Tuesday, June 16, 2009

ശമ്പളം വേണോ അതോ ശാകുന്തളം വേണോ?

"ബിനുമോൻ..നാളെ വരുമ്പോൾ അഛനേം കൂട്ടികൊണ്ടുവന്നിട്ട്‌ ക്ലാസിൽ കയറിയാൽ മതി" മലയാളം പരീക്ഷാപേപ്പർ കുട്ടികൾക്ക്‌ നൽകുന്നതിനിടയിൽ ഒമനക്കുട്ടിടീച്ചർ പറഞ്ഞു.
"ശരി ടീച്ചർ.."ക്രിക്കറ്റുകളിയിള്ള ദിവസം എങ്ങിനെ പുറത്തുചാടം എന്ന് ചിന്തിച്ചിരുന്ന മറ്റുള്ള ചെക്കന്മാർക്ക്‌ അസൂയസമ്മാനിച്ചുകൊണ്ട്‌ ടീച്ചറുടെ വാക്ക്‌ കേൾക്കേണ്ടതാമസം ചുള്ളൻ സൂട്ടായി.

ബിനുമോനെ അറിയില്ലേ. നാട്ടുകാരുടെ കയ്യിൽ കാശുളോടത്തോളം കാലം ഞാൻ കള്ളുകുടിക്കും എന്ന പോളിസിയുമായി നടക്കുന്ന ദാസേട്ടന്റെ മൂത്തപുത്രൻ.തലതെറിച്ച തെങ്ങിനു കൊലവന്ന ഇനത്തിൽ പെട്ടവൻ.ദാസേട്ടൻ കണ്ടാൽ അയ്യപ്പ ബൈജുവിന്റെ ട്വിൻ ബദറാണെന്നേ ആരും പറയൂ... ആ രൂപവും നടപ്പും കിടപ്പും എല്ലാം സെയും ഡിറ്റൊ.

കാര്യം ദാസേട്ടൻ കള്ളുകുടിയൻ ആണെങ്കിലും പഴയ എം.എ കാരനാണ്‌.കള്ളുഷാപ്പിലെ ചർച്ചകളിൽ കക്ഷിയാണ്‌ മോഡറേറ്റർ. അന്താരഷ്ട്രകാര്യം മുതൽ അന്തിക്കാടെ കാര്യങ്ങൾ വരെ സദാ നിരീക്ഷിക്കുന്ന എന്തിനെപറ്റിയും സ്വന്തമായി ഒരു അഭിപ്രായം ഉള്ള കക്ഷി.
"ദാസനോടു തർക്കിച്ചാൽ പന്ന്യൻ വരെ പത്തിമടക്കും" എന്നാണ്‌ നാട്ടിലെ സംസാരം.

ക്ലാസീന്നു പോന്ന ചെക്കൻ നേരെ ഷാപ്പിലെത്തി പിതാശ്രിയെ തപ്പിയെടുത്തു."ഉം എന്തേടാ നേരത്തെ പോന്നേ"
"എന്നെ ക്ലാസീന്നുപുറത്താക്കി... അഛനോട്‌ നാളെ സ്കൂളിൽ ചെല്ലാൻ പറഞ്ഞു"
"നീ എന്താ വല്ല പെൺകുട്യോൾക്കും എസ്‌.എം.എസ്‌ അയച്ചോ?"
'ഹേയ്‌.. എന്തിനാന്ന് പറഞ്ഞില്ല...പുറത്താക്കി"
"എന്തിനാന്ന്പറയാതെ പുറത്താക്കേ.അങ്ങനെ പുറത്തക്കിയാൽ പുറത്താവാനാണോ നിന്നെ ഞാൻ സ്കൂളിൽ അയക്കുന്നേ.... നീ വാ ഞാനിപ്പോ തന്നെ ചോദിക്കാം...."
"അതെ അഛൻ പോക്കോ ഞാൻ സ്കോർ എന്തായിന്ന് നോക്കട്ടെ..."അതും പറഞ്ഞ്‌ ചെക്കൻ തന്റെ സൈക്കിളിൽ പറന്നു.

