‌ മറുതല കട്ടുചെയ്തു.കട്ടുചെയ്യുന്നതിനു മുമ്പ്‌ ഇരുവരും ഫോണിൻ കിസ്സ്‌ കൈമാറുവാൻ മറന്നില്ല.

അന്നുപിന്നെ ആർക്കും വിളിക്കുവാനോ വന്ന വിളികൾക്ക്‌ മറുപടി പറയുവാനോ അവൾക്ക്‌ തോന്നിയില്ല.പിറ്റേന്ന് പലതവണ അവൾ ആ നമ്പറിലേക്ക്‌ ട്രൈചെയ്തെങ്കിലും അപ്പോഴെല്ലാം ടേലിഫോൺ പരാതി നമ്പർ പോലെ എങ്കേജ്ഡ്‌ ആയിരുന്നു ഫോൺ. അതോടെ ഉപ്പൂറ്റിയിൽ ആണികൊണ്ട വാർക്കപ്പണിക്കാരന്റെ അവസ്ഥയിൽ ആയി അവൾ.

ട്രൈ ചെയ്തു ട്രൈചെയ്തു വിരലിലെ നെയിൽ പോളീഷുവരെ പോയി. ഒടുവിൽ ഒരുതവണ ഫോൺ കിട്ടി...പരിഭവവും സോറിയുമായി നീണ്ട കിന്നാരം തീരുമ്പോൾ മണിമൂന്ന്.അധികം വൈകാതെ ഇരുവരും കണ്ടുമുട്ടി.മുട്ടിയപാടെ നേരം കള്യാതെ ഫഞ്ചുനിർമ്മിത കിസ്സ്‌ കൈമാറി.. തുടർന്ന് ഒരാഴ്ചത്തെ ഡേടിങ്ങ്‌.മൂന്നാറിലും ആലപ്പുഴയിലെ കായലിലും സന്തോഷകരമായ ഡേടിങ്ങ്‌ കഴിഞ്ഞു പോരാൻ നേരം ഒരു ഡൈമണ്ട്‌ റിങ്ങ്‌ അവൻ അവൾക്ക്‌ സമ്മാനിച്ചു .


ഡേറ്റിങ്ങ്‌ കഴിഞ്ഞുവന്ന് ഒരുമാസം കഴിയുമ്പോഴേക്കും ഡേറ്റിങ്ങിന്റെ റിസൽറ്റ്‌ വന്നു. A പ്ലസ്സ്‌.തനിക്ക്‌ ഏപ്ലസ്സ്‌ കിട്ടിയവിവരം അവൾ മമ്മിയോട്‌ പറഞ്ഞു.മമ്മി അതു ഡാഡിയോട്‌ പറഞ്ഞു.ഡാഡി നിമിഷങ്ങൾക്കകം പണം നാട്ടിലെത്തിക്കുന്ന സ്ഥാപനത്തിലേക്ക്‌ പറന്നു.പണം കയ്യിൽ കിട്ടിയതോടെ മമ്മിഹാപ്പി..

ഇതിനിടയിൽ പഴയ ഫോൺ നമ്പറിൽ നിന്നും കോൾ വന്നു.കാര്യം പറഞ്ഞതോടെ മറുതല കട്ടായി.സംഗതി എന്തായാലും അയ്യോടാ ഫ്ലാറ്റ്‌ സിങ്ങറിന്റെ എലിമിനേഷൻ റൗണ്ടിൽ പുറത്തയവരെ പൊലെ മോങ്ങാൻ ഒന്നും അവൾ നിന്നില്ല. കാലത്തുതന്നെ ഡാഡിയയച്ചപൈസയുമായി അറിയപ്പെടുന്ന ആശുപത്രീൽ പോയി സർവ്വീസുനടത്തി വരണ വഴിക്ക്‌ അഞ്ഞൂറു രൂപയുടെ ഒരു റീച്ചാർജ്ജ്‌ കൂപ്പണും, ഗോൾഡൻ അക്വാറിയത്തിൽ നിന്നും തന്റെ വീട്ടിലെ അക്വേറിയത്തിലിടുവാൻ മീനും വാങ്ങി പോന്നു.


"എങ്ങനെയുണ്ട്‌ മോന്റെ പുതിയ ശാകുന്തളം..?"അരിശത്തോടെ ടീച്ചർ ചോദിച്ചു.
"ഇതാണോ ഇപ്പോ വല്യകാര്യം.എന്റെ ടീച്ചറേ ഞാൻ പഠിക്കണകാലത്തുതന്നെ കരുതീതാ ഈ ശാകുന്തളം ഒന്ന് മാറ്റി എഴുതണന്ന്.അന്നതു സാധിച്ചില്ല പോട്ട്‌.അചഛനു പറ്റാത്തത്‌ മോൻ ചെയ്യുമ്പോൾ അഭിനന്ദിക്കല്ലേവേണ്ടത്‌."

സ്വതവേ പ്രഷറിന്റെ അസുഖം ഉള്ളയാളാണ്‌ ഓമനക്കുട്ടിടീച്ചർ.കുട്ടേട്ടന്റെ വർത്താനം കൂടെ കേട്ടപ്പോൾ അവർക്ക്‌ കലികയറി.പരിസരം മറന്ന് പൊട്ടിത്തെറിച്ചു.

"തോന്ന്യാസം എഴുതിവച്ചതിനെ അഭിനന്ദിക്കാനോ.നാലു പെടവച്ചുകൊടുക്കാ വേണ്ടത്‌...അതെങ്ങനാ കുടിച്ച്‌ വെളിവില്ലാണ്ടെ നടക്കുന്ന തനിക്കൊക്കെ എങ്ങനാ മക്കൾടെ ഈ വക കര്യങ്ങൾ മനസ്സിലാകുക"
" ടീച്ചർ ചൂടാകാതെ...ഇതിൽ ക്വസ്റ്റ്യൻ തയ്യാറാക്കിയവർക്കാണ്‌ തെറ്റുപറ്റിയത്‌..." കുഞ്ഞമ്മദ്‌ സ്റ്റെയിലിൽ ഉള്ള തന്റെ താടി ഉഴിഞ്ഞുകൊണ്ട്‌ ദാസേട്ടൻ പറഞ്ഞു.
"ചോദ്യത്തിന്താടോ കുഴപ്പം?"
"സ്വന്തം ഭാഷയിൽ വിശദീകരിക്കുക എന്നെഴുതിയാൽ അവൻ പിന്നെ ടീച്ചറുടെ ഭാഷയിൽ ആണോ ഉത്തരം എഴുതേണ്ടത്‌...അതേ ടീച്ചർ ഒരു കാര്യം മനസ്സിലാക്കണം എല്ലാത്തിനും നിങ്ങൾ വിചാരിക്കണ പോലെ ഉത്തരം കിട്ടണം എന്ന് വാശിപിടിക്കരുത്‌.അത്‌ ജനാധിപത്യപരം അല്ല..."
"അതുശരി അപ്പോൾ താൻ എന്നെ ജനാധിപത്യ പഠിപ്പിക്കാൻ വന്നിരിക്കാ..."ടീച്ചർക്ക്‌ ദേഷ്യം അരിച്ചുകയറി...

" ശ്‌...ടീച്ചർമ്മാർക്കൊരു വിചാരം ഉണ്ട്‌ അവർക്ക്‌ എല്ലാം അറിയാമെന്ന്...അതേ ടീച്ചറേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുന്നവനാ ഈ ദാസൻ. ടീച്ചർക്ക്‌ വല്ല സംശവും ഉണ്ടേൽ എന്നോട്‌ ചോദിക്ക്‌."
"എനിക്ക്‌ ഒരു സംശവും ഇല്ല....താൻ കുറച്ച്‌ മാന്യനാകും എന്നാ കരുതിയത്‌..."
"മാന്യതയുടെ കാര്യം അവിടെ നിക്കട്ടെ....വായനയുടെ കാര്യം പറ...ടീച്ചർ വല്ലപ്പോളും വായിച്ചിട്ടുണ്ടോ? അല്ല വല്ലതും വായിചെങ്കിലല്ലേ സംശയം തോന്നൂ...."ദാസേട്ടൻ ഫോമിലായതോടെ പിള്ളാർക്കും ഇന്ററസ്റ്റായി.അവരിൽ ചിലർ ഇരുനിടത്തുനിന്നും എഴുന്നേറ്റു.ടീച്ചറാകട്ടെ പുലിവാലു പിടിച്ച അവസ്ഥയിലും.

"കാലാകാലങ്ങളിൽ സർക്കാർ അച്ചടിക്കുന്ന പുസ്തകത്തിൽ അല്ലാണ്ട്‌ മലയാള സാഹിത്യത്തിൽ നടക്കുന്ന് മാറ്റങ്ങളെ പറ്റി വല്ലതും അറിയോ?...ഉദാഹരണമായിട്ട്‌ വടക്കൻ പാട്ടും, മഹാഭാരതവും,പെരുന്തച്ചന്റെ കഥയുമൊക്കെ എം.ടി മാറ്റിയെഴുതിയത്‌ ടീച്ചർക്ക്‌ അറിയോ..."
"ഉം അതു ഈ തോന്ന്യാസവും തമ്മിൽ എന്താടോ ബന്ധം?സമയം മിനക്കെടുത്താതെ താൻ പോകാൻ നോക്ക്‌ എനിക്ക്‌ ക്ലാസെടുക്കണം"ടീച്ചർ തടിയൂരുവാൻ നോക്കി.

"അതുസാരമില്ല ഏതായാലും ഞാൻ മിനക്കെട്ട്‌ വന്നതല്ലേ...അപ്പോൾ നമ്മൾ പറഞ്ഞുവന്നത്‌ ബന്ധത്തെപറ്റി..ആ ഇതും അതും തമ്മിൽ ബന്ധമുണ്ട്‌....അന്ന് കാലങ്ങളായി പറഞ്ഞുവന്ന കഥ എം.ടി മാറ്റിപ്പറഞ്ഞപ്പോ ടീച്ചർക്ക്‌ വല്ലപരാതിയും ഉണ്ടായോ?"
"ഇല്ല...മാതമല്ല അത്‌ എം.ടിയല്ലേ?.
"ഇതാണ്‌ പറയുന്നത്‌ അവർക്കൊക്കെ എന്തും ആകാമെന്ന്....അവരൊക്കെ എഴുതിയാൽ അതിനു അംഗീകാരം... അവാർഡ്‌.എന്റെ മോനെഴുതിയപ്പോ അവൻ ക്ലാസീന്ന് പുറത്ത്‌...അതേ ടീച്ചറൊരു കാര്യം മനസ്സിലാക്കണം.എന്നെപോലുള്ള രക്ഷിതാക്കൾ പിള്ളാരെ പഠിക്കാൻ പറഞ്ഞയക്കണോണ്ടാ ഈ ഉസ്കൂളൊക്കെ നിലനിൽക്കണത്‌.ഇംഗ്ലീഷുമീഡിയത്തിൽ പറഞ്ഞയക്കാൻ പറ്റാഞ്ഞിട്ടല്ല.ടീച്ചർമ്മാർ കഞ്ഞികുടിച്ചോട്ടെ എന്നുകരുതീട്ടാ...."

