Tuesday, February 13, 2007

ഫ്ലവര്‍ വാലന്‍സ്‌ ദിനം!

തന്റെ നാലാമത്തെമോള്‍ മിസ്‌ കോക്കാന്മുക്കിനു ഒരു ക്ലാസ്സില്‍ പഠിക്കുന്ന ചെക്കന്‍ ട്യൂഷ്യന്‍ ക്ലാസ്സിന്റെ മണ്ടേല്‍ വെച്ച്‌ ഒരു ബൊക്കകൊടുക്കുന്നത്‌ കണ്ടൂവെന്ന വാര്‍ത്തകേട്ട്‌ രാമുട്യേട്ടന്റെ കണ്ട്രോള്‍ പോയി. കുപ്പിയില്‍ ഭാക്കിയുണ്ടായിരുന്നത്‌ ഒറ്റവലിക്കകത്താക്കി പുള്ളി ഷാപ്പീന്ന് പുറത്തെക്കിറങ്ങി.
"ഏതു ഡേ...ഷ്‌ മോനാണ്ടാ എന്റെ മോള്‍ക്ക്‌ പൂ കൊടുത്തത്‌?"
"പോട്ടെ രാമുട്യേട്ടാ അതു വാലന്റെന്‍സ്‌ ഡേയായതോണ്ട്‌ പിള്ളാര്‍ ചുമ്മാ കൊടുത്തതാ"
"എന്തൂട്ട്‌ ഡേ"
"വാലന്റെന്‍സ്‌ ഡേ"
" ഈ വാലന്റൈസ്‌ ഡേന്നു പറഞ്ഞാ എന്താടാ? രാമുട്യേട്ടന്‍ തന്റെ നിഖണ്ടുവില്‍ ഇല്ലാത്ത വാക്കിന്റെ അര്‍ത്ഥം തിരക്കിയത്‌ സ്ഥലത്തെ പ്രധാന ഫ്ലവര്‍വാലനായ കിഷോറിനോട്‌.

"രാമുട്യേട്ടാ അതീ വിദേശത്തൊക്കെ ലൈനടിക്കുന്ന ചെക്കന്മാര്‍ക്ക്‌ ഒരു ദിവസമുണ്ട്‌ അതന്നെ.അവര്‍ അന്ന് അത്‌ ആര്‍ഭാടാക്കും അതന്നെ."

"കൊള്ളാലോ അപ്പോ ശോഭാ ഡേ, തൊഴിലാളി ഡേ എന്നൊക്കെ പറയുന്നപോലെ ഈ പൂവാലന്മാര്‍ക്കും ഒരു ദിവസൊണ്ടല്ലെ?അവന്മാര്‍ക്കൊക്കെ ഭാക്കി ദിവസങ്ങളില്‍ പണീം തൊഴിലും ഉണ്ട ഇമ്മക്കൊരു കള്ളുടിയന്‍സ്‌ ഡേ ഉണ്ടാകിയാലോ രാമുട്യേട്ടോ?" ഇടക്കുകയറി രഘുവിന്റെ കമന്റ്‌.

"നിനക്കൊക്കെ കലുങ്കുമ്മെ ഡെയ്‌ലി വാലന്റസ്‌ അല്ലെ എന്നാലേ ആ ഡേ എന്റെമോള്‍ടെ അടുത്തെടുത്താല്‍ അവന്റെ ലാസ്റ്റ്‌ ഡേ ആയിരിക്കുന്ന് പറഞ്ഞോ? കൊന്നുകളയും ഞാന്‍ @*&&&*****"

അങ്ങേരുടെ വായിലിരിക്കുന്നത്‌ മുഴുവന്‍ കേള്‍ക്കുന്നതിനു മുമ്പേ ചുള്ളന്‍ സ്കൂട്ടായി. (കണ്ണൂര്‍ക്കാര്‍ പറയുന്നപൊളെ
"അപ്പാട്‌ തുള്ളിക്കളഞ്ഞു.")