രാമൻ കള്ളുമായി വരുന്നത്‌ കാത്തിരിക്കായിരുന്നു ദാസേട്ടൻ.അവൻ വന്ന് അളന്ന കള്ളീന്ന് ഒരു കുപ്പി അകത്താക്കി ദാസേട്ടൻ മോഹനേട്ടന്റെ എം.എയ്റ്റിയിൽ നേരെ സ്കൂളിലേക്ക്‌ വിട്ടു.
"അതേ പണ്ടും ആ പടികയറാൻ എനിക്ക്‌ താൽപര്യമില്ല.നീ പോയി വേഗം വാ."മോഹനേട്ടൻ ഗേറ്റിനു മുമ്പിൽ വണ്ടി നിർത്തി ദാസേട്ടനെ യാത്രയാക്കി.ദാസേട്ടൻ ചെല്ലുമ്പോൾ ക്ലാസിൽ ഓമനക്കുട്ടി ടീച്ചർ പഠിപ്പിച്ചോണ്ടിരിക്കുന്നു.വരാന്തയിൽ ദസേട്ടനെ കണ്ടതും ടീച്ചർ ക്ലാസുനിർത്തി അടുത്തെക്ക്‌ ചെന്നു.

"ഉം എന്താ?"
"ഞാൻ ദാസൻ...എന്റെ ചെക്കനെ പുറത്താക്കീന്ന് കേട്ടു....എന്താകാര്യം?"കള്ളിന്റെ വാട ടീച്ചറുടെ മുഖത്തെക്ക്‌ അടിച്ചു.അവർ അൽപം മാറിനിന്നു.
"കാര്യം എന്താന്ന് ഇതിൽ ഉണ്ട്‌..ശാകുന്തളത്തെ പറ്റി സ്വന്തം ഭാഷയിൽ എഴുതാൻ പറഞ്ഞതാ...ദാ വായിച്ചുനോക്ക്‌ എന്നിട്ട്‌ പറയാം ഭാക്കി..." ടെബിളിൽ നിന്നും ഉത്തരക്കടലാസ്‌ എടുത്ത്‌ ദാസേട്ടനു നൽകി.

ദാസേട്ടൻ ടീച്ചർ നൽകിയ ഉത്തരക്കടലാസ്‌ ഒന്ന് നോക്കി.കൊട്ടേഷൻ ടീം കൈകാര്യം ചെയ്ത ശരീരം പോലെ അതിൽ നിറയെ ചുവന്ന വെട്ടുകൾ.അതിൽ സർക്കാർ ആശുപത്രീൽ തുന്നലിട്ടപോലുള്ള അക്ഷരങ്ങൾ...ടീച്ചർ ചൂരൽ കൊണ്ട്‌ തൊട്ടുകാണിച്ച സ്ഥലത്തുനിന്നും ദസേട്ടൻ വായിക്കാൻ തുടങ്ങി.

23. വിദേശത്ത്‌ ജോലിയുള്ള കണ്ണൻ മാഷ്ടെ ഒരേ ഒരുമകൾ ആയിരുന്നു ശകുന്തള. പേരിൽ പഴയമയൂണ്ടെന്നതൊഴിച്ചാൽ ചിന്തയിലും പ്രവർത്തിയിലും അടിമുടി ഒരു മോഡേൺ ഗേളായിരുന്നു അവൾ. പഠനവിഷയങ്ങളേക്കാൾ പാഠ്യേതരവിഷയങ്ങളിൽ അവൾ മികവുകാട്ടി. ഒടുവിൽ പൊറുതിമുട്ടി സ്കൂളിൽ നിന്നും പുറത്താക്കുന്നിടം വരെ എത്തി കാര്യങ്ങൾ....അസൂയക്കാരുടേയും യാദാസ്ഥികരുമായ ആളുകളുടെ ഇടയിൽ ഇനിയും നിർത്തിയാൽ അവൾടെ ഭാവി കൂമ്പടഞ്ഞുപോയാലോ എന്ന ചിന്തയിൽ കണ്ണൻമാഷ്‌ കുടുമ്പത്തെ നഗരത്തിൽ ഒരു ഫ്ലാറ്റുവാങ്ങി അതിലേക്ക്‌ പറിച്ചുനട്ടു.