അന്തം വിട്ടുനിന്ന ടീച്ചറുടെ മുഖത്ത്‌ നോക്കി ന്യൂസവറിൽ പങ്കെടുക്കുന്ന പാർട്ടിക്കാരെപ്പോലെ ദാസേട്ടൻ തന്റെ വാദം തുടർന്നു.

"ഭാഷമരിക്കുന്നു നശിക്കുന്നൂന്നൊക്കെ മൈക്കിനു മുമ്പിൽ വല്യ സാംസ്കാരിക നായ(?)കന്മാർ വല്യവായിൽ വിളിച്ചുകൂവുന്നത്‌ കേൾക്കാം... എങ്ങനാ ഭാഷനശിക്കാണ്ടിരിക്കാ...പുതിയ മുകുളങ്ങളെ മുളയിലേ നുള്ളുന്ന വിദ്യഭാസ സമ്പ്രദായത്തിൽ ഭാഷമാത്രല്ല പിള്ളാരും നശിച്ചുപോകേ ഉള്ളൂ....ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ടീച്ചർക്ക്‌ ശമ്പളം അതോ ശാകുന്തളം വേണോ ഇപ്പോ തീരുമാനിച്ചേക്കണം...ഒക്കെ...."

Tuesday, December 23, 2008

ക്രിസ്മസ്സല്ലേ ഇമ്മക്ക് ആർമ്മാദിക്കല്യേ

നീയ്യില്ലാതെ എനിക്കെന്ത്‌ ആഘോഷം എന്ന് കുപ്പിയെ പുണർന്ന് ഉറക്കെ പറയുന്ന, കുടികഴിഞ്ഞാൽ സകല പാപവും ഏറ്റുപറയുന്ന ഗോപാലേട്ടനും,
"നല്ല പന്ന്യർചികൂട്ടി തുള്ളിയടിക്കാതെ എന്തൂട്‌ണാ ക്രിസ്തുമസ്സ്‌" എന്ന് പറയുന്ന അന്തോണ്യേട്ടൻ, ക്രിസ്മസ്സിനും പുത്തൻപീട്യ പള്ളിപ്പെരുന്നാളിനും അടിയുണ്ടാക്കിയില്ലേൽ താൻ ചത്തുപോയീന്ന് നാട്ടുകാർ കരുതും എന്ന ഒറ്റ തെറ്റിദ്ധാരണയുടെ പേരിൽ മാത്രം കൊല്ലങ്ങളായി അലബുണ്ടാക്കുന്ന മറ്റു സുഹൃത്തുക്കൾക്കും അന്തിക്കാട്ടെ ദീപാബേക്കറിയിലെ ചില്ലുകൂട്ടിലിരിക്കുന്ന "തീറ്റപ്രായം" കഴിഞ്ഞ കേക്കുകൾ,പള്ളിയിലേക്ക്‌ പാതിരാകുർബാനക്ക്‌ പോണ പെൺപിള്ളാരെ നോക്കിനിൽക്കുന്ന ബ്രദേഴ്‌ അവരുടെ നോട്ടങ്ങൾ പ്രതീക്ഷിച്ച്‌ കാലുമ്മെ അമ്മി കെട്യമാതിരി മന്ദം മന്ദം നടന്നുനീങ്ങുന്ന യങ്ങ് സ്തീകൾസ്‌ (സിസ്റ്റേഴ്സ്‌ എന്ന് പറയാൻ ഞാൻ ഇനി ഇറ്റലീ പോയി പെണ്ണുകെട്ടാൻ ഒരുക്കമല്ല)
വയനാട്ടിലെ കാര്യമ്പാടി പള്ളിയിൽ വച്ച്‌ ഒരു ക്രിസ്തുമസ്സിന്റന്ന് "നീ ഒരു സുന്ദരിയായിരിക്കുന്നു ഈ വേഷത്തിൽ, നിന്റെ ചിരി ക്രിസ്തുമസ്സിനു ഇല്യൂമിനേഷൻ ബൾബിട്ടമാതിരിയുണ്ട്‌ എന്ന് പറഞ്ഞപ്പോൾ
"എന്നാൽ ചേട്ടായി എന്നെ കെട്ടിക്കോ, എന്നാലേലും ആ മോത്തൊരു വെളിചം വരോലോ" എന്ന് പറഞ്ഞ ചിരിച്ച ആ സുന്ദരിക്കും, കൊല്ലത്തിലൊരിക്കൽ കെട്യോന്റെ കൂടെ വെള്ളമടിക്കുകയും "ഓ അച്ചായോ ക്രിസ്തുമസ്സിനെങ്കിലും അൽപം കൊള്ളാവുന്ന സാധനം വാങ്ങിക്കൂടെ" എന്നും പറഞ്ഞ്‌ അടിച ബ്ലാക്ക്‌ ലേബൽ മുഴോൻ നേരം വെളുക്കുന്നതിനു മുമ്പെ വാളുവെക്കുകയും ചെയ്യുന്ന ജാൻസി എന്ന സഹപാഠിക്കും ഇന്നേവരെ കുന്ത്രാണ്ടം വായിചവർക്കും ഇനി വായിക്കുന്നവൻ സാഹസം കാട്ടുന്നവർക്കും എന്റെ ക്രിസ്തുമസ്സ്‌ ആശംസകൾ.......

“ആർമ്മാദിക്യ ആർമാദിക്ക്യ ആർമാദിക്യ....ഇമ്മക്കങ്ട് ആർമ്മാദിക്യ...അല്ലാണ്ടെ എന്തൂട്ണാ ഈ വക ഏർപ്പാടോള്. ഓണായാലും,ക്രിസ്മസ്സായാലും പെരുന്നാളായാലും ഉത്സവായാലും ഇമ്മക്ക് ആർമ്മാദിക്ക...എന്നിട്ടോ ആർമാദിച്ച് അനങ്ങാൻ വയ്യാണ്ടായികെടക്കണോർടെ പടം എടുത്ത് നെറ്റിലിടുക....“ സ്ഥിരായി കണ്ടവന്റെ “തലയടിച്ച്“ കള്ളുടിക്കണ ഒരു ഘടിയുടെ വേദവാക്യം ഇതാണ്...അപ്പോൾ ക്രിസ്സ്മസ്സല്ലെ ഇമ്മക്കങ്ങ്ട് ആർമ്മാദിക്കല്യേ?

*ന്യൂയിയർ ആയിട്ട്‌ നല്ല തല്ലുകൊള്ളുവാൻ വേണ്ടിമാത്രം പുത്തൻപീട്യ പള്ളിയിൽ എത്തുന്നവരോട്‌ ഒരു അറിയിപ്പ്‌ അടിക്ക്‌ പണ്ടത്തെ ഉശിരുപോരാ. ചാഴൂർ ഭാഗത്തുനിന്നും തല്ലുകൊള്ളുവാൻ വേണ്ടി വരുന്ന പ്രദീപിന്റെ ശ്രദ്ധക്ക് കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഉടുമുണ്ട് ചന്തപ്പാടത്തെ തെങ്ങിൻ പറമ്പിലെ മോട്ടോർ പുരയുടെ സൈഡിൽ ഉണ്ട്....

Thursday, December 04, 2008

പോരണോ നായരേ

“എന്തൂട്ട ഗോപാലാ മീനെ മൊളകുപുരട്ടീട്ട് ചില്ലു ഭരണീല് അച്ചാറിട്ടിരിക്കാന്ന്“ ഒരു കൌതുകത്തിനു ചോദിച്ചു വേറെ ഒന്നു പറഞ്ഞുമില്ല ആൾ നേരെ പാൽ സ്വസൈറ്റീൽക്ക് പോകേം ചെയ്തു. ഇതിപ്പോ ഇത്ര വല്യ കാര്യാ. ഉമ്മറത്തെ തിണ്ണയിൽ ചില്ലിന്റെ ഭരണീല് ഗോൾഡ് ഫിഷിനെ കണ്ടപ്പോ വെറുതെ ഒരു ചോദ്യം.ആദ്യായി കാണുമ്പോൾ ആരായാലും ചോദിക്കും.ഇല്ലേ? അയ്നിപ്പോ നായരേട്ടനെ എന്നല്ലാ ആരേം കുറ്റം പറയാൻ പറ്റില്ല.പറ്റോ?

അയ്നു ഗോപാലേട്ടൻ കെലിപ്പിട്ട് നാട്ടിലെ ഒരു മിതഭാഷിയായ നായരേട്ടനെ തിരികെവരുന്നത് കാത്തുനിന്ന് തെറിവിളിക്കണ്ട വല്ല കാര്യവും ഉണ്ടോ? നിങ്ങൾ പറ.

പിന്നെ ഗോപാലേട്ടനും അങ്ങനെ അങ്ങ്ട് കുറ്റം പറയാൻ പറ്റില്ല കേട്ടോ. അന്യായ വിലകൊടുത്ത് തൃശ്ശൂർ അങ്ങാടീന്ന് വാങ്ങിയ അരഡസൻ ഗോൾഡ് ഫിഷ് ഒറ്റഡിക്ക് ചത്തുപൊന്ത്യാൽ ആരായാലും തെറിവിളിക്കാണ്ടെ ഇരിക്കോ?

അന്തിക്കാട് ആശുപത്രീൽ ചേന ചെത്തിയപോലെ ദേഹമാസകലം തോലുപോയ മനോജിന്റെ അടുത്ത് ചെന്ന് “എന്തൂട്രാ ഉണ്ടായേ” എന്ന് ചോദിച്ചപ്പോൾ.കരച്ചിലിന്റെ ആ എഡ്ജിൽ നിന്നുകൊണ്ട് മനോജ് പറഞ്ഞു.
“ആ ഡാഷ് നായർ ...”ഒരു തെറി എന്നാ അതു മര്യാദക്ക് പൂർത്തിയാക്കിയും ഇല്ല. ഭാക്കി കുറച്ച് ഞരക്കം.
“നീ പറയ്”കേൾക്കാൻ ആകാംഷയോടെ മാധ്യമപ്രവർത്തകരുടെ ആകംഷയോടെ ഞങ്ങൾ. അവൻ ഒന്നു പറയുന്നുമില്ല. ഒടുവിൽ “അതേ പേഷ്യന്റിന്റെ ശല്യപ്പെടുത്തരുത്, ഞാൻ ഡോക്ടറെ വിളിക്കും.“നേഴ്സമ്മയുടെ ഉത്തരവ്.കൂട്ടത്തിൽ അവനു ഒരു ഇഞ്ചക്ഷനും.