പഴയ ഒരു ക്ലാസ്മേറ്റും അവശകാമുക സംഘത്തിന്റെ മണ്ടലം പ്രസിഡണ്ടുമായിരുന്ന ഷൈജൂ ചാഴൂരിന്റെ ആറുവരി കവിത ബ്ലോഗ്ഗിലെ വാലന്മാര്‍ക്കായി കുറിക്കുന്നു.

അവളുടെ കണ്‍മിഴിയിലെ തിളക്കം എന്നെ കവിയാക്കി
അവളുടെ മുഖത്തെ പ്രകാശം എന്നെ കലാകാരനാക്കി
അവളുടെ കവിളിലെ ചുവപ്പ്‌ എന്നിലെ കഥാകാരനെ ഉണര്‍ത്തി
അവളുടെ കിന്നാരങ്ങള്‍ എന്നിലെ കാമുകനെ തരളിതനാക്കി
അവളുടെ ആവശ്യങ്ങള്‍ എന്നിലെ പുരുഷനെ തളര്‍ത്തി
ഒടുവില്‍ അവളുടെ വാക്കുകളിലെ പരിഹാസം എന്നിലെ പ്രാന്തനെ ഇളക്കി.

Sunday, February 04, 2007

ത്ര്ശ്ശൂര്‍ രാഗം 70 ന.ന

മുന്നറിയിപ്പ്‌ ഇതു വല്യ ഹാസ്യമൊന്നുമല്ല. ഒരു നിഷ്ക്കളങ്കന്റെ കഥ.

തെങ്ങേറ്റക്കാരന്‍ കര്‍പ്പുട്ട്യേട്ടന്റെ സഞ്ചാര പരിധി വടക്ക്‌ കാഞ്ഞാണിയും തെക്ക്‌ പടിഞ്ഞാറ്‌ തൃപ്രയാറും കിഴക്ക്‌ പരമാവധി കോലും കഴിഞ്ഞ്‌ പുള്ള്‌ വരെ പടിഞ്ഞാറ്‌ പടിയം ഇത്രയും ഭൂമിയിലെ പരിധി മോളിലോട്ടാണെങ്കില്‍ സൂമാരേട്ടന്റെ കൊളത്തിന്റെ വക്കത്തുള്ള ചമ്പത്തെങ്ങിന്റെ മണ്ടവരെ ഇനിയിപ്പോ താഴേക്കാണെങ്കില്‍ അതും സൂമാരേട്ടന്റെ പാടത്തുള്ള പാതാളകിണറിന്റെ അടിഭാഗം.ഇതിലൊതുങ്ങുന്നു.

മുപ്പത്തഞ്ചുവയാവുമ്പോഴേക്കും പ്രഷര്‍ പ്രമേഹം ഇത്യാദി അസുഖങ്ങളുമായി ആളുകള്‍ നടക്കുമ്പോ പുള്ളി അറുപതാം വയസ്സിലും നല്ല പയറുമണിപോലെ നടക്കുന്നു.ജീവിതത്തില്‍ പുള്ളിക്ക്‌ ഒരു വീഴ്ചമാത്രമേ ഉണ്ടായിട്ടുള്ളൂ അതു പുള്ളിയുടെ സ്വന്തം പുത്രന്റെകാര്യത്തില്‍. ജനിച്ചയുടനെ എന്തോ പന്തീക്കേടുതോന്നി പുത്രനു ഇന്നസെന്റുന്ന് പേരിട്ടൂന്ന് പറഞ്ഞപോലെ ആദ്യം ജനിച്ച സല്‍പുത്രന്റെ മോന്തകണ്ടതും സ്ക്കൂളിലൊന്നും പോയിട്ടിലെങ്കിലും കൂടുതലൊന്നും ആലോചിക്കാതെ ചെക്കനു "സല്‍ഗുണനെന്നു" പേരിട്ടു.വലുതാവുമ്പോ ഡോക്ടറോ എഞ്ചിനീയറോ ഒന്നു ആയി വഴിതെറ്റിപ്പോകരുതെന്നും തന്നെപ്പോലെ ഒരു പേരുകേട്ട തെങ്ങുകയറ്റക്കാരനാകണം എന്നതായിരുന്നു കര്‍പ്പുട്യേട്ടന്റെ ആഗ്രഹം.മകന്‍ ഉന്നതങ്ങളിലേക്ക്‌ കയറിപ്പോകുന്നത്‌ സ്വപ്നം കണ്ട്‌ നടന്ന ആ പിതാവിന്റെ ഹൃദയത്തില്‍ തീകോരിയിട്ടുകൊണ്ട്‌ മകന്‍ വളരാന്‍ തുടങ്ങി.

