Tuesday, November 20, 2012
ഓടിട്ട തറവാട് വീടിന്റെ പുതുക്കിപ്പണിത മുന്‍ ഭാഗം. മുന്‍വശത്ത് വിശാലമായ കോള്‍ പാടം. കോള്‍ പാടത്തു നിന്നും വരുന്ന കാറ്റും കൊണ്ട് നല്ല കായല്‍ മീനും ഞണ്ട് ഫ്രൈയും അന്തിക്കാടന്‍ കള്ളുമായി അല്പം നേരം പോക്കും പറഞ്ഞ് ഇരിക്കുകയായിരുന്നു ഞാനും ആനന്ദേട്ടനും.
കുപ്പിയില്‍ നിന്നും ഗ്ലാസിലേക്ക് ആനന്ദേട്ടന്‍ കള്ള് പകര്‍ന്നു. ഒരു ഗ്ലാസ് എനിക്ക് നീട്ടി
അയ്യോ ഇത് ശരിയാവില്ലാ. വെയര്‍ത്താല്‍ അന്യായ സ്മെല്ലടിക്കും.
അതേ ഇത് നീ കരുതണ പോലെ അല്ല. നല്ല എളം കള്ളാ. രാവിലെ ആ സുരേഷിനോട് പറഞ്ഞ് പ്രത്യേകം എടുത്ത് മാറ്റി വച്ചത്.
എന്നാലും ..
ഒരെന്നാലും ഇല്ലാ ..നീ ഒരു ഗ്ലാസങ്ട് പിടിപ്പിക്ക്. ഒരു ഗ്ലാസ് കള്ളുടിച്ചോണ്ട് ഒരു ദോഷോം ഇല്ല.. ദേ നല്ല കോളുമീന്‍ വര്‍ത്തതുണ്ട്. ഞണ്ടും...
ഇപ്പോള്‍ത്തെ പിള്ളരെ പൊടിച്ച് വരണേട്ട് മുമ്പെ കുടി തൊടങ്ങും. അല്ലേ ആനന്ദേട്ടാ?
ഞണ്ടിന്റെ ഒരു കഷണം എടുത്ത് തിന്നുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.
ഓ എന്തോന്ന് കള്ളൂകുടി. ഇവന്മാരുടെ വിചാരം അപ്പന്റെ കീശേന്ന് കാശടിച്ച് ബീവറേജില്‍ ക്യൂ നിന്ന് സാധനം വങ്ങി ബോധമില്ലാണ്ടാവണ വരെ കുടിക്കണതാ വലിയ സംഭവന്ന്. കുടിയുടെ ത്രില്‍ അറിയണേല്‍ അത് രാത്രി തെങ്ങില്‍ കയറി ആരുമറിയാതെ നേരിട്ടു കള്ളുകുടിക്ക തന്നെ വേണം.
ഞങ്ങള്‍ അന്നൊക്കെ എടക്ക് ഒരു ത്രില്ലിനു രാത്രി തവളയെ പിടിക്കാന്‍ ഇറങ്ങും. ഭാസ്കരേട്ടന്റെ തെങ്ങും പറമ്പിന്റെ അപ്പുറത്ത് ചണ്ടി മൂടിയ ഒരു കൊളമുണ്ടായിരുന്നു. അതില്‍ നല്ലോണം തവളയുണ്ടാകും. ഞാനും ജോസഫും തവളയെ പിടിക്കും. പാചകം ചെയ്യാനുള്ള സ്ാഗ്രികള്‍ ഒക്കെ കൂടെ കരുതീട്ടുണ്ടാകും. ഒരു പത്തിരുപത്തഞ്ചെണ്ണം ആയാല്‍ അപ്പോള്‍ തന്നെ അവിടെ വച്ച് സംഗതി അങ്ങ്ട് ശരിയാക്കും. രാമേട്ടന്‍ തെങ്ങ്‌മ്മെ കേറി കള്ളൂറ്റി കൊണ്ടന്നിട്ടുണ്ടാകും. പിന്നെ കഥപറച്ചിലും കള്ളുകുടിയുമൊക്കെയായി നേരം വെളുക്കോളം അവിടെ തന്നെ. അതൊക്കെ ഒരു കാലം ഇപ്ലത്തെ പിള്ളാര്‍ക്ക് അതൊക്കെ ഓര്‍ക്കാന്‍ കൂടെ പറ്റോ?
ചേട്ടന്‍ കഞ്ചാവടിച്ചിട്ടുണ്ടോ?