അനിയത്തിപ്രാവ് റിലീസ് ചെയ്തസമയം നാട്ടിലുള്ള കറുമ്പന്മാർ വരെ കുഞ്ചാക്കോ ബോബനു പഠിക്കുന്ന കാലം. എസ്സെൻ കോളേജിൽ പഠിക്കുന്ന റഷീദിന്റെ കയ്യീന്ന് ഒരു റൌണ്ട് ഓടിക്കാൻ ഇരന്നു വാങ്ങിയ വാങ്ങിയ ചുവന്ന സ്പ്ലെന്ററുമായി “കുഞ്ചാക്കോമനോജ്“ തന്റെ “ശാലിനീടെ“ മുന്നിലേക്ക് കുതിച്ചതാണ്.എന്തു ചെയ്യാം അതിക്കു മുമ്പ് റേഷൻ കടയുടെ മുമ്പിൽ വച്ച് നായർ ബോംബിട്ടു.
“വായുഗുളിക മേടിക്കാനാണോടാന്ന് ”
കഷ്ടിച്ച് ഒരു അമ്പതുവാര അപ്പുറം ഉള്ള പട്ടിമുക്ക് വളവു തിരിഞ്ഞേ ഉള്ളൂ. പിന്നെ അന്തിക്കാട് ആശുപത്രീടെ പൊളിഞ്ഞ ഓടിന്റെ ഇടയിലൂടെ സൂര്യപ്രകാശം കടന്നുവരുന്നതാണ് മനോജ് കണ്ടത്.

ഈ മൊതല് ഏതാ ഇനം എന്ന് പിടികിട്ടിയല്ലോ?

ഷക്കീല സിനിമയിലും മറ്റും കാണുന്ന എന്തിനെയോ ഓർമ്മിപ്പിക്കുന്ന പപ്പക്കാ നിറഞ്ഞ വപ്പകൾ,നിറഞ്ഞകൊലയോടെ നിൽക്കുന്ന തെങ്ങുകൾ,പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടുകൾ,കൊലച്ച് നിൽക്കുന്ന നേന്ത്രൻ മുതൽ പാളയേം കൊടൻ വരെ ഉള്ള വാഴകൾ എന്നിങ്ങനെ പലതും നായരേട്ടന്റെ വാക്കിന്റെ ബലത്തിൽ ഒടിഞ്ഞുവീണും നശിച്ചും കൊണ്ടിരുന്നു. തള്ളക്കോഴി ചത്തതോടെ ദാസേട്ടന്റെ വീട്ടിലെ ഗിരിരാജ കൊഴിക്കുഞ്ഞുങ്ങൾ വഴിയാധാരമായി.ചെത്താൻ പോണ രാമനു കള്ളില്ലാണ്ടായി.

ഇന്നേവരെ ഒരാളെ കണ്ടാൽ കുരക്കാത്ത നാട്ടിലെ ഒരു അഹിംസാ വാദിയാണ് ലതികേച്ചീടവടത്തെ ടോമി. പത്തീസത്തെ ലീവിനു ഗൾഫീന്നു വന്ന സുനാകരൻ ഒന്ന് കേറീല്ലെങ്കിൽ ചെറിയമ്മ എന്തു വിചാരിക്കും എന്ന് കരുതിമാത്രം ആണ് ആ നേരത്ത് അവിടേക്ക് ചെന്നത്. അവൻ വരുമ്പോൾ നായരേട്ടൻ അടുത്തുള്ള പറമ്പിൽ പശൂന്നെ പുല്ലുതീറ്റിക്കായിരുന്നു.പറമ്പ് കെളക്കായിരുന്ന ശശിയേട്ടനോട് പറഞ്ഞു.

“ഒരാള് കുടുമ്പത്തിക്ക് വരുന്നകണ്ടിട്ട് ആ നായ കെടക്കണ കണ്ടില്ലെ? ഒരു ചൊണയില്ലാത്ത നായ അവർ അതിനു വെറുതെ തിന്നാൻ കൊടുക്കാന്നേ” .. പറഞ്ഞു നാക്ക് വായ്ക്കകത്ത് റെസ്റ്റ് ചെയ്യുമ്പോഴേക്കും സംഗതി നടന്നു. എന്താ സംഭവിച്ചത് എന്ന് കടിച്ച നായക്കോ കടികിട്ടിയ കക്ഷിക്കോ പിടികിട്ടിയില്ല. ചറപറന്ന് കടി നടന്നു.
നായരെ കൂടാതെ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായ ശശിയേട്ടൻ അതോടെ കൈക്കോട്ട് നിലത്തിട്ട് ഉള്ള ജീവനും കൊണ്ട് സ്കൂട്ടായി. അങ്ങിനെ നൂറു നൂറു സംഭവങ്ങൾ

“ടീ നിന്റെ ആ മുടിഞ്ഞ കരിനാക്കുള്ള തന്തയുള്ളിടത്തോളം കാലം എന്റെ പേരക്കുട്ടികളെ ആ വീടിന്റെ പടി ഞാൻ ചവിട്ടാൻ സമ്മതിക്കില്ലാന്ന്” നായരേട്ടന്റെ മോൾടെ അമ്മായിമ്മ പറഞു.അമ്മായിമ്മയുടെ പോരിനു മുമ്പിൽ കരയാറുള്ള സാവിത്രേച്ചിക്ക് ഇക്കാര്യത്തിൽ തീരെ വിഷമം ഉണ്ടായില്ല.
സംഗതി വളരെ നിസ്സാരം.പരീക്ഷ ഒക്കെ കഴിഞ്ഞാൽ മാമന്റോടെ പോകുക എന്നൊരു ചടങ്ങ് നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.ആ ചടങ്ങിനു കൊണ്ടരാൻ പോയതാണ് നായരേട്ടൻ.ചന്നപ്പോൾ പേരക്കുട്ടീടെ മാർക്കൊക്കെ കണ്ടപ്പോൾ ഒന്ന് അറിഞ്ഞ് അഭിനന്ദിച്ചു. മുഴുക്കൊല്ല പരീക്ഷക്ക് പനികാരണം ആ കുട്ടിക്ക് പഠിക്കേണ്ടിവന്നില്ലാന്ന് മാത്രമല്ല അടുത്തകൊല്ലം ആ ക്ലാസ്സിൽ തന്നെ ഇരൂന്ന് നന്നായി പഠിക്കാനും യോഗമുണ്ടായി.

ഈ മൊതൽ ഇങ്ങനെ വിലസുന്ന സമയത്താണ് ഒരീസം മോഹനേട്ടനു പണികിട്ടിയത്. തൈപ്പൊലിയിൽ കക്ഷി പയർ ഇട്ടു.പയർ മുളച്ചു തഴച്ചുവളർന്നു.പൂത്തുനിൽക്കുന്ന സമയം
“പൂത്തിരി കത്തിച്ചപോലെ നല്ലോണം പൂവിട്ടിട്ടുണ്ടല്ലോ മോഹനാ“
നായർ ഒരു മിതഭാഷിയാ‍ണെന്ന് ഞാ‍ൻ മുമ്പേ പറഞല്ലോ.

നായരേട്ടനു ഒരു പണികൊടുത്തേ അടങ്ങൂ എന്ന് പയറുചെടി ചെറിയ കൈക്കൊട്ടോണ്ട് തെങ്ങിന്റെ കടക്കൽ വെട്ടിമൂടുമ്പോൾ മോഹനേട്ടൻ മനസ്സിൽ ഉറപ്പിച്ചു.

ഒരീസം കരിപ്പിനു മോഹനേട്ടൻ മണ്ടിത്തറയിൽ നിന്നും എരുമക്കുട്ടീനെ കൊണ്ട് തലയിൽ ഒരു പുല്ലും കെട്ടുമായി റോട്ടിലേക്ക് ഇറങ്ങുന്ന സമയത്ത് നാ‍യർ ഷാപ്പീന്ന് ഒരു കുപ്പി അന്തിയും അടിച്ച് എന്തോ കൂലങ്കുഷമയി ചിന്തിച്ച് കീഴ്പ്പ്ട്ട് നോക്കി നടന്നു വരുന്നു. തൊട്ടടുത്തെത്തിയപ്പോൾ മോഹനേട്ടൻ
“നായരേ പോരുന്നുണ്ടോ” എന്ന് ഒരു ചോദ്യം.

സമയം വൈകീട്ട് ഏഴുമണി.റോഡിൽ നിന്നും ഒരുമീറ്റർ ഉയരത്തിൽ ഉള്ള തെങ്ങും തോപ്പിൽ കറുത്ത് കൊച്ചിൻ ഹനീഫാ ബോഡിയും മാവേലി മീശയും ഉള്ള ഒരു രൂപം പോത്തിന്റെ പുറകിൽ തലയിൽ പുല്ലും കെട്ടും വച്ച് നിന്ന് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എന്താ സംഭവിക്ക....അതെന്നെ.

Sunday, September 07, 2008

മനസ്സമാധാനം.

ശ്രീനിവാസന്റെ സൗന്ദര്യശാത്രപ്രകാരം ഒരു ഒന്നൊന്നെമുക്കാൽ ചുള്ളനായ ഞാൻ തികഞ്ഞ ആത്മവിശ്വാസത്തോടെ ആണു അന്ന് ചന്ത്രാപ്പിന്നിക്കടുത്ത്‌ പെണ്ണുകാണുവാൻ പോയത്‌. കെട്ടാൻ ഉദ്ദേശിച്ച പെണ്ണിനെ മുൻ കൂട്ടി കണ്ടുവെച്ചെങ്കിലും... അവൾക്ക്‌ ഹൃദയം കൈമാറിയെങ്കിലും അവൾടെ വീട്ടുകാരുടെ പച്ചക്കൊടി ലഭിച്ചിരുന്നില്ല. അങ്ങനെ സിങ്ങ്നൽ കാത്തുകിടക്കുമ്പോളാണ്‌ എന്റെ ആത്മാർത്ഥ സുഹൃത്ത്‌ അഭിലാഷ്‌ എന്നോട്‌ ഒരു കാര്യം ഓർമ്മിപ്പിച്ചത്‌.
"ടാ നിന്റെ ഫാദർജിക്ക്‌ വല്ല സംശയവും തോന്നും നീ വേറെ നാലഞ്ചിടത്ത്‌ പെണ്ണുകാണാൻ പോയില്ലെങ്കിൽ ഇതുകലങ്ങും ദേ പിന്നെ അയ്യോ പൊത്തോന്ന് പറഞ്ഞിട്ട്‌ കാര്യമില്ല...."