അറം പറ്റി എന്നൊക്കെ പറയുന്നപോലെ സല്‍ഗുണന്‍ തന്റെ പേരിന്റെ നേരെ ഓപ്പോസിറ്റ്‌ വഴിയിലൂടെ സ്പീഡില്‍ നടന്നു. സ്ക്കൂളില്‍നിന്നും പുറത്താക്കിയതോടെ കോഴിമോഷണം ചെറ്റമാന്തല്‍ തുടങ്ങിയ പരിപാടികളുമായി പതിനാലാം വയസ്സില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തന്റെ ഗുണോധികാരം കൊണ്ട്‌ ചുള്ളന്‍ ഇടക്കിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഒഴിവുള്ള കിടക്കയിലോ വരാന്തയിലോ ഇടം പിടിക്കും. അപ്പോ ഗോപ്യേട്ടന്റെ അല്ലെങ്കില്‍ മറ്റാരുടേങ്കിലും കൂടെ അവിടെവരെ ഒന്ന് പോകും കുറച്ച്‌ നാരങ്ങയും ചിലവിനു കാശും കൊടുത്ത്‌ ഉടനെപോരും.

സാക്ഷരതാക്ലാസ്സില്‍പോയി നാലക്ഷരം പഠിച്ചതിന്റെ ഗുണം തൃശ്ശൂര്‍ യാത്രയില്‍ പുള്ളീ പ്രയോജനപ്പെടുത്തും.കടകളുടേം ബസ്സിന്റെം പേരുവായിക്കലാണ്‌ പുള്ളിയുടെ പ്രധാന ഹോബി.ഒരിക്കല്‍ ഗോപ്യേട്ടന്റെ കൂടെ സല്‍ഗുണനെക്കാണാന്‍ മെഡിക്കല്‍കോളേജ്‌ വരാന്തവരെപോയപ്പോ തൃശ്ശൂരിലെ കോഫീ ഹൗസില്‍ ചായകുടിക്കാന്‍ കയറി.തലപ്പാവു വെച്ച വെയ്റ്ററെ കണ്ടതും ചുള്ളന്‍ എഴുന്നേറ്റു നിന്ന്
"യുവരാജാവേ ഒരു ചായെം വടേം" എന്നു വിനയപൂര്‍വ്വം പറഞ്ഞു. അതുകേട്ട്‌ വെയ്റ്റര്‍ അന്തം വിട്ടു.ഗോപ്യേട്ടന്‍ കര്‍പ്പുട്യേട്ടനെ പിടിച്ച്‌ കസലയില്‍ ഇരുത്തി.

(കോഫീ ഹൗസിലെ വെയ്റ്റേഴ്സ്‌ ഞൊറിവെച്ച തലപ്പാവും വീതിയുള്ള ഒരു ബെല്‍റ്റ്‌ അരയിലും പിന്നെ തോളിലൂടേ ഒരു കുന്ത്രാണ്ടവും ഒക്കെ ഇട്ടിട്ടാണല്ലോ നില്‍പ്പ്‌!)