ഒരിക്കല്‍. അത് എങ്ങനാച്ചാല്‍ മൂത്ത പെങ്ങളെ അക്കരക്കാണല്ലോ കൊടുത്തിട്ടുള്ളത്. അളിയന്റെ ഒരു അനിയന്‍ ഉണ്ട് പ്രകാശന്‍. പഴയേ എമ്മേക്കാരനാ ആള്‍ക്ക് പക്ഷെ നക്സലേറ്റിന്റെ ഒക്കെ എന്തോ പരിപാട്യൊക്കെ ഉണ്ടായിരുന്നു. അന്ന് കരണാകരന്റെ പ്രതാപ കാലമാണ്. അങ്ങനെ ഇരിക്കുമ്പോള്‍ അട്യേന്തരാവസ്ഥ വരണത്. അന്ന് ഇങ്ങേരു ഇമ്മടെ തറവാട്ടിലാ ഒളിവില്‍ കഴിഞ്ഞേ. ആ സമയത്ത് ആള്‍ടെ കാര്യങ്ങള്‍ ഞാനാ നോക്കിക്കോടന്നേ. ആളു നല്ലോണം വലിക്കും. ദിനേശ് ബീഡിയാണ്. ഒരീസം മൂപ്പരെന്നോട് ചോദിച്ചു കഞ്ചാവാണ് വലിക്കണോന്ന്. വേണ്ടാന്ന് പറയണ സ്വഭാവം പണ്ടും എനിക്കില്ലല്ലോ. ഞാന്‍ ഒരു ബീഡി മുഴുവനും വലിച്ചു. പോരാത്തേന്ന് ഒന്നു രണ്ടു പൂവമ്പഴോം തിന്നു. അരമണിക്കൂറു കഴിഞ്ഞില്ല ചര്‍ദ്ദില്‍ പിടിച്ചില്ലേ,എന്തിനു പറയുന്നൂ നേരത്തൊട് നേരമെത്തീട്ടാ പിന്നെ എഴുന്നേറ്റേ. അതോടെ കഞ്ചാവിന്റെ പരിപാടി നിര്‍ത്തി.
കള്ളും കഞ്ചാവും കഴിഞ്ഞു. ഇനി പ്രേമം…
ഇപ്പോള്‍ എന്തോന്ന് പ്രേമം. മൊബ്ൈലില് നേരം വെളുക്കോളം കുറുങ്ങിക്കൊണ്ടിരിക്കണതാ. അല്ലെങ്കില്‍ ആണും പെണ്ണും തമ്മിലുള്ളത് ഫോട്ടം പിടിക്കണതോ? അതൊന്നല്ലട പ്രേംമ. പ്രെമം എന്ന് വച്ചാല്‍ പണ്ടല്ലേ. പ്രേമത്തിന്റെ സുഖം അറിയണേല്‍ കാത്തിരിപ്പു വേണം, കണ്ണുകൊണ്ട് സംസാരിക്കണം. വല്ലപ്പോളും കാണുകയുമ്മിണ്ടുകയും ചെയ്യാന്‍ പറ്റുമ്പോള്‍ ഉള്ള ഒരു സുഖമില്ലേ അതീ നേരം വെളുക്കണ വരെ മൊബൈലില്‍ കുറുങ്ങ്യാല്‍ കിട്ടില്ല.
ചെട്ടന്‍ ആര്യാ ആദ്യം പ്രേമിച്ചത്?
അങ്ങനെ വേണംന്ന് വച്ചിട്ട് പ്രേമിച്ചതല്ല. അങ്ങനെ പറയാണെങ്കില്‍ നമ്മുടെ മേപ്പാട്ടെ സരസ്വതിയില്ലേ അവളായിട്ടുള്ള ഒരു സംഗതിയാണ്. അവള്‍ അന്ന് പത്താം ക്ലാസ് കഴിഞ്ഞ് ടൈപ്പിനു പോകണ കാലം. 1973-ല്‍ ആണ് കേട്ട. നിനക്കറിയോ അന്ന് വീട്ടില്‍ ഞാനും അമ്മ്യേം മാത്രമേ ഉള്ളൂ. മൂത്ത ചേട്ടന്‍ ബിലായില്‍, പെങ്ങന്മാരെ കെട്ടിച്ചു വിട്ടു. അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ നടത്തീര്‍ന്ന കൊപ്രവെട്ടിന്റെ ഏര്‍പ്പാട് ഞാന്‍ ചെറിയ തൊതില്‍ ചെയ്യണുണ്ട്.
അന്ന് മാഷോട്ത്തെ സൂമാരനും ഞാനും പിന്നെ (വാസ്വേവന്‍) വാസുദേവനും ഒക്കെ അടുത്ത കൂട്ടുകാരാണ്. വാസൂന് സരസൂനെ ഒരു നോട്ടം ഉണ്ടായിരുന്നു.അവനവളോട് കലശാലായ പ്രേമം പറയാനൊട്ട് ധൈര്യവുമില്ല. അവള്‍ടെ അച്ചന്‍ അന്നു വലിയ പ്രമാണിയാണല്ലോ.