പ്രേമമ്ന്ന് കേട്ടാൽ കാളക്ക്‌ ചുവപ്പുകണ്ടപോലെ ആണ്‌ പണ്ടെ എന്റെ ഫാമിലി എന്ന് അവനു നല്ലോണം അറിയാം....പണ്ട്‌ പെരനിറഞ്ഞുനിൽക്കുന്ന നാലഞ്ചുപെങ്ങാന്മാരുടെ കല്യാണം കഴിഞ്ഞിട്ട്‌ ഈ ജന്മത്ത്‌ കല്യാണം കഴിക്കാൻ പറ്റില്ലാന്ന് മനസ്സിലാക്കി ഇഷ്ടപ്പെട്ട പെണ്ണിനെ ഒന്ന് കല്യാണം കഴിച്ചേന്‌ പ്രോഫഷണൽ നാടകത്തിലെ അമ്മാവന്മാർ പറയുന്ന അതേ ഗാംഭീര്യത്തോടെ "കടക്കെടാ പുറാത്തെന്ന്..."പറഞ്ഞ്‌ പാപ്പനെ പുറത്താക്കിയിട്ടുള്ള നിർമ്മലഹൃദയനാണ്‌ എന്റെ പിതാജി.
കടുത്ത എതിർപ്പുകൾക്ക് ഒടുവിൽ അമേരിക്കൻ പ്രസിഡണ്ട്‌ ഇന്ത്യക്ക്‌ ആണവകാറിൽ ഒപ്പിടാൻ കഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ കഷ്ടപ്പെട്ടിട്ടാണ്‌ ഞാൻ വിവാഹപെർമിഷൻ ഒപ്പിച്ചെടുത്തത്‌. എന്തായാലും അഭിലാഷ്‌ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി....

വിസിറ്റ്‌ വിസക്ക്‌ വന്നവനു കൊള്ളാവുന്ന ശംബളത്തിൽ ഇംഗ്ലീഷുകാരന്റെ കമ്പനീൽ അപ്പോയ്‌മന്റ്‌ ലെറ്റർ കിട്യാലും ഏതായാലും ഇത്‌ കയ്യിലുണ്ട്‌ എന്നാപിന്നെ ഒന്നുകൂടെ നോക്കാം നല്ലതു വല്ലതും തടഞ്ഞാലോ എന്ന് തോന്നുന്നപോലെ... കല്യാണക്കാര്യമല്ലേ ഒന്നുകൂടി നോകിക്കളായാം നല്ലതു വല്ലതും തടഞ്ഞാലോ എന്ന് ഒരു ദുർബല നിമിഷത്തിൽ എന്റെ മനസ്സിൽ ആവശ്യമില്ലാതെ വെറുതേ ഒരു ചിന്ത പൊട്ടിമുളക്കേം ചെയ്തു....

രാവിലെ പാപ്പനേം കൂട്ടി മൂന്നാലിടത്ത്‌ പോയി പെണ്ണുകണ്ടു....ഹേയ് ഇന്തൊന്നും ഇമ്മൾടെ കൺസപ്റ്റിനു ചേരുന്നതല്ലെന്ന് കയ്യോടെ വീട്ടിലേക്ക് പാപ്പൻ ഫോൺചെയ്തു പറഞു. വെൾലം കുടിച്ചതും വണ്ടിയോടിയ്തും മിച്ചം. അടുത്തത്‌ ചന്ത്രാപ്പിന്നിയിലാണ്‌.വണ്ടി നേരെ അങ്ങോട്ടു വിട്ടു.... ബ്രോക്കർ പറഞ്ഞസമയത്ത്‌ ചന്ത്രാപ്പിന്നി സെന്ററിൽ നിൽപ്പുണ്ട്‌.അയാൾ പറഞ്ഞ ഇടവഴിലൂടെ വണ്ടി മുന്നോട്ട്‌ നീങ്ങി. ഒടുവിൽ ഒരു കൊള്ളാവുന്ന വീടിന്റെ മുമ്പിൽ എത്തി.
"കൊള്ളാം വീടുകണ്ടിട്ട്‌ ഇമ്മളേക്കാൾ സെറ്റപ്പുണ്ട്‌..."പാപ്പൻ പറഞ്ഞു.
"നിങ്ങൾ ഇവിടിരി ഞാൻ പോയേച്ചും വരാം..."ബ്രോക്കർ വീട്ടുകാർക്ക്‌ ഞങ്ങൾ ഗേറ്റിൽ കാത്തുനിൽക്കുന്ന ഇൻഫർമേഷൻ പാസുചെയ്യുവാൻ പോയി...ഒരു അഞ്ചുമിനിറ്റിനകം ആൾ പച്ചക്കൊടിയുമായി തിരിച്ചെത്തി.. വീടുകൊള്ളാം...പെണ്ണിന്റെ അമ്മയും അമ്മാവനും ഞങ്ങളെ സ്വീകരിച്ചു...
"ഞങ്ങൾ പണ്ടേ തറവാടികളാ..."എന്ന രീതിയിൽ ഉള്ള ആത്മപ്രശംശ ഒട്ടും കുറക്കാതെ അമ്മാവൻ തറവാട്ടുചരിത്രത്തിന്റെ ഏടുമറിക്കാൻ തുടങ്ങി. ഇതിനിടയിൽ ചായ വന്നു.. ചായകുടിച്ചു കുടിക്കിടയിൽ പെണ്ണു വന്നു "ദാ എന്നെ കണ്ടോളൂ എന്ന് പറയാതെ പറഞ്ഞ്‌ ഞങ്ങൾക്ക്‌ മുമ്പിൽ നിന്നു. കൊള്ളാം തരക്കേടില്ല...നല്ല നിറം..പൊക്കവും ഉണ്ട്‌..മുടിയും ഉണ്ടെന്ന് തോന്നുന്നു....ഒരു സംയുക്താവർമ്മയുടെ ലുക്ക്‌... വീട്ടുകാർ എന്റെ ഫുൾ ഹിസ്റ്ററി അവൾ നിൽക്കലെ ചോദിച്ചറിയ്ന്നതിനിടയിൽ.
"അതേ അവർക്ക്‌ വല്ലതും സംസാരിക്കാൻ ഉണ്ടേൽ.."ബ്രോക്കർ ഇടക്ക്‌ കയറി. എനിക്ക്‌ അതുകേട്ടപ്പോൾ അയാളോടെ എന്തോണ്ടാന്നറിയില്ല വല്യ താൽപര്യം തോന്നി.എത്രയോ പെൺപിള്ളാരുമായി സംസാരിച്ചിരിക്കുന്നു എന്തിനു ഇന്നുതന്നെ മൂന്നാലിടത്തു പെണ്ണുകണ്ടു എന്നാലും എന്തോ ഈ പെണ്ണിനെ കണ്ടപ്പോൾ മനസ്സിൽ ചുമ്മാ ഒരു പെടപ്പ്‌....കഞ്ഞിപ്പശമുക്കി ചിരട്ടപെട്ടിയിൽ തേച്ചുമിനുക്കിയ ചോദ്യങ്ങൾ മനസ്സിൽ അടുക്കിവച്ചിട്ടുണ്ടെങ്കിലും ഒരു ശങ്ക... സംഗതി ചില പരിഭ്രമം ഉണ്ടെങ്കിലും മനസ്സിൽ നല്ല സന്തോഷവും ഉണ്ട്‌..പക്ഷെ അത്‌ അധികം നീണ്ടില്ല...ഒരു അമിട്ട്‌ വിരിയുന്ന നേരം കൊണ്ട്‌ അതങ്ങ്‌ പോയിക്കിട്ടി.
"അല്ല അതുപിന്നീടാകാം...ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ...അവൾടെ കൂടേ താൽപര്യം അറിയണമല്ലോ"പെണ്ണിന്റെ അമ്മാവൻ പറഞ്ഞു.
"എന്നാൽ ശരി....നിങ്ങൾ വിവരം അറിയിക്ക്‌." എന്ന് പറഞ്ഞ്‌ പാപ്പനും ഞാനും ബ്രോക്കറും കൂടെ പുറത്തോട്ട്‌ ഇറങ്ങി..ചുമരിൽ പിടിച്ച്‌ ഷൂസിന്റെ വള്ളികെട്ടുന്നതിനിടയിൽ ഒന്നുകൂടെ ആ വർമ്മയെ നോക്കി പുഞ്ചിരിച്ചു....
"അതേ പെണ്ണുമായി ഒന്ന് സംസാരിക്കാൻ ഗ്യാപ്പുണ്ടാക്കണം..." പോരുന്ന വഴിക്ക്‌ ബ്രോക്കറുടെ പോക്കറ്റിൽ നന്ദിസൂചകമായി ജോർജ്ജൂട്ടിയെ തിരുകിവക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
"അതു ഞാൻ ഏറ്റു..."അയാൾ ചിരിചുകൊണ്ട്‌ പറഞ്ഞു.

