Tuesday, November 20, 2012

ആനന്തേട്ടന്റെ അഭിമുഖം

ഓടിട്ട തറവാട് വീടിന്റെ പുതുക്കിപ്പണിത മുന്‍ ഭാഗം. മുന്‍‌വശത്ത് വിശാലമായ കോള്‍ പാടം.  കോള്‍ പാടത്തു നിന്നും വരുന്ന കാറ്റും കൊണ്ട് നല്ല കായല്‍ മീനും ഞണ്ട് ഫ്രൈയും അന്തിക്കാടന്‍ കള്ളുമായി അല്പം നേരം പോക്കും പറഞ്ഞ് ഇരിക്കുകയായിരുന്നു ഞാനും ആനന്ദേട്ടനും.


കുപ്പിയില്‍ നിന്നും ഗ്ലാസിലേക്ക് ആനന്ദേട്ടന്‍ കള്ള് പകര്‍ന്നു. ഒരു ഗ്ലാസ് എനിക്ക് നീട്ടി
അയ്യോ ഇത് ശരിയാവില്ലാ. വെയര്‍ത്താല്‍ അന്യായ സ്മെല്ലടിക്കും.
അതേ ഇത് നീ കരുതണ പോലെ അല്ല. നല്ല എളം കള്ളാ. രാവിലെ ആ സുരേഷിനോട് പറഞ്ഞ് പ്രത്യേകം എടുത്ത് മാറ്റി വച്ചത്.
എന്നാലും ..
ഒരെന്നാലും ഇല്ലാ ..നീ ഒരു ഗ്ലാസങ്ട് പിടിപ്പിക്ക്. ഒരു ഗ്ലാസ് കള്ളുടിച്ചോണ്ട് ഒരു ദോഷോം ഇല്ല.. ദേ നല്ല കോളുമീന്‍ വര്‍ത്തതുണ്ട്. ഞണ്ടും...

ഇപ്പോള്‍ത്തെ പിള്ളരെ പൊടിച്ച് വരണേട്ട് മുമ്പെ കുടി തൊടങ്ങും. അല്ലേ ആനന്ദേട്ടാ?
ഞണ്ടിന്റെ ഒരു കഷണം എടുത്ത് തിന്നുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

ഓ എന്തോന്ന് കള്ളൂകുടി. ഇവന്മാരുടെ വിചാരം അപ്പന്റെ കീശേന്ന് കാശടിച്ച് ബീവറേജില്‍ ക്യൂ നിന്ന് സാധനം വങ്ങി ബോധമില്ലാണ്ടാവണ വരെ കുടിക്കണതാ വലിയ സംഭവന്ന്. കുടിയുടെ ത്രില്‍ അറിയണേല്‍ അത് രാത്രി തെങ്ങില്‍ കയറി ആരുമറിയാതെ നേരിട്ടു കള്ളുകുടിക്ക തന്നെ വേണം. 

ഞങ്ങള്‍ അന്നൊക്കെ എടക്ക് ഒരു ത്രില്ലിനു രാത്രി തവളയെ പിടിക്കാന്‍ ഇറങ്ങും. ഭാസ്കരേട്ടന്റെ തെങ്ങും പറമ്പിന്റെ അപ്പുറത്ത് ചണ്ടി മൂടിയ ഒരു കൊളമുണ്ടായിരുന്നു. അതില്‍ നല്ലോണം തവളയുണ്ടാകും. ഞാനും ജോസഫും തവളയെ പിടിക്കും. പാചകം ചെയ്യാനുള്ള സ്ാഗ്രികള്‍ ഒക്കെ കൂടെ കരുതീട്ടുണ്ടാകും. ഒരു പത്തിരുപത്തഞ്ചെണ്ണം ആയാല്‍ അപ്പോള്‍ തന്നെ അവിടെ വച്ച് സംഗതി അങ്ങ്ട് ശരിയാക്കും. രാമേട്ടന്‍ തെങ്ങ്‌മ്മെ കേറി കള്ളൂറ്റി കൊണ്ടന്നിട്ടുണ്ടാകും. പിന്നെ കഥപറച്ചിലും കള്ളുകുടിയുമൊക്കെയായി നേരം വെളുക്കോളം അവിടെ തന്നെ. അതൊക്കെ ഒരു കാലം ഇപ്ലത്തെ പിള്ളാര്‍ക്ക് അതൊക്കെ ഓര്‍ക്കാന്‍ കൂടെ പറ്റോ?

ചേട്ടന്‍ കഞ്ചാവടിച്ചിട്ടുണ്ടോ?

ഒരിക്കല്‍. അത് എങ്ങനാച്ചാല്‍ മൂത്ത പെങ്ങളെ അക്കരക്കാണല്ലോ കൊടുത്തിട്ടുള്ളത്. അളിയന്റെ ഒരു അനിയന്‍ ഉണ്ട് പ്രകാശന്‍. പഴയേ എമ്മേക്കാരനാ ആള്‍ക്ക് പക്ഷെ നക്സലേറ്റിന്റെ ഒക്കെ എന്തോ പരിപാട്യൊക്കെ ഉണ്ടായിരുന്നു. അന്ന് കരണാകരന്റെ പ്രതാപ കാലമാണ്. അങ്ങനെ ഇരിക്കുമ്പോള്‍ അട്യേന്തരാ‍വസ്ഥ വരണത്. അന്ന് ഇങ്ങേരു ഇമ്മടെ തറവാട്ടിലാ ഒളിവില്‍ കഴിഞ്ഞേ. ആ സമയത്ത് ആള്‍ടെ കാര്യങ്ങള്‍ ഞാനാ നോക്കിക്കോടന്നേ. ആളു നല്ലോണം വലിക്കും. ദിനേശ് ബീഡിയാണ്. ഒരീസം മൂപ്പരെന്നോട് ചോദിച്ചു കഞ്ചാവാണ് വലിക്കണോന്ന്. വേണ്ടാന്ന് പറയണ സ്വഭാവം പണ്ടും എനിക്കില്ലല്ലോ. ഞാന്‍ ഒരു ബീഡി മുഴുവനും വലിച്ചു. പോരാത്തേന്ന് ഒന്നു രണ്ടു പൂവമ്പഴോം തിന്നു. അരമണിക്കൂറു കഴിഞ്ഞില്ല ചര്‍ദ്ദില്‍ പിടിച്ചില്ലേ,എന്തിനു പറയുന്നൂ നേരത്തൊട് നേരമെത്തീട്ടാ പിന്നെ എഴുന്നേറ്റേ.  അതോടെ കഞ്ചാവിന്റെ പരിപാടി നിര്‍ത്തി.

