Tuesday, December 23, 2008

ക്രിസ്മസ്സല്ലേ ഇമ്മക്ക് ആർമ്മാദിക്കല്യേ

നീയ്യില്ലാതെ എനിക്കെന്ത്‌ ആഘോഷം എന്ന് കുപ്പിയെ പുണർന്ന് ഉറക്കെ പറയുന്ന, കുടികഴിഞ്ഞാൽ സകല പാപവും ഏറ്റുപറയുന്ന ഗോപാലേട്ടനും,
"നല്ല പന്ന്യർചികൂട്ടി തുള്ളിയടിക്കാതെ എന്തൂട്‌ണാ ക്രിസ്തുമസ്സ്‌" എന്ന് പറയുന്ന അന്തോണ്യേട്ടൻ, ക്രിസ്മസ്സിനും പുത്തൻപീട്യ പള്ളിപ്പെരുന്നാളിനും അടിയുണ്ടാക്കിയില്ലേൽ താൻ ചത്തുപോയീന്ന് നാട്ടുകാർ കരുതും എന്ന ഒറ്റ തെറ്റിദ്ധാരണയുടെ പേരിൽ മാത്രം കൊല്ലങ്ങളായി അലബുണ്ടാക്കുന്ന മറ്റു സുഹൃത്തുക്കൾക്കും അന്തിക്കാട്ടെ ദീപാബേക്കറിയിലെ ചില്ലുകൂട്ടിലിരിക്കുന്ന "തീറ്റപ്രായം" കഴിഞ്ഞ കേക്കുകൾ,പള്ളിയിലേക്ക്‌ പാതിരാകുർബാനക്ക്‌ പോണ പെൺപിള്ളാരെ നോക്കിനിൽക്കുന്ന ബ്രദേഴ്‌ അവരുടെ നോട്ടങ്ങൾ പ്രതീക്ഷിച്ച്‌ കാലുമ്മെ അമ്മി കെട്യമാതിരി മന്ദം മന്ദം നടന്നുനീങ്ങുന്ന യങ്ങ് സ്തീകൾസ്‌ (സിസ്റ്റേഴ്സ്‌ എന്ന് പറയാൻ ഞാൻ ഇനി ഇറ്റലീ പോയി പെണ്ണുകെട്ടാൻ ഒരുക്കമല്ല)
വയനാട്ടിലെ കാര്യമ്പാടി പള്ളിയിൽ വച്ച്‌ ഒരു ക്രിസ്തുമസ്സിന്റന്ന് "നീ ഒരു സുന്ദരിയായിരിക്കുന്നു ഈ വേഷത്തിൽ, നിന്റെ ചിരി ക്രിസ്തുമസ്സിനു ഇല്യൂമിനേഷൻ ബൾബിട്ടമാതിരിയുണ്ട്‌ എന്ന് പറഞ്ഞപ്പോൾ
"എന്നാൽ ചേട്ടായി എന്നെ കെട്ടിക്കോ, എന്നാലേലും ആ മോത്തൊരു വെളിചം വരോലോ" എന്ന് പറഞ്ഞ ചിരിച്ച ആ സുന്ദരിക്കും, കൊല്ലത്തിലൊരിക്കൽ കെട്യോന്റെ കൂടെ വെള്ളമടിക്കുകയും "ഓ അച്ചായോ ക്രിസ്തുമസ്സിനെങ്കിലും അൽപം കൊള്ളാവുന്ന സാധനം വാങ്ങിക്കൂടെ" എന്നും പറഞ്ഞ്‌ അടിച ബ്ലാക്ക്‌ ലേബൽ മുഴോൻ നേരം വെളുക്കുന്നതിനു മുമ്പെ വാളുവെക്കുകയും ചെയ്യുന്ന ജാൻസി എന്ന സഹപാഠിക്കും ഇന്നേവരെ കുന്ത്രാണ്ടം വായിചവർക്കും ഇനി വായിക്കുന്നവൻ സാഹസം കാട്ടുന്നവർക്കും എന്റെ ക്രിസ്തുമസ്സ്‌ ആശംസകൾ.......

“ആർമ്മാദിക്യ ആർമാദിക്ക്യ ആർമാദിക്യ....ഇമ്മക്കങ്ട് ആർമ്മാദിക്യ...അല്ലാണ്ടെ എന്തൂട്ണാ ഈ വക ഏർപ്പാടോള്. ഓണായാലും,ക്രിസ്മസ്സായാലും പെരുന്നാളായാലും ഉത്സവായാലും ഇമ്മക്ക് ആർമ്മാദിക്ക...എന്നിട്ടോ ആർമാദിച്ച് അനങ്ങാൻ വയ്യാണ്ടായികെടക്കണോർടെ പടം എടുത്ത് നെറ്റിലിടുക....“ സ്ഥിരായി കണ്ടവന്റെ “തലയടിച്ച്“ കള്ളുടിക്കണ ഒരു ഘടിയുടെ വേദവാക്യം ഇതാണ്...അപ്പോൾ ക്രിസ്സ്മസ്സല്ലെ ഇമ്മക്കങ്ങ്ട് ആർമ്മാദിക്കല്യേ?