വൈനേരം അന്തിക്കാട്ട്‌ ദീപാ ബേക്കറിയിൽ നിന്നും കൊള്ളിവർത്തതും പ്ലം കേക്കും വാങ്ങി തിന്നുകൊണ്ടിരിക്കുന്നതിനിടയിൽ ബ്രോക്കർ വന്നു പറഞ്ഞു.
"അദേ അവർ വിളിച്ചിരുന്നു...ദാ ഈ നമ്പറിൽ ബന്ധപ്പെടാൻ പറഞ്ഞു.പെൺകുട്ടിക്ക്‌ സംശാരിക്കണത്രേ" ദാസേട്ടോ ദേ ഇങ്ങേർക്ക്‌ ഒരു ജ്യൂസും പഫ്സും കൊട്‌ ഞാൻ ദേ വരണൂ.കെ.കെ മേനോന്റെ ബസ്സിനു മുമ്പിലൂടെ അതിനെ മറികടന്നുവന്ന ബൈക്കിടിക്കാതെ എങ്ങനാന്നറിയില്ല ഞാൻ ബൂത്തിൽ കയറിയത്‌.
"ഹലോ..." "ങാ ഇതു പിന്നെ....രാവിലെ വന്നിരുന്നില്ല.."
"ങാ..മോനാണോ....ഞാൻ മോൾക്ക്‌ കൊടുക്കാം." ഹോ ..എന്തൊരു നല്ല അമ്മായിയമ്മ. എനിക്ക്‌ അവരോട്‌ മതിപ്പുതോന്നി....മുമ്പു പെണ്ണുകാണാൻ പോയിടത്തെ അമ്മായിയമ്മ ഇത്രയും സ്നേഹം ഒന്നു കാണിച്ചില്ല. അതോണ്ടെ ഇതു തന്നെ ഉറപ്പിക്കാം... (മേൽ പറഞ്ഞ ടീം ഫോൺ എടുത്താൽ പിന്നെ അവർക്ക് നൂറുകൂട്ടം കാര്യങ്ങൾ പറയാൻ ഉണ്ടാകും പെൺകുട്ടിയോട് സംസാരിക്കാൻ തീരെ ഗ്യപ് തരാറില്ല. അവരാണിപ്പോഴത്തെ അമ്മായിയമ്മ..കല്യാണം കഴിഞതോടെ അവർ സംസാരം കുറച്ചു ഞാനാന്ന് അറിഞാൽ ലാ നിമിഷം ഫോൺ അവൾടെ കയ്യീകൊടുത്ത് കക്ഷി രംഗം വിടും!!! എന്തൊരു ചെയ്ഞ്ച്!)
"ഹലോ.."മറുതലക്കൽ ഒരു കിളീനാദം..
"ങാ ഞാനാണ്‌...പിന്നെ രാവിലെ ചിലത്‌ ചോദിക്കണം ന്ന് കരുതിയിരുന്നു..."
"ഉം"
"പഠിപ്പ്‌ ഇനിയും തുടരുവാനാണോ പരിപാടി...."
"ഉം..പോളികഴിഞ്ഞു ഓപ്പൺ ഡിഗിർ എടുത്തു..ഇനി എം എ ചെയ്യണം എന്ന് ഉണ്ട്‌..."
“ഏത് ഈയ്യറിലാ പോളീൽ പഠിച്ചേ?”...അങ്ങിനെ സംസാരം നീണ്ടു..മീറ്ററിൽ ബില്ലും കൂടിക്കൊണ്ടിരുന്നു..അധികം നീട്ടിക്കൊണ്ടുപോക്കാൻ പറ്റില്ലല്ലോ..ഇമ്മക്ക്‌ ഒരുമദ്യാദയില്ലേ..ഒന്നുമില്ലേലും ആ അമ്മ എന്തുവിചാരിക്കും..ഞാൻ പിന്നീട്‌ വിളിക്കാന്ന് പറഞ്ഞ്‌ കട്ട്‌ ചെയ്തു.
"ബ്രോക്കറോട്‌ എനിക്ക്‌ എന്തെന്നില്ലാത്‌ ബഹുമാനം തോന്നി"അത്‌ ഉള്ളിലൊതുക്കി ശ്രദ്ധിച്ച്‌ റോഡ്‌ ക്രോസ്‌ ചെയ്ത്‌ ബ്രോക്കറുടെ അടുത്തെത്തി.
"ഇമ്മക്ക് സിം‌ലവരെ ഒന്ന് പോയാലോ?” അടുത്ത ഓട്ടോർഷ വിളിച്ച്‌ മനോജിനേം കൂട്ടി കാഞ്ഞാണിക്ക്‌ തിരിച്ചു.
"ദേ ചേട്ടൻ എന്താന്നു വച്ചാൽ കഴിച്ചോളണം..." എന്തൊരു അനുസരണയുള്ള മനുഷ്യൻ...പറഞ്ഞതുപോലെ തന്നെ വിത്തിൻ ഫിഫ്റ്റീൻ മിനിറ്റ്‌ ആൾ ചുട്ടപറ്റ്‌.
"ഡാ ബുഡ്ഡ ഷാളായീന്നാ തോന്നുന്നേ"മനോജ്‌ പറഞ്ഞു.(അടിച്ച്‌ പൂസായി മറ്റുള്ളവരുടെ തോളിൽ കിടന്ന് ബാറീന്നിറങ്ങുന്നവരെ തൃശ്ശൂർക്കാർ പറയുന്നതാണീ ഷാൾ ന്ന്)
മനോജ്‌ ആ ഷാളെടുത്ത്‌ തോളിലിട്ടു ഓട്ടോയിൽ വന്നിരുന്നു. പോണവഴിക്ക്‌ ഓട്ടോർഷ പാംതോടിനു മുമ്പുള്ള കനാലിലെ "ഹമ്പ്‌"കടന്നതും ഷാൾ വാൾ വെച്ചു. വീടെത്തിയപ്പോഴേക്കും ഷാൾ പാമ്പായി രൂപാന്തരം പ്രാപിച്ചിരുന്നു. ഷാൾ മാളത്തിലേക്ക്‌ ഇഴഞ്ഞുപോയീന്ന് ഉറപ്പുവരുത്തി ഞങ്ങൾ പിറ്റുത്തം വിട്ടു.

രാത്രി സ്വസ്ഥമായി പരസ്യമില്ലാത്ത സ്വപ്നങ്ങൾ കണ്ട്‌ കിടന്നുറങ്ങി...നേരം വെളുത്തു അറിഞ്ഞില്ല...
"മാമൻ പാടത്തിക്ക്‌ പോണില്ലേ?"കസിൻ സിസ്റ്ററുടെ മകൾ വിളിച്ചുണർത്തി.ഇനി ഉച്ചക്കേ വല്ലതും വയറ്റിൽ എത്തൂ എന്ന് നല്ലോണം അറിയാവുന്നതുകൊണ്ട്‌ അതും കണക്കാക്കി പുട്ടും കടലയും വെട്ടിവിഴുങ്ങി നേരെ വിട്ടു പാടത്തിക്ക്‌.. ആറാട്ടുപുഴ പൂരം നിരത്തിയപോലെ പെണ്ണുങ്ങൾ കണ്ടത്തിൽ ഞാറു നടാൻ റെഡിയായി നിരന്നു നിൽക്കുന്നു...
"ടാ എന്തായി നിന്റെ പെണ്ണുകാണൽ" വരമ്പത്തുക്കൊടെ പോകായിരുന്ന സരുവെല്ലിമ്മയുടെ ചോദ്യം..നല്ല ഒന്നാംതരം ബി.ബിസിയാണീ സരുവെല്ലിമ്മ.
"ചന്ത്രാപ്പന്നീൽ ഒരെണ്ണം കണ്ടു.. അതേതാണ്ട്‌ ഉറച്ചമട്ടാ.."പാടത്ത്‌ ഞാറുനടാൻ വന്ന പെണ്ണുങ്ങൾക്ക്‌ ഞാറ്റുമുടി എറിഞ്ഞുകൊടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
"എന്നാപിന്നെ ഈ വെയിലുകൊണ്ട്‌ കറക്കാണ്ടെ നീ വല്ല തണലത്തുപോയി നിക്കടാ ചെക്കാ.."
"അയ്നു അവനിനി വെയ്ലുകൊണ്ട് കർത്താലും വെളുത്താലും എന്താ കുഴപ്പം നല്ല കലാഭവൻ മണീടെ പോലത്തെ ഗ്യാരണ്ടികളറല്ലേ?"ശാരദേച്ചീടെ കമന്റ്‌ വന്നു.
"ട്യെ ശാരദേ നീ അറിഞ്ഞോ ആ സോമന്റെ മോൾടെ കാര്യം.."വളരെ ലൈറ്റായി ആ പെൺകുട്ടീടെ കഴിഞ്ഞ ആഴ്ചത്തെ കാര്യങ്ങൾ സഞ്ചാരം എപ്പിസോഡ്‌ പോലെ വിശദമായി അവിടെ ഉള്ളവരോട്‌ വിശദീകരിച്ചു. ദാ ഇതാണ്‌ സരുവെല്ലിമ്മ....
പാടത്തുപണികഴിഞ്ഞു വൈകുന്നേരം മോഹനേട്ടന്റെ മീൻ ഏയ്റ്റീമേ കുടുമ്പത്ത്‌ പോയി കുളിക്കാൻ നിക്കുമ്പോൾ വീട്ടിലുള്ളവർ പറഞ്ഞു.
"ടാ അതേ ചന്താപ്പിന്നീൽ പോയില്ലെ അതു ശരിയാവില്ല"
"അതെന്തുപറ്റി.."
"അത്‌ ചേട്ടനെ പെണ്ണിനു ഇഷ്ടായില്ലാന്നു....നിറം പോരാത്രേ"മേമയുടെ മകളുടെ വിശദീകരണം. "നിന്നോട്‌ ആരാ പറഞ്ഞേ?"
"സരുവെല്ലിമ്മേട അവിടെ വച്ച്‌ ആ ബ്രോക്കറുടെ പെണ്ണു പറഞ്ഞതാ"
"ങേ അപ്പോൾ ഞാൻ അവളൊട്‌ ഇന്നലെ ഇത്രയും നേരം സം്സാരിച്ചപ്പോൾ ഇതൊന്നും പറഞ്ഞില്ലല്ലോ" എന്ന് പറയാൻ തോന്നിയെങ്കിലും അത്‌ ഉള്ളിലൊതുക്കി.

പെണ്ണിനു ഇഷ്ടം അല്ലാന്നു പറഞ്ഞതിൽ അല്ലായിരുന്നു ദുഃഖം അത്‌ സരുവെല്ലിമ്മ കേട്ടതിൽ ആയിരുന്നു.അന്തിക്കാടുപടവുമുതൽ അലപ്പാട്‌-പുള്ള്‌ വരെയുള്ള പാടത്തുപണിക്കുവെരുന്ന പെണ്ണുങ്ങൾ അറിയും...അറിഞ്ഞാൽ പിന്നെ ഈ സീസണിൽ പാടത്തെന്നല്ല അന്തിക്കാട്‌ പ്രദേശത്ത്‌ ഇറങ്ങിനടക്ക്‌ആൻപറ്റില്ല.... കുളിക്കാൻ മിനക്കെടാതെ മോഹനേട്ടന്റെ മീൻ 80 യിൽ അതിന്നുവരെ ഓടാത്തത്ര സ്പീഡിൽ ഓടിച്ച്‌ ബ്രോക്കറെ പോയി കണ്ടു.
"അതിപ്പോ ഞാനെന്തു ചെയ്യാനാ..ചെക്കനു നിറം പോരാന്ന് പെൺകുട്ടി പറഞ്ഞൂത്രേ" നമ്മുടെ ബ്രോക്കറേട്ടൻ പഴം പരുവത്തിൽ വീടിന്റെ ഉമ്മറത്തിരുന്നു പറഞ്ഞു.
"അവളോട്‌ വിളിച്ചു ചോയിച്ചിട്ടു തന്നെ കാര്യം..."ഞാൻ മോഹനേട്ടനോട്‌ പറഞ്ഞു.
"അതേ ഇനിയിപ്പോൾവിളിക്കാനുമ്പറയാനും നിക്കണ്ട..ഇമ്മൾ ആദ്യം ക്ണ്ടതിനു എന്താ കുഴപ്പം..നീയല്ലേ പറഞ്ഞേ നിനക്ക്‌ അയ്നെ മതീന്ന്"
"അയ്നു അവർ മറുപടയോ തരാത്തോണ്ടല്ലേ?"
"അതൊക്ക്കെ ശരിയാവും വാ ..."മോഹനേട്ടൻ എന്നെം കൊണ്ട്‌ നേരെ അന്തിക്കാട്ടു കുളത്തിലേക്ക്‌..നന്നായി ഒന്ന് മുന്ന്ദിക്കുളിച്ചു .. വരണ വഴിക്ക്‌ പതിവുപോലെ കക്ഷി ഒരു ലക്ഷണം നോക്കി പറയുന്ന ഇടത്തെത്തി.മോഹനേട്ടൻ അങ്ങനാണ്‌ വിഷമം വന്നാലും സന്തോഷം വന്നാലും പണിക്കരെ കാണും( ഈ കഥാപാത്രത്തെ വല്ലാണ്ടെ വിശദീകരിക്കുന്നില്ല..എന്നെങ്കിലും സത്യേട്ടൻ അത്‌ സിനിമയിൽ ആക്കിയാലോ? അത്രക്ക്‌ നല്ല ഒരു കഥാപാത്രമാണ്‌ മോഹനേട്ടൻ)
"ആദ്യം കണ്ടതു തന്നെ മോഹനാ..ഇവർക്ക്‌ തമ്മിൽ ഇഷ്ടമാന്നേ..ഇതെന്നെ നടക്കും പിന്നെ എന്തിനാ ഈ പുലിവാലിനോക്കെ നിക്കണേ" രാശിനോക്കി അവർ പറഞ്ഞത്‌ കേട്ട്‌ ഞാൻ ഞെട്ടി..കാരണം മറ്റൊന്നും അല്ല ആദ്യം കണ്ടപെൺകുട്ടിയെ മനസ്സിൽ ഉറപ്പിച്ചിരുന്നതാണ്‌.(ആ കഥ പിന്നീട്‌)പക്ഷെ ഇവർ ഇതെങ്ങിനെ മനസ്സിലാക്കി..
വിശലേട്ടൻ പരായുന്നമാതിരി ഹൗ എവർ ആ കല്യാണം നടന്നു...ഹപ്പിയായി തല്ലൂടി ജീവിക്കുന്നു.....