കള്ളും കഞ്ചാവും കഴിഞ്ഞു. ഇനി പ്രേമം…

ഇപ്പോള്‍ എന്തോന്ന് പ്രേമം. മൊബ്ൈലില് നേരം വെളുക്കോളം കുറുങ്ങിക്കൊണ്ടിരിക്കണതാ. അല്ലെങ്കില്‍ ആണും പെണ്ണും തമ്മിലുള്ളത് ഫോട്ടം പിടിക്കണതോഅതൊന്നല്ലട പ്രേംമ. പ്രെമം എന്ന് വച്ചാല്‍ പണ്ടല്ലേ. പ്രേമത്തിന്റെ സുഖം അറിയണേല്‍ കാത്തിരിപ്പു വേണംകണ്ണുകൊണ്ട് സംസാരിക്കണം.  വല്ലപ്പോളും കാണുകയുമ്മിണ്ടുകയും ചെയ്യാന്‍ പറ്റുമ്പോള്‍ ഉള്ള ഒരു സുഖമില്ലേ അതീ നേരം വെളുക്കണ വരെ മൊബൈലില്‍ കുറുങ്ങ്യാല്‍ കിട്ടില്ല.

ചെട്ടന്‍ ആര്യാ ആദ്യം പ്രേമിച്ചത്?

അങ്ങനെ വേണംന്ന് വച്ചിട്ട് പ്രേമിച്ചതല്ല. അങ്ങനെ പറയാണെങ്കില്‍  നമ്മുടെ മേപ്പാട്ടെ സരസ്വതിയില്ലേ അവളായിട്ടുള്ള ഒരു സംഗതിയാണ്. അവള്‍ അന്ന് പത്താം ക്ലാസ് കഴിഞ്ഞ് ടൈപ്പിനു പോകണ കാലം. 1973-ല്‍ ആണ് കേട്ട. നിനക്കറിയോ അന്ന് വീട്ടില്‍ ഞാനും അമ്മ്യേം മാത്രമേ ഉള്ളൂ.   മൂത്ത ചേട്ടന്‍ ബിലായില്‍, പെങ്ങന്മാരെ കെട്ടിച്ചു വിട്ടു. അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ നടത്തീര്‍ന്ന കൊപ്രവെട്ടിന്റെ ഏര്‍പ്പാട്  ഞാന്‍ ചെറിയ തൊതില്‍ ചെയ്യണുണ്ട്.

അന്ന് മാഷോട്ത്തെ  സൂമാരനും ഞാനും പിന്നെ (വാസ്വേവന്‍) വാസുദേവനും ഒക്കെ അടുത്ത കൂട്ടുകാരാണ്. വാസൂന് സരസൂനെ ഒരു നോട്ടം ഉണ്ടായിരുന്നു.അവനവളോട് കലശാലായ പ്രേമം പറയാനൊട്ട് ധൈര്യവുമില്ല. അവള്‍ടെ അച്ചന്‍ അന്നു വലിയ പ്രമാണിയാണല്ലോ.

 ഒരു ദിവസം രാത്രി ഇമ്മടെ കണ്ടശ്ശാം കടവീന്ന് സിനിമയും കണ്ട് വരണ വഴി  ഞങ്ങള്‍ തമ്മില്‍ സരസൂന്റെ കാര്യം ചര്‍ച്ച ചെയ്തു. എന്തായാലും സംഗതി അവളൊട് തൊറന്ന് പറയന്നെ എന്ന് വാസൂനോട് ഞാന്‍  പറഞ്ഞു. . എന്തു വന്നാലും ഞങ്ങളു കൂടെ ഉണ്ടെന്ന് പറഞ്ഞിട്ടും അവനു ധൈര്യം പോര. പറഞ്ഞു പറഞ്ഞ് അതൊരു തര്‍ക്കമായി അവന്‍ പറഞ്ഞു അത്രയ്ക്ക് ധൈര്യമുണ്ടെല്‍ നീ ഒന്ന് പറയാന്‍ പറഞ്ഞ്. ഒടുക്കം ഞാന്‍ പറഞ്ഞു  നിനക്ക് പേടിയാണേല്‍ ഞാന്‍ പറഞ്ഞോളാന്ന്.

എന്നിട്ടു പറഞ്ഞോ?

ഇമ്മക്ക് അന്നും ഇന്നും പേടീന്ന് പറയണ സാധനം ഇല്ലല്ലോ. ഒരു കാര്യം ചെയ്യണന്ന് വച്ചാല്‍ അത് ചെയ്തിട്ടേ പിന്നെ ഉറക്കമുള്ളൂ. പിറ്റേന്ന് കാലത്ത് തന്നെ കുളിച്ച് കഞ്ഞികുടിച്ച് കാലത്ത് സെന്ററില്‍ക്ക്  സൈക്കിളും എടുത്ത് പുറപ്പെട്ടു.ആ സമയത്ത് ഒരു ദാവണിയൊക്കെ ഉടുത്ത് സരസു മുന്നില്‍ പോകുന്നു. ഞാന്‍ സൈക്കിളിന്റെ സ്പീഡ് കൂട്ടി. അവള്‍ടെ അടുത്ത് ചെന്നു സൈക്കിള്‍ വട്ടം വച്ചു. എന്നിട്ട് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടാ‍ന്ന്.