ഒരു ദിവസം രാത്രി ഇമ്മടെ കണ്ടശ്ശാം കടവീന്ന് സിനിമയും കണ്ട് വരണ വഴി ഞങ്ങള്‍ തമ്മില്‍ സരസൂന്റെ കാര്യം ചര്‍ച്ച ചെയ്തു. എന്തായാലും സംഗതി അവളൊട് തൊറന്ന് പറയന്നെ എന്ന് വാസൂനോട് ഞാന്‍ പറഞ്ഞു. . എന്തു വന്നാലും ഞങ്ങളു കൂടെ ഉണ്ടെന്ന് പറഞ്ഞിട്ടും അവനു ധൈര്യം പോര. പറഞ്ഞു പറഞ്ഞ് അതൊരു തര്‍ക്കമായി അവന്‍ പറഞ്ഞു അത്രയ്ക്ക് ധൈര്യമുണ്ടെല്‍ നീ ഒന്ന് പറയാന്‍ പറഞ്ഞ്. ഒടുക്കം ഞാന്‍ പറഞ്ഞു നിനക്ക് പേടിയാണേല്‍ ഞാന്‍ പറഞ്ഞോളാന്ന്.
എന്നിട്ടു പറഞ്ഞോ?
ഇമ്മക്ക് അന്നും ഇന്നും പേടീന്ന് പറയണ സാധനം ഇല്ലല്ലോ. ഒരു കാര്യം ചെയ്യണന്ന് വച്ചാല്‍ അത് ചെയ്തിട്ടേ പിന്നെ ഉറക്കമുള്ളൂ. പിറ്റേന്ന് കാലത്ത് തന്നെ കുളിച്ച് കഞ്ഞികുടിച്ച് കാലത്ത് സെന്ററില്‍ക്ക് സൈക്കിളും എടുത്ത് പുറപ്പെട്ടു.ആ സമയത്ത് ഒരു ദാവണിയൊക്കെ ഉടുത്ത് സരസു മുന്നില്‍ പോകുന്നു. ഞാന്‍ സൈക്കിളിന്റെ സ്പീഡ് കൂട്ടി. അവള്‍ടെ അടുത്ത് ചെന്നു സൈക്കിള്‍ വട്ടം വച്ചു. എന്നിട്ട് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടാന്ന്.
അയ്യോ എന്നിട്ട് പ്രശ്നമായോ?
ആയോന്നോ. നേരു പറഞ്ഞാല്‍ ഒരാവേശത്തിനു ഞാന്‍ പറഞ്ഞതാ. അവള്‍ അയ്യോന്ന് പറഞ്ഞ് കരഞ്ഞോട് തിരിഞ്ഞോടി. ആ സമയത്ത് ചെത്താരന്‍ വിജയേട്ടനും, വള്ളൂക്കടവന്മാരോടത്തെ ജോര്‍ജ്ജാപ്ലേം അളിയന്‍ റപ്പായേട്ടനും വരണത്. എന്താണ്ടാ ചെക്കാ ആ പെണ്‍കുട്ടി കരഞ്ഞോണ്ടോടണേന്ന് ചോദിച്ച് എന്നെ പിടിച്ച് നിര്‍ത്തി. ആ ചെള്ളീലെ മാധവ്യേടത്തി അവളെ സമാധാനിപ്പിക്കാന്‍ എത്തി. അവരു കാര്യം ചോദിച്ചു. അവള്‍ നിര്‍ത്താണ്ടെ
കരയന്നെ.അപ്പോള്‍ക്കും ആള്‍ക്കരു കൂടി.
ന്ന്ട്ട് എന്താ ഉണ്ടായേ?
ഈ വിജയേട്ടനു എന്റെ ചേട്ടനായിട്ട് ചില പ്രശനങ്ങള്‍ ഉണ്ട്. ആ ഒരു ചൊരുക്കു വച്ച് അങ്ങേര്‍ക്ക് എന്നെ തല്ലണം. ഞാന്‍ പറഞ്ഞു സംഗതി ഞാന്‍ അവളോട് ഇഷ്ടാന്ന് പറഞ്ഞത് സമ്മതിക്കുന്നു. അതിന്റെ പേരില്. എന്റെ ദേഹത്ത് തൊട്ടാല്‍ സകലതിനേയും ഞാന്‍ വീട്ടില്‍ കെടത്തി പൊറുപ്പിക്കില്ലാന്ന്.
അപ്പോ?