സരുവെല്ലിമ്മ പിറ്റേന്നുതന്നെ ആവശ്യമായ ഇൻഗ്രേഡിയൻസ്‌ ചേർത്ത്‌ അന്തിക്കാട്ടെ വിശാലമായ കോൾപടവിലേക്ക്‌ ആ വാർത്ത പ്രക്ഷേപണം ചെയ്തു.കേട്ട പെണ്ണുങ്ങൾ അത്‌ റീപ്രക്ഷേപണം നടത്തി.ചുരുക്കിപ്പറഞ്ഞാൽ പാടത്തു കണ്ണുതട്ടാതിരിക്കാൻ വെച്ച നോക്കുകുത്തിവരെ എന്നോട്‌ "ചന്ത്രാപ്പിന്നീൽ പെണ്ണുകാണാൻപോയിട്ട്‌ എന്തൂട്ടാ ഇണ്ടയേ?" എന്ന് ചോദിക്കുന്ന അവസ്ഥവന്നു. എത്രെം വേഗം ലീവുതീർത്ത്‌ പോയാമതീന്നായി എനിക്ക്‌.

ഈ സംഭവം കഴിഞ്ഞ്‌ അന്തിക്കാട്‌ പാടത്ത്‌ മൂന്നാലുതവണ ഞാറിടലും കൊയ്ത്തും ഒക്കെ കഴിഞ്ഞു....പലതവണാ വിസിറ്റു പുതുക്കാൻ ഞാൻ നാട്ടിൽ വന്നുപോയി....എന്റെ കല്യാണവും കഴിഞ്ഞു..കല്യാണം കഴിഞ്ഞു വിരുന്നിനു പോകുന്ന സമയം...കല്യണത്തിനു മുമ്പ്‌ കിട്ടിയ ഗ്യാപ്പിൽ പറയാൻ ഉള്ളതെല്ലാം ഒരുമാതിരി പറഞ്ഞു തീർത്തോണ്ട്‌ കാര്യായൊന്നു പറയാൻ ഉണ്ടായിരുന്നില്ല രണ്ടാൾക്കും.... അങ്ങെനെ ഇരിക്കുമ്പോൾ ഒരീസം ഇരിങ്ങാലക്കുടയിൽ ഉള്ള ഒരു ബന്ധുവിന്റെ വീട്ടിൽ പോയി നാഷ്ണൽ ഹൈവേ ഒഴിവാക്കി (എന്തിനാ വെറുതെ നവദമ്പതികൾ ലിമിറ്റഡ്‌ സ്റ്റൊപ്പിടിച്ച്‌ മരിച്ചു എന്ന് പത്രക്കാർക്ക്‌ എഴുതുവാൻ ഇടനൽകുന്നേൻങ്കരുതി മാത്രം) ഇടവഴിലൂടെ വരുന്ന സമയം "ചന്ത്രപ്പനീലുള്ള അമ്മായീടെ വീട്ടിൽ പോണം" ചന്ത്രപ്പനീന്ന് കേട്ടതും എനിക്ക്‌ ഒരു കലിപ്പ്‌ വന്നു.
"പിന്നെ പോകാം"സംസാരത്തിൽ അതുവരെ ഉണ്ടായിരുന്ന സൗമ്യത "ഠേ"ന്ന് മാറി.
"പിന്നെ അയ്നായിട്ട്‌ വരാൻ നിക്കണ്ട.... എനിക്കിപ്പോ തന്നെ പോണം....ദാ ഇതിലേ ആദ്യത്തെ ലെഫ്റ്റ്‌ എടുത്ത്‌ പോയാമതി.. പോയില്ലേൽ ആന്റിക്ക്‌ വിഷമമാകും"അവൾ നിർബന്ധിച്ചു.
മനസ്സിലാമനസ്സോടെ വണ്ടി തിരിച്ചു.
ഈശ്വരാ ഇതു പണ്ടു പെണ്ണുകാണാൻ വന്ന വീടിന്റെ അടുത്തണല്ലോ...മുന്നോട്ടുപോകും തോറും വണ്ടിക്ക്‌ വേഗത കുറഞ്ഞു. ഒന്നുരണ്ടുതവൺ സ്പീഡ്‌ കുറഞ്ഞതിനു എഞ്ചിൻ എന്നെ അതിന്റെഭാഷയിൽ ചീത്തവിളിച്ചു. ഒടുവിൽ എത്തിയത്‌ മുമ്പ്‌ പെണ്ണുകാണാൻ പോയ വീടിന്റെ തൊട്ടടുത്ത ഗേയ്റ്റിൽ.
“അപ്പുറത്തുള്ളവർ ആരെങ്കിലും കാണാവോ?“ എന്റെ മനസ്സിൽ ഒരു പെടപെടപ്പ്‌.ഹണിമൂണിനിടയിൽ ഈ പഴങ്കത അവളറിയാതെ പൊതിഞ്ഞുവച്ചതിന്റെ ബുദ്ധിമുട്ട്‌ എനിക്കേ അറിയൂ.അറിഞ്ഞാൽ എന്റെ ഇമേജ്‌ എന്താവും....പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? സോമനാഥ ചാറ്റർജിയെ മാർക്കിസ്റ്റാർ കാണുന്നപോലെ ആവില്ലേ ഇവൾ എന്നെ കാണുക...

"അപ്പോൾ എന്നെ ഇഷ്ടാന്ന് പറഞ്ഞിട്ട്‌ വേറെ കല്യാണത്തിനു ശ്രമിച്ചു അല്ലേ? വഞ്ചകാ..ദുഷ്ടാ.." ഈ ഒരു ചോദ്യം അവൾ ചോദിക്കുന്നതായി ഞാൻ പലതവണ ദു:സ്വപനം കണ്ടിട്ടുള്ളതാണ്‌.

ആന്റി വാതിക്കൽ തന്നെ ഉണ്ടായിരുന്നു.ഭാഗ്യം..അപ്പർത്തെ വീട്ടിലേക്ക്‌ നോക്കാതെ വണ്ടി അവരുടെ പോർച്ചിൽ നിർത്തി പരമാവധി സ്പീഡിൽ അവരുടെ വീടിനകത്തേക്ക്‌ കയറി. വിശേഷങ്ങൾ ചിപ്സിന്റെയും മിക്ചറിന്റേയും ഇടയിലൂടെ പുറത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു.ഇതിനിടയിൽ അവൾ ഒരു ചോദ്യം എടുത്തിട്ടു.
"ആന്റി അപ്പുറത്തെ വീട്ടിലുള്ള സംയുക്താവമ്മേടെ പോലത്തെ കുട്ടീടെ കല്യാണം കഴിഞ്ഞോ?" എന്താന്നറിയില്ല ആ ചോദ്യം എന്റെ ചെവിയിൽ കേട്ടതും അതുവരെ സ്മൂത്തായി കുടിച്ചോണ്ടിരുന്ന ചായ തെരുപ്പിൽ കയറി... കാലിൽ നിന്നും ഒരു പെരുപ്പ് മുകളിലേക്ക്.....
"അതേ ഇവിടെ വരണ ചെക്കന്മാരെ ഒന്നുമവൾക്ക്‌ പിടിച്ചോടന്നില്ല, മോൻ അറിയാവോ നിങ്ങൾടെ അടുത്തുന്ന് ഒരു നല്ല ആലോചന വന്നിരുന്നു. ബഹ്‌റൈനിൽ ഉള്ള ഒരു ചെക്കന്റെ ആലോചന ഏതാണ്ട്‌ ഉറച്ചതാ ....ഒടുവിൽ ചക്കനു നിറം ഇല്ലാന്നു പറഞ്ഞ്‌ ഒഴിഞ്ഞു." ചായ തെരുപ്പിൽ പോയി ചുമക്കുന്നതിനിടയിൽ ആ ചോദ്യം ഞാൻ അവഗണിച്ചു.
"എന്നിട്ട്‌?" കല്യാണം കഴിഞ്ഞുമൂന്നുവർഷമായി കഴിഞ്ഞ ഓഗസ്റ്റ്‌ 28 നു കാണാൻ തുടങ്ങീട്ട്‌ നാലരകൊല്ലവും അതിനിടയിൽ ഒന്നും ഇല്ലാത്ത ഒരു ഉത്സാഹത്തോടെ അവൾടെ ചോദ്യം.
"ഒരു ബസ്സിന്റെ കണ്ടക്ട്രറുകൂടെ ഓടിപ്പോയി. അയാൾക്ക്‌ നല്ല പ്രയം ഉണ്ട്... വേറെ ഭാര്യം രണ്ട് കുട്ട്യോളും ഉണ്ട്‌.." യാത്ര പറഞ്ഞ്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോൾ എന്താന്നറിയില്ല അവരുടെ മുറ്റത്തുനിന്ന് ഞാൻ പലതവണ തൊട്ടടുത്തുള്ള വീട്ടിലേക്ക്നോക്കി... തിരക്കുണ്ടെന്നു പറഞ്ഞാണു പുറത്തെക്കിറങ്ങിയ്തെങ്കിലും ആ മുറ്റത്തു നിന്നു അടുത്ത വീട്ടിലേക്കു നോക്കിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊ ഒരു മനസമാധാനം.......

പാരമൊഴി: "ഈ കുന്ത്രാണ്ടം വായിക്കനൊന്നും എനിക്ക്‌ സമയം ഇല്ല " എന്ന എന്റെ ഭാര്യയുടെ ഒറ്റ വാക്കിന്റെ വിശാസത്തിൽ ആണ്‌ ഈ കഥ ഞാൻ ഇവിടെ എഴുതുന്നത്‌.കുടുമ്പം കലക്കികൾ ഇത്‌ അവൾടെ ശ്രദ്ധയിൽ പെടുത്തരുത്‌..പ്ലീസ്‌ ഇമ്മളായിട്ട് വെറുതെ എന്തിനാ കുടുമ്പകോടതീൽ ഒരു കേസുകൂടെ തീർപ്പാകാതെ കിടത്തുന്നെ?