അയ്യോ എന്നിട്ട് പ്രശ്നമായോ?

ആയോന്നോ. നേരു പറഞ്ഞാല്‍ ഒരാവേശത്തിനു ഞാന്‍ പറഞ്ഞതാ. അവള്‍ അയ്യോന്ന് പറഞ്ഞ് കരഞ്ഞോട് തിരിഞ്ഞോടി. ആ സമയത്ത് ചെത്താരന്‍ വിജയേട്ടനുംവള്ളൂക്കടവന്മാരോടത്തെ ജോര്‍ജ്ജാപ്ലേം അളിയന്‍ റപ്പായേട്ടനും വരണത്. എന്താണ്ടാ ചെക്കാ ആ പെണ്‍കുട്ടി കരഞ്ഞോണ്ടോടണേന്ന് ചോദിച്ച് എന്നെ പിടിച്ച് നിര്‍ത്തി. ആ ചെള്ളീലെ മാധവ്യേടത്തി അവളെ സമാധാനിപ്പിക്കാന്‍ എത്തി. അവരു കാര്യം ചോദിച്ചു. അവള്‍ നിര്‍ത്താണ്ടെ
കരയന്നെ.അപ്പോള്‍ക്കും ആള്‍ക്കരു കൂടി. 

ന്ന്ട്ട് എന്താ ഉണ്ടായേ?

ഈ വിജയേട്ടനു എന്റെ ചേട്ടനായിട്ട് ചില പ്രശനങ്ങള്‍ ഉണ്ട്. ആ ഒരു ചൊരുക്കു വച്ച് അങ്ങേര്‍ക്ക് എന്നെ തല്ലണം. ഞാന്‍ പറഞ്ഞു സംഗതി ഞാന്‍ അവളോട് ഇഷ്ടാന്ന് പറഞ്ഞത് സമ്മതിക്കുന്നു. അതിന്റെ പേരില്. എന്റെ ദേഹത്ത് തൊട്ടാല്‍ സകലതിനേയും ഞാന്‍ വീട്ടില്‍ കെടത്തി  പൊറുപ്പിക്കില്ലാന്ന്. 

അപ്പോ?

അറിയാലോ വിജയേട്ടനും ജോര്‍ജ്ജാപ്ലേം നല്ല ആരോഗ്യമുള്ളവരാ. ഒരടി കിട്ടിയാല്‍ അതോടെ പണി തീരും. പക്ഷെ എന്റെ ആ നേരത്തെ മുഖഭാവം കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി സംഗതി പന്ത്യല്ലാന്ന്. അതൊണ്ട് അവര്‍ തല്ലാന്‍ നിന്നില്ല. കുറേ ചീത്തപറഞ്ഞു. അതിന്റെ എടേല് ഇമ്മടെ  മോഹനേട്ടന്റെ അച്ചന്‍ ഉണ്ട് കര്‍പ്പേട്ടന്‍ ആളു വന്ന് എല്ലാവരം സമാധാനാക്കി പിരിച്ചു വിട്ടു. എന്നെ വീട്ടില്‍ കൊണ്ടന്നാക്കി. അമ്മ ഈ വിവരം ഒന്നും അറിയണ്ടാന്ന് പറഞ്ഞു.

ന്ന്‌ട്ട് അമ്മ അറിഞ്ഞോ?

പിന്നില്ല്യാണ്ട്. അന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ആ വപ്പൊഴത്തെ സരോജന്യേച്ചി വന്നു സകല വിവരവും അങ്ങ്ടാ വെളമ്പിയില്ലേ. അമ്മ നെഞ്ചത്തടിയും നെലോളിയും. ഈ കുരുത്തം കെട്ടവന്‍ എങ്ങിനെ എന്റെ വയറ്റീപെറന്നൂ..ഞാനിനി എങ്ങിനെ നാത്തൂന്റെ മോത്തു നോക്കും (ഈ സരസൂന്റെ അമ്മ ജാനകേച്ചി അമ്മേടെ ഒരു ബന്ധുവാണേ)  എന്നൊക്കെ പറഞ്ഞ് ഒറക്കങ്ങ്ട് കരയാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു നിങ്ങള്‍ ഒന്ന് മിണ്ടാണ്ടിരിക്ക്. അവരു പറയണ പ്രശ്നമൊന്നും ഇല്ലാ ആ ചെത്താരന്‍ വിജയേട്ടന്‍ വെല്യേട്ടനോടുള്ള ദേഷ്യത്തിനു പ്രശ്നമുണ്ടാക്കീതാന്ന് പറഞ്ഞു.

പെണ്ണിന്റെ വീട്ടാരു വല്ല പ്രശ്നവും ഉണാക്യോ?