"ഇവിടെ എന്താ വേണ്ടെ?"
"ഒരു ഗോപി മഞ്ചൂരിയും നാലുചപ്പാത്തിയും."
"അപ്പോ ടാ ഗൊപ്യേ ഇവിടൊക്കെ ചപ്പാത്തിക്കിട്ടണേല്‍ പേരും കൂടെ പറയണോ? എന്നാ ഒരു നാലു കര്‍പ്പുടി മഞ്ചൂരിയന്‍ ചപ്പാത്തിംകൂടെ എടുത്തോളാന്‍ പറഞ്ഞോ."
"ഈ ഗോപി മഞ്ചൂരിയന്‍ ഒരു കറിയാ ഹൗ ഈ മൊതലിനെക്കൊണ്ട്‌ ഞാന്‍ തോറ്റു"
"ടാ ഗോപ്യേ ഇവിടെ വേറേം യുവരാജാക്കന്മാരുണ്ട്‌ അല്ലെ. പാവങ്ങള്‍ എങ്ങനെ ജീവിക്കേണ്ടമക്കളാ, ജീവിക്കാന്‍ വല്ലോന്റെം ഹോട്ടലില്‍ ജോലിചെയ്യുന്നു."
"കര്‍പുട്യേട്ടാ ഇതിവിടത്തെ വേഷാ അല്ലാണ്ടെ ഇവര്‍ രാജാവും ബാലെക്കാരുമൊന്നും അല്ല"

ഫുഡഡി കഴിഞ്ഞു പുറത്തിറങ്ങി രാഗം തീയറ്ററിന്റെ മുമ്പിലെത്തിയതും കര്‍പുട്യേട്ടന്‍ ഒറക്കെ വായിച്ചു.
"തൃശ്ശൂര്‍ രാഗം 70 ന.ന."
രണ്ടാളും സിനിമക്ക്‌ ടിക്കറ്റിനു ശ്രമിച്ചെങ്കിലും തിരക്കായതിനാല്‍ കാണാന്‍ പറ്റിയില്ല. അന്നു കാണാന്‍ പറ്റാഞ്ഞതിന്റെ നിരാശ പുള്ളി അടുത്ത ദിവസം പോയി സിനിമ കണ്ടു തീര്‍ത്തു.തിരിച്ചുവരുമ്പോ മനോജിനെ കൂട്ടുകിട്ടി.
"കര്‍പുട്യേട്ടോ ടൈറ്റാനിക്കിനു പോയിരുന്നൂന്ന് ഗൊപ്യേട്ടന്‍ പറഞ്ഞു. എങ്ങനെയുണ്ട്‌"

"ആദ്യം ഒരു പപ്പടം പറന്നു വരും പിന്നെ അതങ്ങ്ട്‌ പൊട്ടിത്തെറിക്കും. ചെവ്ട്‌ പൊട്ടിപ്പോകും ആറാട്ടുപുഴ പൂരത്തിന്റെ വെടിക്കെട്ടുപോലെ വല്യ ഒച്ചയാ"
(DTS എന്ന് എഴുതിക്കാണിക്കുന്നതിന്റെ കാര്യമാ പുള്ളി പറഞ്ഞത്‌)

"എന്നിട്ട്‌" ആളൊളെ എരികേറ്റുന്നതില്‍ മനോജ്‌ പണ്ടെ മിടുക്കനാ.

"ഹോ പറയുന്നതൊന്നും മനസ്സിലായില്ലടാ ചെക്കാ. ചൂടുള്ള കൊള്ളിക്കെഴങ്ങ്‌ വായിലിട്ടമാതിരിയാ സംസാരം"

"കപ്പലെങ്ങിനെ യുണ്ട്‌?"
"ഇമ്മടെ മോഹന്റെ വഞ്ചിയില്ലെ അതിന്റെ ഒരു നൂറിരട്ടി വലിപ്പമുണ്ടാകും. അതിനകത്ത്‌ കെടക്കേം കട്ടിലും കള്ളുഷാപ്പും ഒക്കെയുണ്ട്‌"