രാമേന്ദ്രേട്ടനു ആദരഞ്ജലികൾ...

നടുപ്പറമ്പിലോടെ കപ്പലോടീന്നും ഞാൻ ആ ചെത്തണ തെങ്ങിനെ മണ്ടക്കൽക്ക്‌ മാറീതോണ്ട്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ടതാന്നും പറഞ്ഞു ഫലിപ്പിക്കുവാൻ അന്തിക്കാട്‌ ഒരേ ഒരാൾക്കേ പറ്റീർന്നുള്ളൂ..അത്‌ രാമേന്ദ്രേട്ടൻ ആയിരുന്നു.

കുറികിട്യേന്റെ പിറ്റേന്ന് തെങ്ങുമ്മന്ന് വീണപ്പോളും അദ്ദേഹത്തെ കുറിച്ച്‌ ആളുകൾ ഓരോന്ന് പറഞ്ഞുണ്ടാക്കി പക്ഷെ അതൊന്നും അങ്ങേർക്ക്‌ ഏശീർന്നില്ല. അദ്ദേഹത്തിന്റെ അകാലവിയോഗം ഞങ്ങൾക്ക്‌ ഒരു തീരാ നഷ്ടം ആണ്‌. കുന്ത്രണ്ടത്തിലെ പലകഥകളും രാമേന്ദ്രേട്ടനെ ബേയ്സ്‌ ചെയ്തായിരുന്നു ഞാൻ എഴുതുവാൻ ഉദ്ദേശിച്ചിരുന്നത്‌. ഇനി ആ കഥകൾ എഴുതുവാൻ പറ്റുമെന്ന് തോന്നുന്നില്ല....

Tuesday, February 13, 2007

ഫ്ലവര്‍ വാലന്‍സ്‌ ദിനം!

തന്റെ നാലാമത്തെമോള്‍ മിസ്‌ കോക്കാന്മുക്കിനു ഒരു ക്ലാസ്സില്‍ പഠിക്കുന്ന ചെക്കന്‍ ട്യൂഷ്യന്‍ ക്ലാസ്സിന്റെ മണ്ടേല്‍ വെച്ച്‌ ഒരു ബൊക്കകൊടുക്കുന്നത്‌ കണ്ടൂവെന്ന വാര്‍ത്തകേട്ട്‌ രാമുട്യേട്ടന്റെ കണ്ട്രോള്‍ പോയി. കുപ്പിയില്‍ ഭാക്കിയുണ്ടായിരുന്നത്‌ ഒറ്റവലിക്കകത്താക്കി പുള്ളി ഷാപ്പീന്ന് പുറത്തെക്കിറങ്ങി.
"ഏതു ഡേ...ഷ്‌ മോനാണ്ടാ എന്റെ മോള്‍ക്ക്‌ പൂ കൊടുത്തത്‌?"
"പോട്ടെ രാമുട്യേട്ടാ അതു വാലന്റെന്‍സ്‌ ഡേയായതോണ്ട്‌ പിള്ളാര്‍ ചുമ്മാ കൊടുത്തതാ"
"എന്തൂട്ട്‌ ഡേ"
"വാലന്റെന്‍സ്‌ ഡേ"
" ഈ വാലന്റൈസ്‌ ഡേന്നു പറഞ്ഞാ എന്താടാ? രാമുട്യേട്ടന്‍ തന്റെ നിഖണ്ടുവില്‍ ഇല്ലാത്ത വാക്കിന്റെ അര്‍ത്ഥം തിരക്കിയത്‌ സ്ഥലത്തെ പ്രധാന ഫ്ലവര്‍വാലനായ കിഷോറിനോട്‌.

"രാമുട്യേട്ടാ അതീ വിദേശത്തൊക്കെ ലൈനടിക്കുന്ന ചെക്കന്മാര്‍ക്ക്‌ ഒരു ദിവസമുണ്ട്‌ അതന്നെ.അവര്‍ അന്ന് അത്‌ ആര്‍ഭാടാക്കും അതന്നെ."

"കൊള്ളാലോ അപ്പോ ശോഭാ ഡേ, തൊഴിലാളി ഡേ എന്നൊക്കെ പറയുന്നപോലെ ഈ പൂവാലന്മാര്‍ക്കും ഒരു ദിവസൊണ്ടല്ലെ?അവന്മാര്‍ക്കൊക്കെ ഭാക്കി ദിവസങ്ങളില്‍ പണീം തൊഴിലും ഉണ്ട ഇമ്മക്കൊരു കള്ളുടിയന്‍സ്‌ ഡേ ഉണ്ടാകിയാലോ രാമുട്യേട്ടോ?" ഇടക്കുകയറി രഘുവിന്റെ കമന്റ്‌.

"നിനക്കൊക്കെ കലുങ്കുമ്മെ ഡെയ്‌ലി വാലന്റസ്‌ അല്ലെ എന്നാലേ ആ ഡേ എന്റെമോള്‍ടെ അടുത്തെടുത്താല്‍ അവന്റെ ലാസ്റ്റ്‌ ഡേ ആയിരിക്കുന്ന് പറഞ്ഞോ? കൊന്നുകളയും ഞാന്‍ @*&&&*****"

അങ്ങേരുടെ വായിലിരിക്കുന്നത്‌ മുഴുവന്‍ കേള്‍ക്കുന്നതിനു മുമ്പേ ചുള്ളന്‍ സ്കൂട്ടായി. (കണ്ണൂര്‍ക്കാര്‍ പറയുന്നപൊളെ
"അപ്പാട്‌ തുള്ളിക്കളഞ്ഞു.")


പഴയ ഒരു ക്ലാസ്മേറ്റും അവശകാമുക സംഘത്തിന്റെ മണ്ടലം പ്രസിഡണ്ടുമായിരുന്ന ഷൈജൂ ചാഴൂരിന്റെ ആറുവരി കവിത ബ്ലോഗ്ഗിലെ വാലന്മാര്‍ക്കായി കുറിക്കുന്നു.

അവളുടെ കണ്‍മിഴിയിലെ തിളക്കം എന്നെ കവിയാക്കി
അവളുടെ മുഖത്തെ പ്രകാശം എന്നെ കലാകാരനാക്കി
അവളുടെ കവിളിലെ ചുവപ്പ്‌ എന്നിലെ കഥാകാരനെ ഉണര്‍ത്തി
അവളുടെ കിന്നാരങ്ങള്‍ എന്നിലെ കാമുകനെ തരളിതനാക്കി
അവളുടെ ആവശ്യങ്ങള്‍ എന്നിലെ പുരുഷനെ തളര്‍ത്തി
ഒടുവില്‍ അവളുടെ വാക്കുകളിലെ പരിഹാസം എന്നിലെ പ്രാന്തനെ ഇളക്കി.

Sunday, February 04, 2007

ത്ര്ശ്ശൂര്‍ രാഗം 70 ന.ന

മുന്നറിയിപ്പ്‌ ഇതു വല്യ ഹാസ്യമൊന്നുമല്ല. ഒരു നിഷ്ക്കളങ്കന്റെ കഥ.

തെങ്ങേറ്റക്കാരന്‍ കര്‍പ്പുട്ട്യേട്ടന്റെ സഞ്ചാര പരിധി വടക്ക്‌ കാഞ്ഞാണിയും തെക്ക്‌ പടിഞ്ഞാറ്‌ തൃപ്രയാറും കിഴക്ക്‌ പരമാവധി കോലും കഴിഞ്ഞ്‌ പുള്ള്‌ വരെ പടിഞ്ഞാറ്‌ പടിയം ഇത്രയും ഭൂമിയിലെ പരിധി മോളിലോട്ടാണെങ്കില്‍ സൂമാരേട്ടന്റെ കൊളത്തിന്റെ വക്കത്തുള്ള ചമ്പത്തെങ്ങിന്റെ മണ്ടവരെ ഇനിയിപ്പോ താഴേക്കാണെങ്കില്‍ അതും സൂമാരേട്ടന്റെ പാടത്തുള്ള പാതാളകിണറിന്റെ അടിഭാഗം.ഇതിലൊതുങ്ങുന്നു.

മുപ്പത്തഞ്ചുവയാവുമ്പോഴേക്കും പ്രഷര്‍ പ്രമേഹം ഇത്യാദി അസുഖങ്ങളുമായി ആളുകള്‍ നടക്കുമ്പോ പുള്ളി അറുപതാം വയസ്സിലും നല്ല പയറുമണിപോലെ നടക്കുന്നു.ജീവിതത്തില്‍ പുള്ളിക്ക്‌ ഒരു വീഴ്ചമാത്രമേ ഉണ്ടായിട്ടുള്ളൂ അതു പുള്ളിയുടെ സ്വന്തം പുത്രന്റെകാര്യത്തില്‍. ജനിച്ചയുടനെ എന്തോ പന്തീക്കേടുതോന്നി പുത്രനു ഇന്നസെന്റുന്ന് പേരിട്ടൂന്ന് പറഞ്ഞപോലെ ആദ്യം ജനിച്ച സല്‍പുത്രന്റെ മോന്തകണ്ടതും സ്ക്കൂളിലൊന്നും പോയിട്ടിലെങ്കിലും കൂടുതലൊന്നും ആലോചിക്കാതെ ചെക്കനു "സല്‍ഗുണനെന്നു" പേരിട്ടു.വലുതാവുമ്പോ ഡോക്ടറോ എഞ്ചിനീയറോ ഒന്നു ആയി വഴിതെറ്റിപ്പോകരുതെന്നും തന്നെപ്പോലെ ഒരു പേരുകേട്ട തെങ്ങുകയറ്റക്കാരനാകണം എന്നതായിരുന്നു കര്‍പ്പുട്യേട്ടന്റെ ആഗ്രഹം.മകന്‍ ഉന്നതങ്ങളിലേക്ക്‌ കയറിപ്പോകുന്നത്‌ സ്വപ്നം കണ്ട്‌ നടന്ന ആ പിതാവിന്റെ ഹൃദയത്തില്‍ തീകോരിയിട്ടുകൊണ്ട്‌ മകന്‍ വളരാന്‍ തുടങ്ങി.

അറം പറ്റി എന്നൊക്കെ പറയുന്നപോലെ സല്‍ഗുണന്‍ തന്റെ പേരിന്റെ നേരെ ഓപ്പോസിറ്റ്‌ വഴിയിലൂടെ സ്പീഡില്‍ നടന്നു. സ്ക്കൂളില്‍നിന്നും പുറത്താക്കിയതോടെ കോഴിമോഷണം ചെറ്റമാന്തല്‍ തുടങ്ങിയ പരിപാടികളുമായി പതിനാലാം വയസ്സില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തന്റെ ഗുണോധികാരം കൊണ്ട്‌ ചുള്ളന്‍ ഇടക്കിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഒഴിവുള്ള കിടക്കയിലോ വരാന്തയിലോ ഇടം പിടിക്കും. അപ്പോ ഗോപ്യേട്ടന്റെ അല്ലെങ്കില്‍ മറ്റാരുടേങ്കിലും കൂടെ അവിടെവരെ ഒന്ന് പോകും കുറച്ച്‌ നാരങ്ങയും ചിലവിനു കാശും കൊടുത്ത്‌ ഉടനെപോരും.