 പിന്നെ ഇല്ല്യാണ്ടേ... (ഒരു കവിള്‍ കള്ള് ഇറക്കിക്കൊണ്ട്) രണ്ടാമത്തെ ആങ്ങള ചെക്കന്‍ ചെല ആള്‍ക്കാരെ കോണ്ടു വന്ന് ഒരീസം കണ്ടശ്ശാങ്കട കൊപ്രകൊണ്ടോയി വരണ വഴിക്ക് എന്നെ തടഞ്ഞു നിര്‍ത്തി തല്ലാന്‍ വന്നു. അന്ന് ഞാന്‍ കാളവണ്ടീടെ തണ്ടെടുത്ത് ഒരുത്തന്റെ നെറേം തല്‍ക്ക് ഒന്നാ കൊടുത്തു. അടി കൊണ്ടവന്‍ അപ്പോള്‍ വീണു. കൂടെ ഉണ്ടായിരുന്നോരു ഓടി.  കാളവണ്ടിക്കാരന്‍ ലാസറേട്ടന്‍ ആകെ പേടിച്ചു പരുവായി. ആളെ പിടിച്ച് പുറകിലിരുത്തിഎന്നിട്ട് ആള്‍ടെ കയ്യീന്ന് ചാട്ട വാങ്ങി കാളേനേം തെളിച്ച് ഇങ്ങോട്ട് പോന്നു. 

നീ ഇനി ഇവിടെ നിന്നാ ശര്യാവില്ലാന്ന് പറഞ്ഞ് അമ്മ ചേട്ടനു കത്തെഴുതി. അങ്ങനെ പിന്നെ എല്ലാവരും നിരബന്ധിച്ചപ്പോ ഞാന്‍ ബിലായ്ക്ക് പോയി.

സരസ്വതിയുടെ കാര്യമെന്തായി?

അവളെ പിന്നെ  ടൈപ്പിനു വിട്ടില്ല. ജാനകേച്ചീടെ ആങ്ങളമാരു വന്ന് അവരുടെ വീട്ടില്‍ക്ക് കൊണ്ടു പോയി. പിന്നെ  കേട്ടത് അവിടെ ഉള്ള ഒരു ബോംബെക്കാരനെ കൊണ്ടു കെട്ടിച്ചൂന്നാ. കല്യാണമൊക്കെ അവിടെ വച്ചായിരുന്നു. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം അവര്‍ ബോംബെക്ക് പോയി.

പിന്നീട് എപ്ലാ അവരെ കണ്ടേ?

കൊറേ കൊല്ലം കഴിഞ്ഞാ പിന്നെ കണ്ടത്. അപ്ലക്കും അവള്‍ക്ക് രണ്ട് കുട്യോളൊക്കെ ആയിരുന്നു. ഒരിക്കല്‍ ലീവിനു വന്നിരിക്കുമ്പോള്‍ കാളീടമ്പലത്തിന്റെ അവിടെ വച്ചാ കണ്ടേ. അവളാകെ മാറിയിരിക്കണൂ. പഴേ കോലം ഒക്കെ മാറിരണ്ട് പേറൊക്കെ കഴിഞ്ഞതോടെ തടിച്ചുരുണ്ട് ഒരു മുത്തന്‍ പെണ്ണായി.

കണ്ടപ്പോള്‍ മിണ്ട്യോ?

ഞാന്‍ ആ പാണ്ടാത്രക്കാരോടത്തെ കാര്‍ത്തികേട്ടനെ കണ്ട് വരണ വഴീ വെച്ചാ അവളെ കണ്ടത്. കണ്ടപ്പോള്‍ സരസ്വോന്ന് ഒന്ന് വിളിച്ചു. അവള്‍ അവള്‍ ഒന്ന് ചിരിച്ചു. സൈക്കള്‍ നിര്‍ത്തി വര്‍ത്താനം പറയാന്‍ തൊടങ്ങി. അതിന്റെ എടേല്‍ നീ എന്തിനാ അന്ന് കരഞ്ഞ് ബഹളമുണ്ടാക്ക്യേന്ന് ചോദിച്ചു. ആദ്യം അവളൊന്നും മിണ്ടിയില്ല. പിന്നെ നിര്‍ബന്ധിച്ചപ്പ്ലാ സംഗതി പറയണത്. 
എന്താ കാര്യം?
അവള്‍ക്ക് എന്നോട് ഇഷ്ടായിര്‍ന്നൂത്രേ. പക്ഷെ ഞാനന്ന് സൈക്കിള്‍ കൊണ്ടു നിര്‍ത്തി പെട്ടന്നങ്ങനെ ചോദിച്ചപ്പോള്‍ അവളു പേടിച്ചൂത്രേ. അതൊണ്ടാ കരഞ്ഞോണ്ടോടീത്‌ന്ന്..പിന്നെ അവള്‍ടെ കല്യാണം കഴിഞ്ഞുള്ള കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. കേട്ടപ്പോള്‍ എനിക്ക് വെഷമായി.

അതെന്തേ?

ക്ടാങ്ങളൊക്കെ ആയേനു ശേഷത്രേ അവളെ കെട്യോന്‍ ഈ വിവരം ഒക്കെ അറിയണത്. അതാരോ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞോട്ത്തതാന്നേ. അയാളിതു പറഞ്ഞ് അവളെ എടക്ക് തല്ലാറൊക്കെ ഉണ്ടത്രേ. അയാള്‍ക്ക് കമ്പനീലുള്ള ഒരു പെണ്ണുമായി അടുപ്പം ഉണ്ടെന്നും കേള്‍ക്കണൂ. അതിവള്‍ ചോദിച്ചപ്പോള്‍ ബഹളമയി അങ്ങനെ ഇവിടെ നാട്ടില്‍ കൊണ്ടാക്കി. കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു. സരസ്വോ നീ വെഷമിക്കണ്ട എന്തു വന്നാലുംഞാനുണ്ടെന്ന്.

അപ്പോ ആ സമയത്ത് ചേട്ടനു ഭാര്യയും മക്കളൊക്കെ ഇല്ലെ?