അറിയാലോ വിജയേട്ടനും ജോര്‍ജ്ജാപ്ലേം നല്ല ആരോഗ്യമുള്ളവരാ. ഒരടി കിട്ടിയാല്‍ അതോടെ പണി തീരും. പക്ഷെ എന്റെ ആ നേരത്തെ മുഖഭാവം കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി സംഗതി പന്ത്യല്ലാന്ന്. അതൊണ്ട് അവര്‍ തല്ലാന്‍ നിന്നില്ല. കുറേ ചീത്തപറഞ്ഞു. അതിന്റെ എടേല് ഇമ്മടെ മോഹനേട്ടന്റെ അച്ചന്‍ ഉണ്ട് കര്‍പ്പേട്ടന്‍ ആളു വന്ന് എല്ലാവരം സമാധാനാക്കി പിരിച്ചു വിട്ടു. എന്നെ വീട്ടില്‍ കൊണ്ടന്നാക്കി. അമ്മ ഈ വിവരം ഒന്നും അറിയണ്ടാന്ന് പറഞ്ഞു.
ന്ന്‌ട്ട് അമ്മ അറിഞ്ഞോ?
പിന്നില്ല്യാണ്ട്. അന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ആ വപ്പൊഴത്തെ സരോജന്യേച്ചി വന്നു സകല വിവരവും അങ്ങ്ടാ വെളമ്പിയില്ലേ. അമ്മ നെഞ്ചത്തടിയും നെലോളിയും. ഈ കുരുത്തം കെട്ടവന്‍ എങ്ങിനെ എന്റെ വയറ്റീപെറന്നൂ..ഞാനിനി എങ്ങിനെ നാത്തൂന്റെ മോത്തു നോക്കും (ഈ സരസൂന്റെ അമ്മ ജാനകേച്ചി അമ്മേടെ ഒരു ബന്ധുവാണേ) എന്നൊക്കെ പറഞ്ഞ് ഒറക്കങ്ങ്ട് കരയാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു നിങ്ങള്‍ ഒന്ന് മിണ്ടാണ്ടിരിക്ക്. അവരു പറയണ പ്രശ്നമൊന്നും ഇല്ലാ ആ ചെത്താരന്‍ വിജയേട്ടന്‍ വെല്യേട്ടനോടുള്ള ദേഷ്യത്തിനു പ്രശ്നമുണ്ടാക്കീതാന്ന് പറഞ്ഞു.
പെണ്ണിന്റെ വീട്ടാരു വല്ല പ്രശ്നവും ഉണാക്യോ?
പിന്നെ ഇല്ല്യാണ്ടേ... (ഒരു കവിള്‍ കള്ള് ഇറക്കിക്കൊണ്ട്) രണ്ടാമത്തെ ആങ്ങള ചെക്കന്‍ ചെല ആള്‍ക്കാരെ കോണ്ടു വന്ന് ഒരീസം കണ്ടശ്ശാങ്കട കൊപ്രകൊണ്ടോയി വരണ വഴിക്ക് എന്നെ തടഞ്ഞു നിര്‍ത്തി തല്ലാന്‍ വന്നു. അന്ന് ഞാന്‍ കാളവണ്ടീടെ തണ്ടെടുത്ത് ഒരുത്തന്റെ നെറേം തല്‍ക്ക് ഒന്നാ കൊടുത്തു. അടി കൊണ്ടവന്‍ അപ്പോള്‍ വീണു. കൂടെ ഉണ്ടായിരുന്നോരു ഓടി. കാളവണ്ടിക്കാരന്‍ ലാസറേട്ടന്‍ ആകെ പേടിച്ചു പരുവായി. ആളെ പിടിച്ച് പുറകിലിരുത്തി, എന്നിട്ട് ആള്‍ടെ കയ്യീന്ന് ചാട്ട വാങ്ങി കാളേനേം തെളിച്ച് ഇങ്ങോട്ട് പോന്നു.
നീ ഇനി ഇവിടെ നിന്നാ ശര്യാവില്ലാന്ന് പറഞ്ഞ് അമ്മ ചേട്ടനു കത്തെഴുതി. അങ്ങനെ പിന്നെ എല്ലാവരും നിരബന്ധിച്ചപ്പോ ഞാന്‍ ബിലായ്ക്ക് പോയി.
സരസ്വതിയുടെ കാര്യമെന്തായി?
അവളെ പിന്നെ ടൈപ്പിനു വിട്ടില്ല. ജാനകേച്ചീടെ ആങ്ങളമാരു വന്ന് അവരുടെ വീട്ടില്‍ക്ക് കൊണ്ടു പോയി. പിന്നെ കേട്ടത് അവിടെ ഉള്ള ഒരു ബോംബെക്കാരനെ കൊണ്ടു കെട്ടിച്ചൂന്നാ. കല്യാണമൊക്കെ അവിടെ വച്ചായിരുന്നു. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം അവര്‍ ബോംബെക്ക് പോയി.
പിന്നീട് എപ്ലാ അവരെ കണ്ടേ?