നഗരത്തിൽ എത്തിയ ശകുന്തള അവിടത്തെ ബ്യൂട്ടിപാർളറുകളിലും,ഐസ്ക്രീം പാർളറുകളിലും രാവും പകലും നോക്കാതെ തന്റെ സ്കൂട്ടിയിൽ പാറിനടന്നു.ഒടുവിൽ ഒരു വണ്ടിന്റെ രൂപമുള്ള ഓട്ടോ ഇടിച്ചുതെറിപ്പിച്ചപ്പോൾ കാലിന്റെ ഞെര്യാണിതെറ്റി കുറച്ചുദിവസം ബെഡ്‌ റസ്റ്റ്‌ എടുക്കേണ്ടിവന്നു.അതായിരുന്നു ശകുന്തളയുടേ ജീവിതത്തെ മാറ്റിമറിച്ച സംഭവത്തിന്റെ തുടക്കം.

ഫ്ലാറ്റിൽ ഇരുന്ന് ബോറടിച്ച അവൾ വെറുതെ ഒരു നമ്പറിലേക്ക്‌ മിസ്കോൾ വിട്ടു.എസ്‌.എം.എസ്‌ അയച്ചാൽ ഇൻഷൂറൻസ്‌ കമ്പനിക്കാരുടെ റേപ്രസന്റിറ്റീവ്‌ വരണതിലും സ്പീഡിൽ മറുകോൾ വന്നു.
"ഹലോ ഞാൻ ദീപക്ക്‌ കുട്ടീടെ പേരെന്താ?" മറുതലശബ്ദം.
"ശകുന്തള......"
"ശകു എന്തുചെയ്യുന്നു....." അതിൽ തുടങ്ങി ഒന്നാരമണിക്കൂർ നീണ്ട കുറുങ്ങലിനു ശേഷം ചാർജ്ജില്ലാന്ന് പറഞ്ഞ്‌ മറുതല കട്ടുചെയ്തു.കട്ടുചെയ്യുന്നതിനു മുമ്പ്‌ ഇരുവരും ഫോണിൻ കിസ്സ്‌ കൈമാറുവാൻ മറന്നില്ല.

അന്നുപിന്നെ ആർക്കും വിളിക്കുവാനോ വന്ന വിളികൾക്ക്‌ മറുപടി പറയുവാനോ അവൾക്ക്‌ തോന്നിയില്ല.പിറ്റേന്ന് പലതവണ അവൾ ആ നമ്പറിലേക്ക്‌ ട്രൈചെയ്തെങ്കിലും അപ്പോഴെല്ലാം ടേലിഫോൺ പരാതി നമ്പർ പോലെ എങ്കേജ്ഡ്‌ ആയിരുന്നു ഫോൺ. അതോടെ ഉപ്പൂറ്റിയിൽ ആണികൊണ്ട വാർക്കപ്പണിക്കാരന്റെ അവസ്ഥയിൽ ആയി അവൾ.

ട്രൈ ചെയ്തു ട്രൈചെയ്തു വിരലിലെ നെയിൽ പോളീഷുവരെ പോയി. ഒടുവിൽ ഒരുതവണ ഫോൺ കിട്ടി...പരിഭവവും സോറിയുമായി നീണ്ട കിന്നാരം തീരുമ്പോൾ മണിമൂന്ന്.അധികം വൈകാതെ ഇരുവരും കണ്ടുമുട്ടി.മുട്ടിയപാടെ നേരം കള്യാതെ ഫഞ്ചുനിർമ്മിത കിസ്സ്‌ കൈമാറി.. തുടർന്ന് ഒരാഴ്ചത്തെ ഡേടിങ്ങ്‌.മൂന്നാറിലും ആലപ്പുഴയിലെ കായലിലും സന്തോഷകരമായ ഡേടിങ്ങ്‌ കഴിഞ്ഞു പോരാൻ നേരം ഒരു ഡൈമണ്ട്‌ റിങ്ങ്‌ അവൻ അവൾക്ക്‌ സമ്മാനിച്ചു .