ഉണ്ടെന്നെ. എന്റെ ഭാര്യ രമണി രണ്ടാമത്തെ ക്ടാവിനെ ഗര്‍ഭണ്ടായിരിക്കാ ആ സമയത്ത്. സരസൂന്റെ വെഷമം കണ്ടപ്പോള്‍ ആ ഒരു ആവേശത്തിനു പറഞ്ഞതല്ലേ. അവള്‍ അത് കേട്ട് ഒന്ന് ചിരിച്ചു എന്നിട്ട് തെരക്ക്ണ്ടന്ന് പറഞ്ഞ് നടന്നു.

ചേട്ടന്‍ അപ്പോ  വേറെ പ്രേമം ഒന്നും ഉണ്ടായിട്ടില്ലേ?

ഉണ്ടോന്നോ എത്ര എണ്ണം വേണം നിനക്ക്. ഇവിടെ മാത്രമല്ല ഞാന്‍ ബിലായില് പോയപ്പോള്‍ അവിടെ ഒരു അഞ്ചാറെണ്ണം എങ്കിലും ഉണ്ടായിരുന്നു. പിന്നെ ഞാന്‍ പഞ്ചാബില്‍ കുറച്ചു കാലം ഉണ്ടായിരുന്നു. അവിടെ ഒരു പഞ്ചാബി പെണ്ണുമായിട്ട് അടുപ്പം ഉണ്ടായി. പഞ്ചാബി പെണ്ണുങ്ങള്‍ന്ന് പറഞ്ഞാ ഒത്ത ഉയരവും അതിനൊത്ത ശരീരവും നല്ല ഗോതമ്പിനെ നെറോം ഉള്ളവരാ. എന്തു പറഞ്ഞാലും നമ്മള്  മലയാ‌ള്‍ക്ക്  പ്രത്യേകിച്ച് തൃശ്ശൂക്കാര്‍ക്ക് ലോകത്ത് ഏതു പെണ്ണിനേം വളക്കാന്‍ ഒരു കഴിവുണ്ട്ന്ന് നെനക്കറിയാലോ. കണ്ട് ഒരാഴ്ചകൊണ്ട് ഞാന്‍ അവളെ വളച്ചു. ആദ്യം അവള് ഇമ്മളെ കാര്യാക്കീലം ഞാന്‍ വിടോ. എന്തിന്  പറേണം ഒടുക്കം അവള്‍ എന്നോടുള്ള പ്രേമം കാരണം മലയാളം വരെ പഠിച്ചു.

അതു കൊള്ളാലോ ചേട്ടന്‍ ആളു മോശമല്ലായിരുന്നൂ ലേ..?

ഇമ്മളിപ്പോളും ദേ ഈ കാര്യത്തില്‍ മോശമല്ലാട്ടാ. നീ ഇപ്പോള്‍ ഒരു പെണ്ണിനെ ലൈനാക്കണംന്ന് പറഞ്ഞോക്കെ. ഒരാഴ്ചോണ്ട് ഞാന്‍ ശരിയാക്കിത്തരാം.അതൊരു നേക്കാണ്. എല്ലാവര്‍ക്കും അത് കിട്ടില്ല. ഈ പഞ്ചാബി പെണ്ണില്ലെ അമ്പിനും വില്ലിനും അടുക്കാത്തോളായിരുന്നു. എന്നിട്ടെന്തായി എന്റെ കൂടെ ഒളിച്ചോടാന്ന് സമ്മതിച്ചില്ലേ. ചാവുന്ന് പറഞ്ഞ് കൈതണ്ട മുറിച്ചു. അവള്‍ടെ വീട്ടുകാര്‍ക്ക് വിവരം പിടികിട്ടുകയും ചെയ്തു. അപ്പോള്‍ സംഗതി സീരിയസ്സാന്ന് എനിക്കും തോന്നി.  പഞ്ചാബിയെങ്കില്‍ പഞ്ചാബി ഇമ്മക്കൊരു കല്യാണം കഴിക്കണം പെണ്ണു വേണം അത്രേ അപ്പോള്‍ ചിന്തണ്ടായ്ര്ന്നുള്ളൂ.
 എന്നിട്ട് അതു നടന്നില്ലേ?
 അത് വേറെ ഒരു സംഭവമാണ്. അവള്‍ടെ ഡിഗ്രി പരീക്ഷ കഴിഞ്ഞ അന്ന്  വൈകുന്നേരം കോളേജീന്ന് നേരെ റെയില്‍‌വേസ്റ്റേഷനില്‍വരാന്ന് പറഞ്ഞു. ഞാന്‍ ഡെല്‍ഹിക്കുള്ള രണ്ടു ടിക്കറ്റുമെടുത്ത് അവിടെ സ്റ്റേഷനില്‍ വെയ്റ്റ് ചെയ്തു.   പറഞ്ഞ സമയത്ത് അവളെ കണ്ടില്ല. അവളെന്നോട് ഒരു കാര്യം പറഞ്ഞിരുന്നു എത്തിയില്ലെങ്കില്‍ പിന്നെ അവളെ കാക്കണ്ടാ വിട്ടോളാന്‍.  സംഗതിയില്‍ എന്തോ ഒരു പന്തികേട് മണത്തു. ഇമ്മടെ നാടല്ലല്ലോഞാന്‍ സ്റ്റേഷന്റെ മണ്ടേല്‍ക്ക് മാറിനിന്നു. പ്രതീക്ഷിച്ച പോലെ അവള്‍ടെ വീട്ടിലെ അഞ്ചാറു സര്‍ദാര്‍ജിമാര്‍ അവിടെ എന്നേം തപ്പി നടക്കണ്. ഞാന്‍ ആരാ മോന്‍. ഇപ്രത്തെ സൈഡീക്കൂടെ വന്ന് ട്രെയിനില്‍ കയറി പോന്നു.