കൊറേ കൊല്ലം കഴിഞ്ഞാ പിന്നെ കണ്ടത്. അപ്ലക്കും അവള്‍ക്ക് രണ്ട് കുട്യോളൊക്കെ ആയിരുന്നു. ഒരിക്കല്‍ ലീവിനു വന്നിരിക്കുമ്പോള്‍ കാളീടമ്പലത്തിന്റെ അവിടെ വച്ചാ കണ്ടേ. അവളാകെ മാറിയിരിക്കണൂ. പഴേ കോലം ഒക്കെ മാറി, രണ്ട് പേറൊക്കെ കഴിഞ്ഞതോടെ തടിച്ചുരുണ്ട് ഒരു മുത്തന്‍ പെണ്ണായി.
കണ്ടപ്പോള്‍ മിണ്ട്യോ?
ഞാന്‍ ആ പാണ്ടാത്രക്കാരോടത്തെ കാര്‍ത്തികേട്ടനെ കണ്ട് വരണ വഴീ വെച്ചാ അവളെ കണ്ടത്. കണ്ടപ്പോള്‍ സരസ്വോന്ന് ഒന്ന് വിളിച്ചു. അവള്‍ അവള്‍ ഒന്ന് ചിരിച്ചു. സൈക്കള്‍ നിര്‍ത്തി വര്‍ത്താനം പറയാന്‍ തൊടങ്ങി. അതിന്റെ എടേല്‍ നീ എന്തിനാ അന്ന് കരഞ്ഞ് ബഹളമുണ്ടാക്ക്യേന്ന് ചോദിച്ചു. ആദ്യം അവളൊന്നും മിണ്ടിയില്ല. പിന്നെ നിര്‍ബന്ധിച്ചപ്പ്ലാ സംഗതി പറയണത്.
എന്താ കാര്യം?
അവള്‍ക്ക് എന്നോട് ഇഷ്ടായിര്‍ന്നൂത്രേ. പക്ഷെ ഞാനന്ന് സൈക്കിള്‍ കൊണ്ടു നിര്‍ത്തി പെട്ടന്നങ്ങനെ ചോദിച്ചപ്പോള്‍ അവളു പേടിച്ചൂത്രേ. അതൊണ്ടാ കരഞ്ഞോണ്ടോടീത്‌ന്ന്..പിന്നെ അവള്‍ടെ കല്യാണം കഴിഞ്ഞുള്ള കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. കേട്ടപ്പോള്‍ എനിക്ക് വെഷമായി.
അതെന്തേ?
ക്ടാങ്ങളൊക്കെ ആയേനു ശേഷത്രേ അവളെ കെട്യോന്‍ ഈ വിവരം ഒക്കെ അറിയണത്. അതാരോ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞോട്ത്തതാന്നേ. അയാളിതു പറഞ്ഞ് അവളെ എടക്ക് തല്ലാറൊക്കെ ഉണ്ടത്രേ. അയാള്‍ക്ക് കമ്പനീലുള്ള ഒരു പെണ്ണുമായി അടുപ്പം ഉണ്ടെന്നും കേള്‍ക്കണൂ. അതിവള്‍ ചോദിച്ചപ്പോള്‍ ബഹളമയി അങ്ങനെ ഇവിടെ നാട്ടില്‍ കൊണ്ടാക്കി. കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു. സരസ്വോ നീ വെഷമിക്കണ്ട എന്തു വന്നാലുംഞാനുണ്ടെന്ന്.
അപ്പോ ആ സമയത്ത് ചേട്ടനു ഭാര്യയും മക്കളൊക്കെ ഇല്ലെ?
ഉണ്ടെന്നെ. എന്റെ ഭാര്യ രമണി രണ്ടാമത്തെ ക്ടാവിനെ ഗര്‍ഭണ്ടായിരിക്കാ ആ സമയത്ത്. സരസൂന്റെ വെഷമം കണ്ടപ്പോള്‍ ആ ഒരു ആവേശത്തിനു പറഞ്ഞതല്ലേ. അവള്‍ അത് കേട്ട് ഒന്ന് ചിരിച്ചു എന്നിട്ട് തെരക്ക്ണ്ടന്ന് പറഞ്ഞ് നടന്നു.
ചേട്ടന്‍ അപ്പോ വേറെ പ്രേമം ഒന്നും ഉണ്ടായിട്ടില്ലേ?