*ന്യൂയിയർ ആയിട്ട്‌ നല്ല തല്ലുകൊള്ളുവാൻ വേണ്ടിമാത്രം പുത്തൻപീട്യ പള്ളിയിൽ എത്തുന്നവരോട്‌ ഒരു അറിയിപ്പ്‌ അടിക്ക്‌ പണ്ടത്തെ ഉശിരുപോരാ. ചാഴൂർ ഭാഗത്തുനിന്നും തല്ലുകൊള്ളുവാൻ വേണ്ടി വരുന്ന പ്രദീപിന്റെ ശ്രദ്ധക്ക് കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഉടുമുണ്ട് ചന്തപ്പാടത്തെ തെങ്ങിൻ പറമ്പിലെ മോട്ടോർ പുരയുടെ സൈഡിൽ ഉണ്ട്....

Thursday, December 04, 2008

പോരണോ നായരേ

“എന്തൂട്ട ഗോപാലാ മീനെ മൊളകുപുരട്ടീട്ട് ചില്ലു ഭരണീല് അച്ചാറിട്ടിരിക്കാന്ന്“ ഒരു കൌതുകത്തിനു ചോദിച്ചു വേറെ ഒന്നു പറഞ്ഞുമില്ല ആൾ നേരെ പാൽ സ്വസൈറ്റീൽക്ക് പോകേം ചെയ്തു. ഇതിപ്പോ ഇത്ര വല്യ കാര്യാ. ഉമ്മറത്തെ തിണ്ണയിൽ ചില്ലിന്റെ ഭരണീല് ഗോൾഡ് ഫിഷിനെ കണ്ടപ്പോ വെറുതെ ഒരു ചോദ്യം.ആദ്യായി കാണുമ്പോൾ ആരായാലും ചോദിക്കും.ഇല്ലേ? അയ്നിപ്പോ നായരേട്ടനെ എന്നല്ലാ ആരേം കുറ്റം പറയാൻ പറ്റില്ല.പറ്റോ?

അയ്നു ഗോപാലേട്ടൻ കെലിപ്പിട്ട് നാട്ടിലെ ഒരു മിതഭാഷിയായ നായരേട്ടനെ തിരികെവരുന്നത് കാത്തുനിന്ന് തെറിവിളിക്കണ്ട വല്ല കാര്യവും ഉണ്ടോ? നിങ്ങൾ പറ.

പിന്നെ ഗോപാലേട്ടനും അങ്ങനെ അങ്ങ്ട് കുറ്റം പറയാൻ പറ്റില്ല കേട്ടോ. അന്യായ വിലകൊടുത്ത് തൃശ്ശൂർ അങ്ങാടീന്ന് വാങ്ങിയ അരഡസൻ ഗോൾഡ് ഫിഷ് ഒറ്റഡിക്ക് ചത്തുപൊന്ത്യാൽ ആരായാലും തെറിവിളിക്കാണ്ടെ ഇരിക്കോ?

അന്തിക്കാട് ആശുപത്രീൽ ചേന ചെത്തിയപോലെ ദേഹമാസകലം തോലുപോയ മനോജിന്റെ അടുത്ത് ചെന്ന് “എന്തൂട്രാ ഉണ്ടായേ” എന്ന് ചോദിച്ചപ്പോൾ.കരച്ചിലിന്റെ ആ എഡ്ജിൽ നിന്നുകൊണ്ട് മനോജ് പറഞ്ഞു.
“ആ ഡാഷ് നായർ ...”ഒരു തെറി എന്നാ അതു മര്യാദക്ക് പൂർത്തിയാക്കിയും ഇല്ല. ഭാക്കി കുറച്ച് ഞരക്കം.
“നീ പറയ്”കേൾക്കാൻ ആകാംഷയോടെ മാധ്യമപ്രവർത്തകരുടെ ആകംഷയോടെ ഞങ്ങൾ. അവൻ ഒന്നു പറയുന്നുമില്ല. ഒടുവിൽ “അതേ പേഷ്യന്റിന്റെ ശല്യപ്പെടുത്തരുത്, ഞാൻ ഡോക്ടറെ വിളിക്കും.“നേഴ്സമ്മയുടെ ഉത്തരവ്.കൂട്ടത്തിൽ അവനു ഒരു ഇഞ്ചക്ഷനും.