പ്രേമം അല്ലണ്ടെ വേറെ വശപെശകൊന്നും

അത് പറയാണേല്‍ ഒരുപാടുണ്ട്. അതിന്റെ ഒരു തൊടക്കംന്ന് പറഞ്ഞാല്‍   വടക്കേലെ കമലാക്ഷീടെ അടുത്ത്ന്നാണ്. അത് മറ്റുള്ളവര്‍ കാണുന്ന പോലെ  അയലോക്കക്കാര്‍ന്നുള്ള നെലക്കല്ലാണ്ടെ ഞാനും കമലാക്ഷിയും തമ്മില്‍ ചെ‌റ്യേ ചില  അടുപ്പം ഒക്കെ ഉണ്ടായിരുന്നു. അന്ന് ഇന്നത്തെ പോലെ ആള്‍ക്കാര്‍ക്ക് സംശയം ഒന്നും തോന്നില്ല. വൈനേരം തോട്ടുങ്ങലിന്റെ കൊളത്തില്‍ കുളിക്കാന്‍ പോകുമ്പോളും പിന്നെ ഇവിടെ കൊപ്ര ഒണക്കാന്‍ സഹായിക്കാന്‍ വരുമ്പോളും ഒക്കെ തരം കിട്ടിയാല്‍ തൊട്ടും പിടിച്ചും അങ്ങിനെ ചെലതൊക്കെ നടത്താറുണ്ട്. അതു ഒരു തൊടക്കം മാത്രാണ് ട്ടാ..അങ്ങിനെ എത്ര എണ്ണം. ന്നാലും ആദ്യത്തേത് അതൊരു അനുഭവം തന്ന്യാ.. പ്രായായെങ്കിലും കമലാക്ഷി ഇപ്പോളും എടക്കൊക്കെ പഴയ സ്നേഹം കാണിക്കാറുണ്ട് ട്ടാ.. എന്നു കരുതി പണ്ടത്തെ പോലെ ഒന്നും പറ്റില്ല. ഇപ്പോള്‍ പിള്ളാരൊക്കെ വലുതായില്ലേ.

അല്ലാ ഭാര്യയും കുട്ടികളും ഒക്കെ ഉപേക്ഷിച്ചു പോയിട്ട് ചേട്ടന്‍ ഇപ്പോള്‍ എങ്ങിനെയാ ഒറ്റക്ക്?

ക്ടാങ്ങളു കാലയപ്പോളാ രമണിക്ക് എന്നോട് സംശയം ഒക്കെ തോന്നാന്‍ തൊടങ്ങീത്. ഞാന്‍ ആണേല്‍ ഡീസന്റായി ജീവിക്കാന്‍ തൂടങ്ങിയ സമയോം. ഒരീസം അടിച്ചു ഫിറ്റായി ഇരിക്കുമ്പോള്‍ കട്ടിലിന്റെ ചോട് വെടുപ്പാക്കണേന്റെടേല്‍ കിട്ടിയ പഴയ ഒരു കത്തുംകൊണ്ടു വന്ന് ബഹളം ഉണ്ടാക്കി. ഒന്നും രണ്ടും പറഞ്ഞ് അതൊരു വലിയ പ്രശ്നമായി മാറി. അവള്‍ടെ പേരില്‍ എഴുതിവച്ച് ഞാന്‍ ഗുഡ്ബൈ പറഞ്ഞു ഇങ്ങോട്ട് വന്നു.  എന്റെ മക്കള്‍ക്ക് എന്നോട് ഒരു ഇഷ്ടക്കുറവുമില്ല. അവര്‍ ഇടയ്ക്ക് വരും കാര്യങ്ങള്‍ അന്വെഷിക്കും. അവള്‍ ഇപ്പോള്‍ അമ്മാമയിയേയും പൂജിച്ച് നടക്കാ..

ചേട്ടാ ഈ മീന്‍ വര്‍ത്തതിനു നല്ല സ്വാദ് ഗള്‍ഫിലൊന്നും ഇത് കിട്ടില്ലേ. മീന്‍ വറുത്തതിന്റെ പാത്രം കാലിയാക്കികൊണ്ട് ഞാന്‍ പറഞ്ഞു.

എടീ  കുറച്ച് മീന് വര്‍ത്തത് ഇങ്ങട് എടുത്തേ..ടീ...അകത്തേക്ക് നോക്കി ആനന്ദേട്ടന്‍ വിളിച്ച് പറഞ്ഞു വാതില്‍ക്കല്‍ ഒരനക്കം. തടിച്ച് പ്രൌഢയായ ഒരു സ്ത്രീ കൈയില്‍ ഒരു പ്ലേറ്റുമായി…

പ്ലേറ്റ് താഴെ വച്ച് പോകാന്‍ തുടങ്ങിയ അവരുടെ കൈയില്‍ കടന്ന് പിടിച്ച് ആനന്ദേട്ടന്‍ പറഞ്ഞൂ:

അങ്ങനെ പോയാലോ?  ഇവ്ടെ ഇരിക്കടി..ഇവനെ അറിയ്യോ?

സമൃദ്ധമായ ശരീരഘടനയുള്ള അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ നാണം മുട്ടിയതെനിക്കാണ്.

'ഈ മനുഷ്യന്റെ ഒരു കാര്യേയ്. സമയോം കാലോം നോക്കാതെ…'

ആനന്ദേട്ടന്റെ കൈ വിടുവിച്ച് ശൃംഗാരം കലര്‍ന്ന ഒരു നോട്ടത്തോടെ, താളത്തില്‍  അവര്‍ അകത്തേക്ക് നടന്നു.

രമണ്യേച്ചിയല്ല. അപ്പോ ഇത്?