ഉണ്ടോന്നോ എത്ര എണ്ണം വേണം നിനക്ക്. ഇവിടെ മാത്രമല്ല ഞാന്‍ ബിലായില് പോയപ്പോള്‍ അവിടെ ഒരു അഞ്ചാറെണ്ണം എങ്കിലും ഉണ്ടായിരുന്നു. പിന്നെ ഞാന്‍ പഞ്ചാബില്‍ കുറച്ചു കാലം ഉണ്ടായിരുന്നു. അവിടെ ഒരു പഞ്ചാബി പെണ്ണുമായിട്ട് അടുപ്പം ഉണ്ടായി. പഞ്ചാബി പെണ്ണുങ്ങള്‍ന്ന് പറഞ്ഞാ ഒത്ത ഉയരവും അതിനൊത്ത ശരീരവും നല്ല ഗോതമ്പിനെ നെറോം ഉള്ളവരാ. എന്തു പറഞ്ഞാലും നമ്മള് മലയാള്‍ക്ക് പ്രത്യേകിച്ച് തൃശ്ശൂക്കാര്‍ക്ക് ലോകത്ത് ഏതു പെണ്ണിനേം വളക്കാന്‍ ഒരു കഴിവുണ്ട്ന്ന് നെനക്കറിയാലോ. കണ്ട് ഒരാഴ്ചകൊണ്ട് ഞാന്‍ അവളെ വളച്ചു. ആദ്യം അവള് ഇമ്മളെ കാര്യാക്കീലം ഞാന്‍ വിടോ. എന്തിന് പറേണം ഒടുക്കം അവള്‍ എന്നോടുള്ള പ്രേമം കാരണം മലയാളം വരെ പഠിച്ചു.
അതു കൊള്ളാലോ ചേട്ടന്‍ ആളു മോശമല്ലായിരുന്നൂ ലേ..?
ഇമ്മളിപ്പോളും ദേ ഈ കാര്യത്തില്‍ മോശമല്ലാട്ടാ. നീ ഇപ്പോള്‍ ഒരു പെണ്ണിനെ ലൈനാക്കണംന്ന് പറഞ്ഞോക്കെ. ഒരാഴ്ചോണ്ട് ഞാന്‍ ശരിയാക്കിത്തരാം.അതൊരു നേക്കാണ്. എല്ലാവര്‍ക്കും അത് കിട്ടില്ല. ഈ പഞ്ചാബി പെണ്ണില്ലെ അമ്പിനും വില്ലിനും അടുക്കാത്തോളായിരുന്നു. എന്നിട്ടെന്തായി എന്റെ കൂടെ ഒളിച്ചോടാന്ന് സമ്മതിച്ചില്ലേ. ചാവുന്ന് പറഞ്ഞ് കൈതണ്ട മുറിച്ചു. അവള്‍ടെ വീട്ടുകാര്‍ക്ക് വിവരം പിടികിട്ടുകയും ചെയ്തു. അപ്പോള്‍ സംഗതി സീരിയസ്സാന്ന് എനിക്കും തോന്നി. പഞ്ചാബിയെങ്കില്‍ പഞ്ചാബി ഇമ്മക്കൊരു കല്യാണം കഴിക്കണം പെണ്ണു വേണം അത്രേ അപ്പോള്‍ ചിന്തണ്ടായ്ര്ന്നുള്ളൂ.
എന്നിട്ട് അതു നടന്നില്ലേ?
അത് വേറെ ഒരു സംഭവമാണ്. അവള്‍ടെ ഡിഗ്രി പരീക്ഷ കഴിഞ്ഞ അന്ന് വൈകുന്നേരം കോളേജീന്ന് നേരെ റെയില്‍വേസ്റ്റേഷനില്‍വരാന്ന് പറഞ്ഞു. ഞാന്‍ ഡെല്‍ഹിക്കുള്ള രണ്ടു ടിക്കറ്റുമെടുത്ത് അവിടെ സ്റ്റേഷനില്‍ വെയ്റ്റ് ചെയ്തു. പറഞ്ഞ സമയത്ത് അവളെ കണ്ടില്ല. അവളെന്നോട് ഒരു കാര്യം പറഞ്ഞിരുന്നു എത്തിയില്ലെങ്കില്‍ പിന്നെ അവളെ കാക്കണ്ടാ വിട്ടോളാന്‍. സംഗതിയില്‍ എന്തോ ഒരു പന്തികേട് മണത്തു. ഇമ്മടെ നാടല്ലല്ലോ, ഞാന്‍ സ്റ്റേഷന്റെ മണ്ടേല്‍ക്ക് മാറിനിന്നു. പ്രതീക്ഷിച്ച പോലെ അവള്‍ടെ വീട്ടിലെ അഞ്ചാറു സര്‍ദാര്‍ജിമാര്‍ അവിടെ എന്നേം തപ്പി നടക്കണ്. ഞാന്‍ ആരാ മോന്‍. ഇപ്രത്തെ സൈഡീക്കൂടെ വന്ന് ട്രെയിനില്‍ കയറി പോന്നു.
പ്രേമം അല്ലണ്ടെ വേറെ വശപെശകൊന്നും?