അനിയത്തിപ്രാവ് റിലീസ് ചെയ്തസമയം നാട്ടിലുള്ള കറുമ്പന്മാർ വരെ കുഞ്ചാക്കോ ബോബനു പഠിക്കുന്ന കാലം. എസ്സെൻ കോളേജിൽ പഠിക്കുന്ന റഷീദിന്റെ കയ്യീന്ന് ഒരു റൌണ്ട് ഓടിക്കാൻ ഇരന്നു വാങ്ങിയ വാങ്ങിയ ചുവന്ന സ്പ്ലെന്ററുമായി “കുഞ്ചാക്കോമനോജ്“ തന്റെ “ശാലിനീടെ“ മുന്നിലേക്ക് കുതിച്ചതാണ്.എന്തു ചെയ്യാം അതിക്കു മുമ്പ് റേഷൻ കടയുടെ മുമ്പിൽ വച്ച് നായർ ബോംബിട്ടു.
“വായുഗുളിക മേടിക്കാനാണോടാന്ന് ”
കഷ്ടിച്ച് ഒരു അമ്പതുവാര അപ്പുറം ഉള്ള പട്ടിമുക്ക് വളവു തിരിഞ്ഞേ ഉള്ളൂ. പിന്നെ അന്തിക്കാട് ആശുപത്രീടെ പൊളിഞ്ഞ ഓടിന്റെ ഇടയിലൂടെ സൂര്യപ്രകാശം കടന്നുവരുന്നതാണ് മനോജ് കണ്ടത്.

ഈ മൊതല് ഏതാ ഇനം എന്ന് പിടികിട്ടിയല്ലോ?

ഷക്കീല സിനിമയിലും മറ്റും കാണുന്ന എന്തിനെയോ ഓർമ്മിപ്പിക്കുന്ന പപ്പക്കാ നിറഞ്ഞ വപ്പകൾ,നിറഞ്ഞകൊലയോടെ നിൽക്കുന്ന തെങ്ങുകൾ,പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടുകൾ,കൊലച്ച് നിൽക്കുന്ന നേന്ത്രൻ മുതൽ പാളയേം കൊടൻ വരെ ഉള്ള വാഴകൾ എന്നിങ്ങനെ പലതും നായരേട്ടന്റെ വാക്കിന്റെ ബലത്തിൽ ഒടിഞ്ഞുവീണും നശിച്ചും കൊണ്ടിരുന്നു. തള്ളക്കോഴി ചത്തതോടെ ദാസേട്ടന്റെ വീട്ടിലെ ഗിരിരാജ കൊഴിക്കുഞ്ഞുങ്ങൾ വഴിയാധാരമായി.ചെത്താൻ പോണ രാമനു കള്ളില്ലാണ്ടായി.

ഇന്നേവരെ ഒരാളെ കണ്ടാൽ കുരക്കാത്ത നാട്ടിലെ ഒരു അഹിംസാ വാദിയാണ് ലതികേച്ചീടവടത്തെ ടോമി. പത്തീസത്തെ ലീവിനു ഗൾഫീന്നു വന്ന സുനാകരൻ ഒന്ന് കേറീല്ലെങ്കിൽ ചെറിയമ്മ എന്തു വിചാരിക്കും എന്ന് കരുതിമാത്രം ആണ് ആ നേരത്ത് അവിടേക്ക് ചെന്നത്. അവൻ വരുമ്പോൾ നായരേട്ടൻ അടുത്തുള്ള പറമ്പിൽ പശൂന്നെ പുല്ലുതീറ്റിക്കായിരുന്നു.പറമ്പ് കെളക്കായിരുന്ന ശശിയേട്ടനോട് പറഞ്ഞു.

“ഒരാള് കുടുമ്പത്തിക്ക് വരുന്നകണ്ടിട്ട് ആ നായ കെടക്കണ കണ്ടില്ലെ? ഒരു ചൊണയില്ലാത്ത നായ അവർ അതിനു വെറുതെ തിന്നാൻ കൊടുക്കാന്നേ” .. പറഞ്ഞു നാക്ക് വായ്ക്കകത്ത് റെസ്റ്റ് ചെയ്യുമ്പോഴേക്കും സംഗതി നടന്നു. എന്താ സംഭവിച്ചത് എന്ന് കടിച്ച നായക്കോ കടികിട്ടിയ കക്ഷിക്കോ പിടികിട്ടിയില്ല. ചറപറന്ന് കടി നടന്നു.
നായരെ കൂടാതെ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായ ശശിയേട്ടൻ അതോടെ കൈക്കോട്ട് നിലത്തിട്ട് ഉള്ള ജീവനും കൊണ്ട് സ്കൂട്ടായി. അങ്ങിനെ നൂറു നൂറു സംഭവങ്ങൾ