ഡേറ്റിങ്ങ്‌ കഴിഞ്ഞുവന്ന് ഒരുമാസം കഴിയുമ്പോഴേക്കും ഡേറ്റിങ്ങിന്റെ റിസൽറ്റ്‌ വന്നു. A പ്ലസ്സ്‌.തനിക്ക്‌ ഏപ്ലസ്സ്‌ കിട്ടിയവിവരം അവൾ മമ്മിയോട്‌ പറഞ്ഞു.മമ്മി അതു ഡാഡിയോട്‌ പറഞ്ഞു.ഡാഡി നിമിഷങ്ങൾക്കകം പണം നാട്ടിലെത്തിക്കുന്ന സ്ഥാപനത്തിലേക്ക്‌ പറന്നു.പണം കയ്യിൽ കിട്ടിയതോടെ മമ്മിഹാപ്പി..

ഇതിനിടയിൽ പഴയ ഫോൺ നമ്പറിൽ നിന്നും കോൾ വന്നു.കാര്യം പറഞ്ഞതോടെ മറുതല കട്ടായി.സംഗതി എന്തായാലും അയ്യോടാ ഫ്ലാറ്റ്‌ സിങ്ങറിന്റെ എലിമിനേഷൻ റൗണ്ടിൽ പുറത്തയവരെ പൊലെ മോങ്ങാൻ ഒന്നും അവൾ നിന്നില്ല. കാലത്തുതന്നെ ഡാഡിയയച്ചപൈസയുമായി അറിയപ്പെടുന്ന ആശുപത്രീൽ പോയി സർവ്വീസുനടത്തി വരണ വഴിക്ക്‌ അഞ്ഞൂറു രൂപയുടെ ഒരു റീച്ചാർജ്ജ്‌ കൂപ്പണും, ഗോൾഡൻ അക്വാറിയത്തിൽ നിന്നും തന്റെ വീട്ടിലെ അക്വേറിയത്തിലിടുവാൻ മീനും വാങ്ങി പോന്നു.


"എങ്ങനെയുണ്ട്‌ മോന്റെ പുതിയ ശാകുന്തളം..?"അരിശത്തോടെ ടീച്ചർ ചോദിച്ചു.
"ഇതാണോ ഇപ്പോ വല്യകാര്യം.എന്റെ ടീച്ചറേ ഞാൻ പഠിക്കണകാലത്തുതന്നെ കരുതീതാ ഈ ശാകുന്തളം ഒന്ന് മാറ്റി എഴുതണന്ന്.അന്നതു സാധിച്ചില്ല പോട്ട്‌.അചഛനു പറ്റാത്തത്‌ മോൻ ചെയ്യുമ്പോൾ അഭിനന്ദിക്കല്ലേവേണ്ടത്‌."

സ്വതവേ പ്രഷറിന്റെ അസുഖം ഉള്ളയാളാണ്‌ ഓമനക്കുട്ടിടീച്ചർ.കുട്ടേട്ടന്റെ വർത്താനം കൂടെ കേട്ടപ്പോൾ അവർക്ക്‌ കലികയറി.പരിസരം മറന്ന് പൊട്ടിത്തെറിച്ചു.