അത് പറയാണേല്‍ ഒരുപാടുണ്ട്. അതിന്റെ ഒരു തൊടക്കംന്ന് പറഞ്ഞാല്‍ വടക്കേലെ കമലാക്ഷീടെ അടുത്ത്ന്നാണ്. അത് മറ്റുള്ളവര്‍ കാണുന്ന പോലെ അയലോക്കക്കാര്‍ന്നുള്ള നെലക്കല്ലാണ്ടെ ഞാനും കമലാക്ഷിയും തമ്മില്‍ ചെറ്യേ ചില അടുപ്പം ഒക്കെ ഉണ്ടായിരുന്നു. അന്ന് ഇന്നത്തെ പോലെ ആള്‍ക്കാര്‍ക്ക് സംശയം ഒന്നും തോന്നില്ല. വൈനേരം തോട്ടുങ്ങലിന്റെ കൊളത്തില്‍ കുളിക്കാന്‍ പോകുമ്പോളും പിന്നെ ഇവിടെ കൊപ്ര ഒണക്കാന്‍ സഹായിക്കാന്‍ വരുമ്പോളും ഒക്കെ തരം കിട്ടിയാല്‍ തൊട്ടും പിടിച്ചും അങ്ങിനെ ചെലതൊക്കെ നടത്താറുണ്ട്. അതു ഒരു തൊടക്കം മാത്രാണ് ട്ടാ..അങ്ങിനെ എത്ര എണ്ണം. ന്നാലും ആദ്യത്തേത് അതൊരു അനുഭവം തന്ന്യാ.. പ്രായായെങ്കിലും കമലാക്ഷി ഇപ്പോളും എടക്കൊക്കെ പഴയ സ്നേഹം കാണിക്കാറുണ്ട് ട്ടാ.. എന്നു കരുതി പണ്ടത്തെ പോലെ ഒന്നും പറ്റില്ല. ഇപ്പോള്‍ പിള്ളാരൊക്കെ വലുതായില്ലേ.
അല്ലാ ഭാര്യയും കുട്ടികളും ഒക്കെ ഉപേക്ഷിച്ചു പോയിട്ട് ചേട്ടന്‍ ഇപ്പോള്‍ എങ്ങിനെയാ ഒറ്റക്ക്?
ക്ടാങ്ങളു കാലയപ്പോളാ രമണിക്ക് എന്നോട് സംശയം ഒക്കെ തോന്നാന്‍ തൊടങ്ങീത്. ഞാന്‍ ആണേല്‍ ഡീസന്റായി ജീവിക്കാന്‍ തൂടങ്ങിയ സമയോം. ഒരീസം അടിച്ചു ഫിറ്റായി ഇരിക്കുമ്പോള്‍ കട്ടിലിന്റെ ചോട് വെടുപ്പാക്കണേന്റെടേല്‍ കിട്ടിയ പഴയ ഒരു കത്തുംകൊണ്ടു വന്ന് ബഹളം ഉണ്ടാക്കി. ഒന്നും രണ്ടും പറഞ്ഞ് അതൊരു വലിയ പ്രശ്നമായി മാറി. അവള്‍ടെ പേരില്‍ എഴുതിവച്ച് ഞാന്‍ ഗുഡ്ബൈ പറഞ്ഞു ഇങ്ങോട്ട് വന്നു. എന്റെ മക്കള്‍ക്ക് എന്നോട് ഒരു ഇഷ്ടക്കുറവുമില്ല. അവര്‍ ഇടയ്ക്ക് വരും കാര്യങ്ങള്‍ അന്വെഷിക്കും. അവള്‍ ഇപ്പോള്‍ അമ്മാമയിയേയും പൂജിച്ച് നടക്കാ..
ചേട്ടാ ഈ മീന്‍ വര്‍ത്തതിനു നല്ല സ്വാദ് ഗള്‍ഫിലൊന്നും ഇത് കിട്ടില്ലേ. മീന്‍ വറുത്തതിന്റെ പാത്രം കാലിയാക്കികൊണ്ട് ഞാന്‍ പറഞ്ഞു.
എടീ കുറച്ച് മീന് വര്‍ത്തത് ഇങ്ങട് എടുത്തേ..ടീ...അകത്തേക്ക് നോക്കി ആനന്ദേട്ടന്‍ വിളിച്ച് പറഞ്ഞു വാതില്‍ക്കല്‍ ഒരനക്കം. തടിച്ച് പ്രൌഢയായ ഒരു സ്ത്രീ കൈയില്‍ ഒരു പ്ലേറ്റുമായി…
പ്ലേറ്റ് താഴെ വച്ച് പോകാന്‍ തുടങ്ങിയ അവരുടെ കൈയില്‍ കടന്ന് പിടിച്ച് ആനന്ദേട്ടന്‍ പറഞ്ഞൂ:
അങ്ങനെ പോയാലോ? ഇവ്ടെ ഇരിക്കടി..ഇവനെ അറിയ്യോ?
സമൃദ്ധമായ ശരീരഘടനയുള്ള അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ നാണം മുട്ടിയതെനിക്കാണ്.