“ടീ നിന്റെ ആ മുടിഞ്ഞ കരിനാക്കുള്ള തന്തയുള്ളിടത്തോളം കാലം എന്റെ പേരക്കുട്ടികളെ ആ വീടിന്റെ പടി ഞാൻ ചവിട്ടാൻ സമ്മതിക്കില്ലാന്ന്” നായരേട്ടന്റെ മോൾടെ അമ്മായിമ്മ പറഞു.അമ്മായിമ്മയുടെ പോരിനു മുമ്പിൽ കരയാറുള്ള സാവിത്രേച്ചിക്ക് ഇക്കാര്യത്തിൽ തീരെ വിഷമം ഉണ്ടായില്ല.
സംഗതി വളരെ നിസ്സാരം.പരീക്ഷ ഒക്കെ കഴിഞ്ഞാൽ മാമന്റോടെ പോകുക എന്നൊരു ചടങ്ങ് നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.ആ ചടങ്ങിനു കൊണ്ടരാൻ പോയതാണ് നായരേട്ടൻ.ചന്നപ്പോൾ പേരക്കുട്ടീടെ മാർക്കൊക്കെ കണ്ടപ്പോൾ ഒന്ന് അറിഞ്ഞ് അഭിനന്ദിച്ചു. മുഴുക്കൊല്ല പരീക്ഷക്ക് പനികാരണം ആ കുട്ടിക്ക് പഠിക്കേണ്ടിവന്നില്ലാന്ന് മാത്രമല്ല അടുത്തകൊല്ലം ആ ക്ലാസ്സിൽ തന്നെ ഇരൂന്ന് നന്നായി പഠിക്കാനും യോഗമുണ്ടായി.

ഈ മൊതൽ ഇങ്ങനെ വിലസുന്ന സമയത്താണ് ഒരീസം മോഹനേട്ടനു പണികിട്ടിയത്. തൈപ്പൊലിയിൽ കക്ഷി പയർ ഇട്ടു.പയർ മുളച്ചു തഴച്ചുവളർന്നു.പൂത്തുനിൽക്കുന്ന സമയം
“പൂത്തിരി കത്തിച്ചപോലെ നല്ലോണം പൂവിട്ടിട്ടുണ്ടല്ലോ മോഹനാ“
നായർ ഒരു മിതഭാഷിയാ‍ണെന്ന് ഞാ‍ൻ മുമ്പേ പറഞല്ലോ.

നായരേട്ടനു ഒരു പണികൊടുത്തേ അടങ്ങൂ എന്ന് പയറുചെടി ചെറിയ കൈക്കൊട്ടോണ്ട് തെങ്ങിന്റെ കടക്കൽ വെട്ടിമൂടുമ്പോൾ മോഹനേട്ടൻ മനസ്സിൽ ഉറപ്പിച്ചു.

ഒരീസം കരിപ്പിനു മോഹനേട്ടൻ മണ്ടിത്തറയിൽ നിന്നും എരുമക്കുട്ടീനെ കൊണ്ട് തലയിൽ ഒരു പുല്ലും കെട്ടുമായി റോട്ടിലേക്ക് ഇറങ്ങുന്ന സമയത്ത് നാ‍യർ ഷാപ്പീന്ന് ഒരു കുപ്പി അന്തിയും അടിച്ച് എന്തോ കൂലങ്കുഷമയി ചിന്തിച്ച് കീഴ്പ്പ്ട്ട് നോക്കി നടന്നു വരുന്നു. തൊട്ടടുത്തെത്തിയപ്പോൾ മോഹനേട്ടൻ
“നായരേ പോരുന്നുണ്ടോ” എന്ന് ഒരു ചോദ്യം.

സമയം വൈകീട്ട് ഏഴുമണി.റോഡിൽ നിന്നും ഒരുമീറ്റർ ഉയരത്തിൽ ഉള്ള തെങ്ങും തോപ്പിൽ കറുത്ത് കൊച്ചിൻ ഹനീഫാ ബോഡിയും മാവേലി മീശയും ഉള്ള ഒരു രൂപം പോത്തിന്റെ പുറകിൽ തലയിൽ പുല്ലും കെട്ടും വച്ച് നിന്ന് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എന്താ സംഭവിക്ക....അതെന്നെ.