"ഒരു ഓടപ്പഴം പോലുള്ള പെണ്ണുണ്ടെന്ന് കേട്ടല്ലോ, ആ അതെങ്ങനെയുണ്ട്‌"
"അശ്രീകരം അല്ല ഈ കപ്പലില്‍ ഇത്രയും ആളുകളുള്ളപ്പോ കണ്ടൊരുത്തന്റെ മുമ്പില്‍ പോയി മുണ്ടില്ലാണ്ടെ പടം വരക്കാന്‍ കെടന്നുകൊടുത്തിരിക്കുന്നു. എന്റെ മുമ്പിലെങ്ങാനും ആയിരുന്നേല്‍ പച്ചമടലുവെട്ടി പൊറം ഞാന്‍ തല്ലിപ്പോളിച്ചേനെ"
"ഗോപ്യേട്ടന്‍ പറഞ്ഞല്ലോ കര്‍പ്പുട്യേട്ടന്‍ വായുമ്പോളിച്ചിരുന്നു കാണായിരുന്നൂന്ന്"
"അവന്‍ പലതും പറയും നാണമില്ലാത്തോന്‍. ആ പെണ്ണും ആണും ഉമ്മവെക്കുമ്പോ അവന്റെ മോന്തകാണണം വൃത്തികെട്ടവന്‍"

"പടം മുഴുവന്‍ കാണും മുമ്പെ പോന്നൂന്ന് കേട്ടല്ലോ"
"ടാ ഞാന്‍ അട്ടത്തിരുന്ന് കാണണമ്ന്നാ പറഞ്ഞത്‌ അയ്‌നു ടിക്കറ്റു കിട്ടിയില്ല. അതോണ്ടെ തറക്കിരുന്നു കണ്ടു"
"അയ്‌നെന്തിന പടം തീരും മുമ്പെ എണീറ്റ്‌ പോരണെ?"
"ടിമ്മളീ മുന്നിലിരുന്നല്ലെ സിനിമ കാണുന്നത്‌. കപ്പലു മുങ്ങാറായപ്പോഴാ ഞാനൊരുകാര്യം ഓര്‍ത്തത്‌."
"എന്തുകാര്യം?"
"ഇമ്മള്‍ മുമ്പിലിരുന്നല്ലെ സിനിമകാണുന്നത്‌"
"അതിന്‌"

"ടാചെക്കാ നിനക്കെന്തറിയാം ഇമ്മളീ അമ്പലക്കൊളത്തിലും പിന്നെ കോളിലു വെള്ളം കയറുമ്പളും ഒക്കെ കാണണപോലല്ല കടലാ."

"അതിനു കര്‍പ്പുട്യേട്ടാ അതു സിനിമയിലല്ലെ?"

"എന്തോന്ന് സിനിമയില്‍ ടാ എനിക്കെ കടലിലൊന്നു നീന്തി ശീലമില്ല കപ്പലു മുങ്ങിയാല്‍ ആദ്യം വെള്ളത്തീപ്പെട ഇമ്മളാ.മറ്റുള്ളോര്‍ടെ കാരം നോക്കാനൊന്നും ഞാന്‍ നിന്നില്ല എനിക്കേ നാളെ സൂമാരേട്ടന്റെ തയ്യപ്പില്‍ തെങ്ങ്‌ കയറാനുള്ളതാ."


പാരമൊഴി:
കടം വാങ്ങിയും ഉള്ളതും വിറ്റും ഗള്‍ഫില്‍പോയ ജോണ്യേട്ടന്റെ മോന്‍ ക്ലീറ്റസിനെ ഒരത്യാവശ്യകാര്യം അറിയിക്കുവാന്‍ വേണ്ടി വിളിച്ചതാണ്‌ മനോജ്‌.
"ഹലോ ആ ക്ലീറ്റസല്ലെ?"
"അതേ"
"എന്തൂട്രാ നീ ചവക്കുന്നെ?"-മനോജ്‌.
"ഒന്നുല്യടാ ചുള്ളാ ഫുഡ്ഡടിക്കാ"
"എന്തൂട്ട്രാ ടച്ചിങ്ങ്‌സ്‌?"
"ചിക്കന്‍ കടായിയും ചപ്പാത്തീം"
"ഗള്‍ഫില്‍ പോയാലും കടം വാങ്ങുന്ന ശീലം നിര്‍ത്തീട്ടില്ലാലെ. ടാ വല്ല ഒണക്കമീന്‍ ചുട്ടതും കഞ്ഞീം കുടിച്ച്‌ നാട്ടാര്‍ടെ കടം വീട്ടാന്‍ നോക്കടാ ചെക്കാ.. അവന്റെ ഒരു ചിക്കന്‍ കടായി"