"തോന്ന്യാസം എഴുതിവച്ചതിനെ അഭിനന്ദിക്കാനോ.നാലു പെടവച്ചുകൊടുക്കാ വേണ്ടത്‌...അതെങ്ങനാ കുടിച്ച്‌ വെളിവില്ലാണ്ടെ നടക്കുന്ന തനിക്കൊക്കെ എങ്ങനാ മക്കൾടെ ഈ വക കര്യങ്ങൾ മനസ്സിലാകുക"
" ടീച്ചർ ചൂടാകാതെ...ഇതിൽ ക്വസ്റ്റ്യൻ തയ്യാറാക്കിയവർക്കാണ്‌ തെറ്റുപറ്റിയത്‌..." കുഞ്ഞമ്മദ്‌ സ്റ്റെയിലിൽ ഉള്ള തന്റെ താടി ഉഴിഞ്ഞുകൊണ്ട്‌ ദാസേട്ടൻ പറഞ്ഞു.
"ചോദ്യത്തിന്താടോ കുഴപ്പം?"
"സ്വന്തം ഭാഷയിൽ വിശദീകരിക്കുക എന്നെഴുതിയാൽ അവൻ പിന്നെ ടീച്ചറുടെ ഭാഷയിൽ ആണോ ഉത്തരം എഴുതേണ്ടത്‌...അതേ ടീച്ചർ ഒരു കാര്യം മനസ്സിലാക്കണം എല്ലാത്തിനും നിങ്ങൾ വിചാരിക്കണ പോലെ ഉത്തരം കിട്ടണം എന്ന് വാശിപിടിക്കരുത്‌.അത്‌ ജനാധിപത്യപരം അല്ല..."
"അതുശരി അപ്പോൾ താൻ എന്നെ ജനാധിപത്യ പഠിപ്പിക്കാൻ വന്നിരിക്കാ..."ടീച്ചർക്ക്‌ ദേഷ്യം അരിച്ചുകയറി...

" ശ്‌...ടീച്ചർമ്മാർക്കൊരു വിചാരം ഉണ്ട്‌ അവർക്ക്‌ എല്ലാം അറിയാമെന്ന്...അതേ ടീച്ചറേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുന്നവനാ ഈ ദാസൻ. ടീച്ചർക്ക്‌ വല്ല സംശവും ഉണ്ടേൽ എന്നോട്‌ ചോദിക്ക്‌."
"എനിക്ക്‌ ഒരു സംശവും ഇല്ല....താൻ കുറച്ച്‌ മാന്യനാകും എന്നാ കരുതിയത്‌..."
"മാന്യതയുടെ കാര്യം അവിടെ നിക്കട്ടെ....വായനയുടെ കാര്യം പറ...ടീച്ചർ വല്ലപ്പോളും വായിച്ചിട്ടുണ്ടോ? അല്ല വല്ലതും വായിചെങ്കിലല്ലേ സംശയം തോന്നൂ...."ദാസേട്ടൻ ഫോമിലായതോടെ പിള്ളാർക്കും ഇന്ററസ്റ്റായി.അവരിൽ ചിലർ ഇരുനിടത്തുനിന്നും എഴുന്നേറ്റു.ടീച്ചറാകട്ടെ പുലിവാലു പിടിച്ച അവസ്ഥയിലും.

"കാലാകാലങ്ങളിൽ സർക്കാർ അച്ചടിക്കുന്ന പുസ്തകത്തിൽ അല്ലാണ്ട്‌ മലയാള സാഹിത്യത്തിൽ നടക്കുന്ന് മാറ്റങ്ങളെ പറ്റി വല്ലതും അറിയോ?...ഉദാഹരണമായിട്ട്‌ വടക്കൻ പാട്ടും, മഹാഭാരതവും,പെരുന്തച്ചന്റെ കഥയുമൊക്കെ എം.ടി മാറ്റിയെഴുതിയത്‌ ടീച്ചർക്ക്‌ അറിയോ..."
"ഉം അതു ഈ തോന്ന്യാസവും തമ്മിൽ എന്താടോ ബന്ധം?സമയം മിനക്കെടുത്താതെ താൻ പോകാൻ നോക്ക്‌ എനിക്ക്‌ ക്ലാസെടുക്കണം"ടീച്ചർ തടിയൂരുവാൻ നോക്കി.