സാക്ഷരതാക്ലാസ്സില്‍പോയി നാലക്ഷരം പഠിച്ചതിന്റെ ഗുണം തൃശ്ശൂര്‍ യാത്രയില്‍ പുള്ളീ പ്രയോജനപ്പെടുത്തും.കടകളുടേം ബസ്സിന്റെം പേരുവായിക്കലാണ്‌ പുള്ളിയുടെ പ്രധാന ഹോബി.ഒരിക്കല്‍ ഗോപ്യേട്ടന്റെ കൂടെ സല്‍ഗുണനെക്കാണാന്‍ മെഡിക്കല്‍കോളേജ്‌ വരാന്തവരെപോയപ്പോ തൃശ്ശൂരിലെ കോഫീ ഹൗസില്‍ ചായകുടിക്കാന്‍ കയറി.തലപ്പാവു വെച്ച വെയ്റ്ററെ കണ്ടതും ചുള്ളന്‍ എഴുന്നേറ്റു നിന്ന്
"യുവരാജാവേ ഒരു ചായെം വടേം" എന്നു വിനയപൂര്‍വ്വം പറഞ്ഞു. അതുകേട്ട്‌ വെയ്റ്റര്‍ അന്തം വിട്ടു.ഗോപ്യേട്ടന്‍ കര്‍പ്പുട്യേട്ടനെ പിടിച്ച്‌ കസലയില്‍ ഇരുത്തി.

(കോഫീ ഹൗസിലെ വെയ്റ്റേഴ്സ്‌ ഞൊറിവെച്ച തലപ്പാവും വീതിയുള്ള ഒരു ബെല്‍റ്റ്‌ അരയിലും പിന്നെ തോളിലൂടേ ഒരു കുന്ത്രാണ്ടവും ഒക്കെ ഇട്ടിട്ടാണല്ലോ നില്‍പ്പ്‌!)

"ഇവിടെ എന്താ വേണ്ടെ?"
"ഒരു ഗോപി മഞ്ചൂരിയും നാലുചപ്പാത്തിയും."
"അപ്പോ ടാ ഗൊപ്യേ ഇവിടൊക്കെ ചപ്പാത്തിക്കിട്ടണേല്‍ പേരും കൂടെ പറയണോ? എന്നാ ഒരു നാലു കര്‍പ്പുടി മഞ്ചൂരിയന്‍ ചപ്പാത്തിംകൂടെ എടുത്തോളാന്‍ പറഞ്ഞോ."
"ഈ ഗോപി മഞ്ചൂരിയന്‍ ഒരു കറിയാ ഹൗ ഈ മൊതലിനെക്കൊണ്ട്‌ ഞാന്‍ തോറ്റു"
"ടാ ഗോപ്യേ ഇവിടെ വേറേം യുവരാജാക്കന്മാരുണ്ട്‌ അല്ലെ. പാവങ്ങള്‍ എങ്ങനെ ജീവിക്കേണ്ടമക്കളാ, ജീവിക്കാന്‍ വല്ലോന്റെം ഹോട്ടലില്‍ ജോലിചെയ്യുന്നു."
"കര്‍പുട്യേട്ടാ ഇതിവിടത്തെ വേഷാ അല്ലാണ്ടെ ഇവര്‍ രാജാവും ബാലെക്കാരുമൊന്നും അല്ല"

ഫുഡഡി കഴിഞ്ഞു പുറത്തിറങ്ങി രാഗം തീയറ്ററിന്റെ മുമ്പിലെത്തിയതും കര്‍പുട്യേട്ടന്‍ ഒറക്കെ വായിച്ചു.
"തൃശ്ശൂര്‍ രാഗം 70 ന.ന."
രണ്ടാളും സിനിമക്ക്‌ ടിക്കറ്റിനു ശ്രമിച്ചെങ്കിലും തിരക്കായതിനാല്‍ കാണാന്‍ പറ്റിയില്ല. അന്നു കാണാന്‍ പറ്റാഞ്ഞതിന്റെ നിരാശ പുള്ളി അടുത്ത ദിവസം പോയി സിനിമ കണ്ടു തീര്‍ത്തു.തിരിച്ചുവരുമ്പോ മനോജിനെ കൂട്ടുകിട്ടി.
"കര്‍പുട്യേട്ടോ ടൈറ്റാനിക്കിനു പോയിരുന്നൂന്ന് ഗൊപ്യേട്ടന്‍ പറഞ്ഞു. എങ്ങനെയുണ്ട്‌"

"ആദ്യം ഒരു പപ്പടം പറന്നു വരും പിന്നെ അതങ്ങ്ട്‌ പൊട്ടിത്തെറിക്കും. ചെവ്ട്‌ പൊട്ടിപ്പോകും ആറാട്ടുപുഴ പൂരത്തിന്റെ വെടിക്കെട്ടുപോലെ വല്യ ഒച്ചയാ"
(DTS എന്ന് എഴുതിക്കാണിക്കുന്നതിന്റെ കാര്യമാ പുള്ളി പറഞ്ഞത്‌)

"എന്നിട്ട്‌" ആളൊളെ എരികേറ്റുന്നതില്‍ മനോജ്‌ പണ്ടെ മിടുക്കനാ.

"ഹോ പറയുന്നതൊന്നും മനസ്സിലായില്ലടാ ചെക്കാ. ചൂടുള്ള കൊള്ളിക്കെഴങ്ങ്‌ വായിലിട്ടമാതിരിയാ സംസാരം"

"കപ്പലെങ്ങിനെ യുണ്ട്‌?"
"ഇമ്മടെ മോഹന്റെ വഞ്ചിയില്ലെ അതിന്റെ ഒരു നൂറിരട്ടി വലിപ്പമുണ്ടാകും. അതിനകത്ത്‌ കെടക്കേം കട്ടിലും കള്ളുഷാപ്പും ഒക്കെയുണ്ട്‌"

"ഒരു ഓടപ്പഴം പോലുള്ള പെണ്ണുണ്ടെന്ന് കേട്ടല്ലോ, ആ അതെങ്ങനെയുണ്ട്‌"
"അശ്രീകരം അല്ല ഈ കപ്പലില്‍ ഇത്രയും ആളുകളുള്ളപ്പോ കണ്ടൊരുത്തന്റെ മുമ്പില്‍ പോയി മുണ്ടില്ലാണ്ടെ പടം വരക്കാന്‍ കെടന്നുകൊടുത്തിരിക്കുന്നു. എന്റെ മുമ്പിലെങ്ങാനും ആയിരുന്നേല്‍ പച്ചമടലുവെട്ടി പൊറം ഞാന്‍ തല്ലിപ്പോളിച്ചേനെ"
"ഗോപ്യേട്ടന്‍ പറഞ്ഞല്ലോ കര്‍പ്പുട്യേട്ടന്‍ വായുമ്പോളിച്ചിരുന്നു കാണായിരുന്നൂന്ന്"
"അവന്‍ പലതും പറയും നാണമില്ലാത്തോന്‍. ആ പെണ്ണും ആണും ഉമ്മവെക്കുമ്പോ അവന്റെ മോന്തകാണണം വൃത്തികെട്ടവന്‍"

"പടം മുഴുവന്‍ കാണും മുമ്പെ പോന്നൂന്ന് കേട്ടല്ലോ"
"ടാ ഞാന്‍ അട്ടത്തിരുന്ന് കാണണമ്ന്നാ പറഞ്ഞത്‌ അയ്‌നു ടിക്കറ്റു കിട്ടിയില്ല. അതോണ്ടെ തറക്കിരുന്നു കണ്ടു"
"അയ്‌നെന്തിന പടം തീരും മുമ്പെ എണീറ്റ്‌ പോരണെ?"
"ടിമ്മളീ മുന്നിലിരുന്നല്ലെ സിനിമ കാണുന്നത്‌. കപ്പലു മുങ്ങാറായപ്പോഴാ ഞാനൊരുകാര്യം ഓര്‍ത്തത്‌."
"എന്തുകാര്യം?"
"ഇമ്മള്‍ മുമ്പിലിരുന്നല്ലെ സിനിമകാണുന്നത്‌"
"അതിന്‌"

"ടാചെക്കാ നിനക്കെന്തറിയാം ഇമ്മളീ അമ്പലക്കൊളത്തിലും പിന്നെ കോളിലു വെള്ളം കയറുമ്പളും ഒക്കെ കാണണപോലല്ല കടലാ."

"അതിനു കര്‍പ്പുട്യേട്ടാ അതു സിനിമയിലല്ലെ?"

"എന്തോന്ന് സിനിമയില്‍ ടാ എനിക്കെ കടലിലൊന്നു നീന്തി ശീലമില്ല കപ്പലു മുങ്ങിയാല്‍ ആദ്യം വെള്ളത്തീപ്പെട ഇമ്മളാ.മറ്റുള്ളോര്‍ടെ കാരം നോക്കാനൊന്നും ഞാന്‍ നിന്നില്ല എനിക്കേ നാളെ സൂമാരേട്ടന്റെ തയ്യപ്പില്‍ തെങ്ങ്‌ കയറാനുള്ളതാ."


പാരമൊഴി:
കടം വാങ്ങിയും ഉള്ളതും വിറ്റും ഗള്‍ഫില്‍പോയ ജോണ്യേട്ടന്റെ മോന്‍ ക്ലീറ്റസിനെ ഒരത്യാവശ്യകാര്യം അറിയിക്കുവാന്‍ വേണ്ടി വിളിച്ചതാണ്‌ മനോജ്‌.
"ഹലോ ആ ക്ലീറ്റസല്ലെ?"
"അതേ"
"എന്തൂട്രാ നീ ചവക്കുന്നെ?"-മനോജ്‌.
"ഒന്നുല്യടാ ചുള്ളാ ഫുഡ്ഡടിക്കാ"
"എന്തൂട്ട്രാ ടച്ചിങ്ങ്‌സ്‌?"
"ചിക്കന്‍ കടായിയും ചപ്പാത്തീം"
"ഗള്‍ഫില്‍ പോയാലും കടം വാങ്ങുന്ന ശീലം നിര്‍ത്തീട്ടില്ലാലെ. ടാ വല്ല ഒണക്കമീന്‍ ചുട്ടതും കഞ്ഞീം കുടിച്ച്‌ നാട്ടാര്‍ടെ കടം വീട്ടാന്‍ നോക്കടാ ചെക്കാ.. അവന്റെ ഒരു ചിക്കന്‍ കടായി"