എന്റെ മുഖത്തെ ചോദ്യം വായിച്ചെടുത്തിട്ടെന്നോണം ഗ്ലാസിലേക്ക് അല്പം കള്ള്‍ കൂടി ഒഴിച്ചു കൊണ്ട് കുസൃതിയോടെ ആനന്ദേട്ടന്‍ പറഞ്ഞു:
അതേടാ...അവള്‍ തന്നെ….  സരസു!




Wednesday, March 31, 2010

എന്നാലും നീ ഇത് എന്നോട് ചെയ്യും എന്ന് കരുതിയില്ല.

എന്നാലും നീ ഇത് എന്നോട് ചെയ്യും എന്ന് കരുതിയില്ല. നമ്മള്‍ ഇത്രയ്ക്ക് ശത്രുക്കളായോ?



ഒരു വാക്ക് ....ഒരു സൂചനയെങ്കിലും തന്നിരുന്നെങ്കില്‍.....അല്ല ഞാനാരാ അല്ലെ?

എനിക്ക് നല്ല വിഷമം തോന്നി....നീ എന്നോട് പറയാതെ ഇരിക്കും എന്ന് ഒരിക്കലും കരുതിയില്ല....


എങ്ങിനെ തോന്നി നിനക്ക് എന്നില്‍ നിന്നും ഇത് ഒളിച്ചുവെക്കുവാന്‍..........



ഇത്രയും വേഗം എല്ലാം മറന്നുവോ നീ......ഇത്രയും ക്രൂരമായി എങ്ങിനെ എന്നോട് പെരുമാറുവാന്‍ തോന്നി നിനക്ക്....




നിന്റെ ജീവിതത്തിലെ ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം മറ്റുള്ളവര്‍ പറഞ്ഞറിയുന്നത് എത്രവിഷമം ഉണ്ടാക്കും എന്ന് അറിയാമോ?



അറിഞ്ഞപ്പോള്‍ നിന്നെ വിളിച്ചു പക്ഷെ എന്താ ചെയ്യ നിന്റെ ഫോണ്‍ എങ്ങ്‌ഗേജ്ഡ് ആയിരുന്നു.....




ഒത്തിരി നേരം ഞാന്‍ ശ്രമിച്ചു...ഒടുവില്‍ നിരാശയോടെ ഞാന്‍ തളര്‍ന്നുറങ്ങി.,,,



ഇതിനിടയില്‍ പലരും എന്നെ വിളിച്ചു ചോദിച്ചു നീ അറിഞ്ഞില്ലേ....അറിഞ്ഞില്ലേ എന്ന്...അതെന്റെ ഹൃദയത്തില്‍ ക്രൂരമ്പുകളായി കൊണ്ടു...


ആമുറിവിന്റെ നീറ്റല്‍ എന്റെ നെഞ്ചില്‍ ഒരു പുകച്ചിലായി...


എന്തുകൊണ്ട് നീ ഇത് എന്നില്‍ നിന്നും മറച്ചുവച്ചു എന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല......



അല്ല ഈ ഡിജിറ്റല്‍ യുഗത്തിന്റെ പുത്തന്‍ ആഹ്ലാദങ്ങളില്‍ എന്നെ ഓര്‍ക്കുവാന്‍ എവിടെ അല്ലെ സമയം?



അതോ എന്നെ പോലെ ഉള്ളവരുമായുള്ള സൌഹൃദങ്ങള്‍ ഇപ്പോളത്തെ സ്റ്റാറ്റ്സിനു ചേരുന്നതാകില്ല എന്നുകരുതിയാണോ എന്നില്‍ നിന്നും ഇക്കാര്യം ഒളിപ്പിച്ചത്?

എന്തായാലും ഒന്നു നീ അറിയുക.....നീ എന്നെ അറിയിച്ചില്ലെങ്കിലും എങ്ങിനെ എങ്കിലും ഞാന്‍ അത് അറിയും.....





wish you a happy birth day...dear....



മറ്റുപലരും തങ്ങളുടെ ജന്മദിനം ചെറിയതോതില്‍ ആഘോഷിക്കുമ്പോള്‍ ലോകം മുഴുവന്‍ ഓര്‍ക്കുന്ന ഒരു ദിനം ലഭിക്കുന്നവര്‍ ഭാഗ്യമുള്ളവരാണ്.
ലോകത്ത് ഒരുപാട് സഹജന്മങ്ങള്‍ക്കൊപ്പം ആഹ്ലാദപൂര്‍വ്വം ആഘോഷിക്കുവാന്‍ അവസരം കിട്ടിയ അതും ഈ പ്രത്യേക ദിനം തന്നെ ലഭിച്ച താങ്കള്‍ ഭാഗ്യവാന്‍/ഭാഗ്യവതി തന്നെ.
ബുദ്ധിക്കനുസരിച്ച ഒരു ദിനം തന്നെ നിനക്ക് ജന്മദിനമായി ലഭിച്ചതില്‍ സത്യമായിട്ടും അയൂയ ഒട്ടും തോന്നുന്നില്ല. ഏതൊരു വിഡ്ഡിക്കും ഒരു ദിനം ഉണ്ടെന്ന് പറയാറുണ്ട് എന്നാല്‍
നിനന്റെ കാര്യത്തില്‍ ഏതൊരു വിഡിക്കും ഒരു ജന്മ ദിനം ഉണ്ട് എന്ന് തിരുത്തിയിരിക്കുന്നു.
ആഘോഷിക്കൂ ഓരോ ജന്മദിനവും, അഭിമാനത്തോടെ ഉറക്കേ പറയൂ യെസ് ഇന്ന് ജന്മദിനം ആണെന്ന്.....
സന്തോഷത്തിന്റെ പരമോന്നതിയില്‍ നില്‍ക്കുന്ന ഈ വേളയില്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!!