"അതുസാരമില്ല ഏതായാലും ഞാൻ മിനക്കെട്ട്‌ വന്നതല്ലേ...അപ്പോൾ നമ്മൾ പറഞ്ഞുവന്നത്‌ ബന്ധത്തെപറ്റി..ആ ഇതും അതും തമ്മിൽ ബന്ധമുണ്ട്‌....അന്ന് കാലങ്ങളായി പറഞ്ഞുവന്ന കഥ എം.ടി മാറ്റിപ്പറഞ്ഞപ്പോ ടീച്ചർക്ക്‌ വല്ലപരാതിയും ഉണ്ടായോ?"
"ഇല്ല...മാതമല്ല അത്‌ എം.ടിയല്ലേ?.
"ഇതാണ്‌ പറയുന്നത്‌ അവർക്കൊക്കെ എന്തും ആകാമെന്ന്....അവരൊക്കെ എഴുതിയാൽ അതിനു അംഗീകാരം... അവാർഡ്‌.എന്റെ മോനെഴുതിയപ്പോ അവൻ ക്ലാസീന്ന് പുറത്ത്‌...അതേ ടീച്ചറൊരു കാര്യം മനസ്സിലാക്കണം.എന്നെപോലുള്ള രക്ഷിതാക്കൾ പിള്ളാരെ പഠിക്കാൻ പറഞ്ഞയക്കണോണ്ടാ ഈ ഉസ്കൂളൊക്കെ നിലനിൽക്കണത്‌.ഇംഗ്ലീഷുമീഡിയത്തിൽ പറഞ്ഞയക്കാൻ പറ്റാഞ്ഞിട്ടല്ല.ടീച്ചർമ്മാർ കഞ്ഞികുടിച്ചോട്ടെ എന്നുകരുതീട്ടാ...."

അന്തം വിട്ടുനിന്ന ടീച്ചറുടെ മുഖത്ത്‌ നോക്കി ന്യൂസവറിൽ പങ്കെടുക്കുന്ന പാർട്ടിക്കാരെപ്പോലെ ദാസേട്ടൻ തന്റെ വാദം തുടർന്നു.

"ഭാഷമരിക്കുന്നു നശിക്കുന്നൂന്നൊക്കെ മൈക്കിനു മുമ്പിൽ വല്യ സാംസ്കാരിക നായ(?)കന്മാർ വല്യവായിൽ വിളിച്ചുകൂവുന്നത്‌ കേൾക്കാം... എങ്ങനാ ഭാഷനശിക്കാണ്ടിരിക്കാ...പുതിയ മുകുളങ്ങളെ മുളയിലേ നുള്ളുന്ന വിദ്യഭാസ സമ്പ്രദായത്തിൽ ഭാഷമാത്രല്ല പിള്ളാരും നശിച്ചുപോകേ ഉള്ളൂ....ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ടീച്ചർക്ക്‌ ശമ്പളം അതോ ശാകുന്തളം വേണോ ഇപ്പോ തീരുമാനിച്ചേക്കണം...ഒക്കെ...."

6 Comments:

Blogger paarppidam said...

വിദേശത്ത്‌ ജോലിയുള്ള കണ്ണൻ മാഷ്ടെ ഒരേ ഒരുമകൾ ആയിരുന്നു ശകുന്തള. പേരിൽ പഴയമയൂണ്ടെന്നതൊഴിച്ചാൽ ചിന്തയിലും പ്രവർത്തിയിലും അടിമുടി ഒരു മോഡേൺ ഗേളായിരുന്നു അവൾ. പഠനവിഷയങ്ങളേക്കാൾ പാഠ്യേതരവിഷയങ്ങളിൽ അവൾ മികവുകാട്ടി. ഒടുവിൽ പൊറുതിമുട്ടി സ്കൂളിൽ നിന്നും പുറത്താക്കുന്നിടം വരെ എത്തി കാര്യങ്ങൾ....അസൂയക്കാരുടേയും യാദാസ്ഥികരുമായ ആളുകളുടെ ഇടയിൽ ഇനിയും നിർത്തിയാൽ അവൾടെ ഭാവി കൂമ്പടഞ്ഞുപോയാലോ എന്ന ചിന്തയിൽ കണ്ണൻമാഷ്‌ കുടുമ്പത്തെ നഗരത്തിൽ ഒരു ഫ്ലാറ്റുവാങ്ങി അതിലേക്ക്‌ പറിച്ചുനട്ടു..............