'ഈ മനുഷ്യന്റെ ഒരു കാര്യേയ്. സമയോം കാലോം നോക്കാതെ…'
ആനന്ദേട്ടന്റെ കൈ വിടുവിച്ച് ശൃംഗാരം കലര്‍ന്ന ഒരു നോട്ടത്തോടെ, താളത്തില്‍ അവര്‍ അകത്തേക്ക് നടന്നു.
രമണ്യേച്ചിയല്ല. അപ്പോ ഇത്?
എന്റെ മുഖത്തെ ചോദ്യം വായിച്ചെടുത്തിട്ടെന്നോണം ഗ്ലാസിലേക്ക് അല്പം കള്ള്‍ കൂടി ഒഴിച്ചു കൊണ്ട് കുസൃതിയോടെ ആനന്ദേട്ടന്‍ പറഞ്ഞു:
അതേടാ...അവള്‍ തന്നെ…. സരസു!
13 Comments:
"സമൃദ്ധമായ ശരീരഘടനയുള്ള അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ നാണം മുട്ടിയതെനിക്കാണ്.
'ഈ മനുഷ്യന്റെ ഒരു കാര്യേയ്. സമയോം കാലോം നോക്കാതെ…'
ആനന്ദേട്ടന്റെ കൈ വിടുവിച്ച് ശൃംഗാരം കലര്‍ന്ന ഒരു നോട്ടത്തോടെ, താളത്തില്‍ അവര്‍ അകത്തേക്ക് നടന്നു."
- നല്ല ത്രിശ്ശൂര് ഭാഷ. കലക്കി ട്ട് ണ്ട് ട്ടാ. ഇത്ര നാള്‍ എന്തേ മിണ്ടാണ്ടിരുന്നേ കുമാര്‍ കുന്ത്രാണ്ടമേ?
നന്നായിട്ടുണ്ട് :-)
ആശംസകൾ!!
നന്നായി ആസ്വദിച്ചു...
This comment has been removed by the author.
:))
ണ്റ്റെ സതീഷ്ഭായ്... ഇണ്റ്റെവ്യൂ നടത്തി ഇണ്റ്റര്‍വ്യൂ നടത്തി.. എല്ലാട്ത്തും ഇണ്റ്റര്‍വ്യൂ മയം... കൊള്ളാം... അല്ലാ.. ഇണ്റ്റര്‍വ്യൂ മത്രോള്ളോ...അതോ... !!!
ണ്റ്റെ സതീഷ്ഭായ്... ഇണ്റ്റെവ്യൂ നടത്തി ഇണ്റ്റര്‍വ്യൂ നടത്തി.. എല്ലാട്ത്തും ഇണ്റ്റര്‍വ്യൂ മയം... കൊള്ളാം... അല്ലാ.. ഇണ്റ്റര്‍വ്യൂ മത്രോള്ളോ...അതോ... !!!
i shall read this again and shall come back with the right comment
in the meantime wish you all d best
regards
jp chettan
കലക്കി മച്ചാ..
ബ്ലോഗ് അന്യം നിന്നു പോകാതിരിക്കാന്‍ ഇട്ട ഈ പോസ്റ്റിനെ വായിച്ചവര്‍ക്കും അഭിപ്രായം എഴുതിയ വര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്തിക്കാട് പഴേ അന്തിക്കാടല്ല..പക്ഷെ കോളുമീന്റെ കാര്യം ഓര്‍ക്കുമ്പോള്‍ വായിലിപ്പോളും പഴേ പോലെ വെള്ളം നിറയും
ന്റെ മാഷെ...
വായിച്ചു കുറെ ചിരിച്ചു .. പിന്നെ പഴയ കുറെ ഓര്‍മകളില്‍ ചുറ്റിത്തിരിഞ്ഞു .
പണ്ട് സൈക്കിളും കൊണ്ട് കറങ്ങി നടന്ന കാലം. കാത്തു നില്‍പ്പിന്റെ സുഖം... കലുങ്ങു ..അമ്പലം, ഉത്സവം ഒക്കെ ഒരു സിനിമപോലെ മിന്നിമറഞ്ഞു പോയി!
ഒന്നുകൂടെ ആ പഴയ നാളുകളിലേക്ക് ഒന്ന് എത്തി നോക്കാന്‍ ഒരു കാരണമായി ഈ പോസ്റ്റ് !
വീണ്ടും കാണാം..
എല്ലാ അഭിനന്ദനങ്ങളും
സരസം ... ചിരിക്കാനുള്ള വക... ഇന്റെർവ്യൂ കൊള്ളാം
അല്ലാ --- ഈ സൃഷ്ടികൾ ഒക്കെ ഒരു ബ്ലോഗില ക്രൊദീകരിചു കൂടെ ... അല്ലെങ്കിൽ എങ്ങനെ എല്ലാരും എത്തിപ്പെടും . ??
ബല്ലാത്ത ഇന്റർവ്യൂ..ചിരിച്ചു ചത്തു 😜
Post a Comment
<< Home