Tuesday, June 16, 2009  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അയ്യപ്പ ബൈജുവിനെ ഓര്‍മയില്‍ വച്ചു കൊണ്ട് തന്നെ വായിച്ചു.

ഓടോ: “കുട്ടേട്ടന്റെ വർത്താനം കൂടെ കേട്ടപ്പോൾ “ ഒരിടത്ത് മാത്രം ദാസേട്ടന്‍ കുട്ടേട്ടനായി കൂട് വിട്ട് കൂട് മാറി

Tuesday, June 16, 2009  
Blogger |santhosh|സന്തോഷ്| said...

“കൊട്ടേഷൻ ടീം കൈകാര്യം ചെയ്ത ശരീരം പോലെ അതിൽ നിറയെ ചുവന്ന വെട്ടുകൾ.അതിൽ സർക്കാർ ആശുപത്രീൽ തുന്നലിട്ടപോലുള്ള അക്ഷരങ്ങൾ“


ഹഹഹ തകര്‍ത്തു! വെടിച്ചില്ല് വിവരണം :)

Tuesday, June 16, 2009  
Blogger ഗന്ധർവൻ said...

കിടിലം....:0)

Tuesday, June 16, 2009  
Blogger paarppidam said...

കമന്റിനു നന്ദി....

എനിക്ക്‌ ഇനിയും അന്തിക്കാട്‌ പോകേണ്ടതൊണ്ട്‌ പറയാ... ഇതൊന്നും സത്യം അല്ലാട്ടാ ആ വിശാലേട്ടന്റെ പ്രോത്സാഹനം കൊണ്ട്‌ മാത്രം എഴുതി ഉണ്ടാക്കണതാണ്‌.


നുണപറയുന്നതിനിടയിൽ ദാസേട്ടൻ കുട്ടേട്ടനായി പോയ്യി..കയ്യോടെ പിടിച്ചു അല്ലേ? ഹഹാ ഹ

നേരുപറഞ്ഞാൽ പണ്ടേ ഈ ശാകുന്തളം എനിക്ക്‌ ഒരു ബോറൻ സാധനമായിട്ടാണ്‌ തോന്നിയിട്ടുള്ളത്‌....അടൂരിന്റെ സിനിമപോലെ അപ്പോ പകരം വെക്കാൻ വേറേ ഒന്നും ഇല്ലാത്തോണ്ട്‌ ആളോൾ അതിനെ വല്യ പ്രേമകാവ്യമായി അങ്ങട്‌ കൊണ്ടാടി...അന്നീ ബ്ലോഗ്ഗും,നെറ്റും ഉണ്ടയിരുന്നേൽ !!

ഇതെഴുതുമ്പോൾ അയ്യപ്പ ബൈജുവായിരുന്നു മനസ്സിൽ.. ആരോഗ്യം ഇല്ലാത്ത കള്ളുടിയന്മാർക്ക്‌ എന്നും ചലനങ്ങളിൽ സാമ്യം ഉണ്ടാകും...

Wednesday, June 17, 2009  
Blogger ഗൗരിനാഥന്‍ said...

അത് കൊള്ളാം അന്തിക്കാടെനിക്കടുത്താ കേട്ടോ, കുട്ടേട്ടനെ കണ്ട്പിടിക്കട്ടെ ട്ടോ

Monday, June 29, 2009  

Post a Comment

<< Home