Wednesday, September 02, 2009

അന്തിക്കാട്ടാരന്റെ കള്ളുടി മുട്ടില്ലാട്ടോ.. .

വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ ഒരാവശ്യം ഇല്ലെങ്കിലും ഇമ്മള്‌ അന്തിക്കാട്‌ നടക്കൽ പോണപോലെ ഓഫീസീന്നെറങ്ങി നേരെ അമേരിക്കക്കും സുഡാനിൽക്കും പോണമൊതലാളി പന്നിപ്പനിപേടിച്ച്‌ എയർപ്പോർട്ടിന്റെ മണ്ടേക്കുടെ വരെ പോണില്ല.പത്തുപന്ത്രണ്ട്‌ ബെഡ്‌റൂമുള്ള ഒരു വില്ലകാരണം കഴിഞ്ഞ ഒരാഴ്ചയായി യാതൊരു ഒഴിവും ഇല്ല.കൂടെ ഉള്ളോർക്കൊപ്പം നോംബും എടുക്കണോണ്ട്‌ അത്യാവശ്യം അതിന്റെ ക്ഷീണവും ഉണ്ട്‌. വരാൻ വൈകണോണ്ട്‌ പോകാൻ വൈകുന്ന ഉദാരമനസ്കരനായ ക്ലൈന്റിനെ പറ്റി വന്ന അന്നുതന്നെ ശരിക്ക്‌ മനസ്സിലാക്കിയിരുന്നു. അതോണ്ടെ ഓണം ആഘോഷിക്കണേൽ മുങ്ങുകയല്ലാതെ വേറെ വഴിയൊന്നും ഇല്ല.

ഒരുവിധപ്പെട്ട ഉടായ്പൊന്നും മൊതലാളിയുടെ അടുക്കൽ നടക്കില്ല. ഒടുക്കം ഞാൻ ആ അറ്റകൈ തന്നെ പ്രയോഗിച്ചു.സ്കൂളിൽ ഹിന്ദിപരീക്ഷക്ക്‌ പ്രയോഗിക്കണ ആ മാന്ത്രിക വാക്ക്‌... ഏതൊരു മുതലാളിയും തോറ്റുപോകുന്ന ആ വലിയ വാക്ക്‌...അതെ "ഇമ്മടെ വയറുവേദന."

ഓണത്തിന്റെ അന്ന് ലീവെടുത്ത്‌ കുടുമ്പത്തിരിക്കുന്നതിന്റെ കുരിശ്‌ മനസ്സിലായത്‌ ചേന,കായ,സബോള തുടങ്ങിയ വില്ലന്മാർ ഒരു കത്തിയുടേയും കട്ടിംഗ്‌ ബോർഡിന്റേയും അകമ്പടിയോടെ മുന്നിൽ എത്തിയപ്പോളാണ്‌. വി.എസ്സ്‌ വിജയനെ നോക്കണപോലെ ഒരു നോട്ടം ഞാൻ നോക്കി....
"അതേ ഭാര്യയെ ഒന്ന് സഹായിക്കണോണ്ട്‌ ഒരു കുഴപ്പവും ഇല്ല... ഇമ്മക്ക്‌ രണ്ടാൾക്കും കഴിക്കാൻ തന്നെ അല്ലേ...ആ ശശിയേട്ടൻ ചേച്ചിയെ സഹായിക്കറുണ്ടെന്ന് പറഞ്ഞത്‌ കേട്ടില്ലേ?
പേരിൽ കൈതമുള്ളെന്ന് ഒരു ആർഭാടത്തിനു വച്ചിരിക്കുന്നു എങ്കിലും ഇന്നേവരെ എന്നോട്‌ സ്നേഹത്തോടെ പെരുമാറുകമാത്രം ചെയ്തിട്ടുള്ള അങ്ങേരു ഒരു കൈതമുള്ളാന്ന് മനസ്സിലായത്‌ അപ്പോളാണ്‌..
നല്ലൊരു ഓണായിട്ട്‌ ഞാനെന്തിനാ പട്ടിണി കിടക്കുന്നേന്ന് വിചാരിച്ച്‌ മാത്രം മോന്തേമ്മെ നിറയെ പുട്ടിയിട്ടു, ലിഫ്റ്റിക്കിട്ടനുണകൾ നിരത്തി താരകൊന്തികൾ പല്ലിളിക്കുന്നതും നോക്കിചേനയെയും സംഘത്തേയും വെട്ടിനുറുക്കി ഒരു പരുവമാക്കി പാത്രത്തിൽ ഇട്ടു അടുക്കളിയിലേക്ക്‌ സെന്റ്ചെയ്തു.

പുള്ളിക്കാരി സാമ്പാറിന്റെ കഷ്ണങ്ങൾ കുക്കറിലേക്കു അപ്‌ലോഡു ചെയ്യുന്നതിലേക്കു ശ്രദ്ധതിരിഞ്ഞതും ഞാൻ സ്കൂട്ടായി. ഫോണെടുത്ത്‌ ഗുണ്ടകളുടെ സ്വന്തം നാട്ടിലേക്ക്‌ വിളിതുടങ്ങി.
"ഹലോ...ങാ ഇതു ഞാനാ മോഹനേട്ടോ....ഓണക്കൊക്കെ എവിടെ വരായയി.."
"ഹലോ ....ഹലോ... ഓണമൊക്കെ ഇങ്ങനെ പോണൂ..അവിടെ എന്താ വിശേഷം.....ഓണായിട്ട്‌ മൊടക്കുണ്ടോ
"ഹേയ്‌ മുടക്കെടുത്തു ..അവിടെ എന്താണ്‌ വിശേഷം..."
"ഇവിടെ രാമചന്ദ്രനും,രാമുട്യേട്ടനും ഒക്കെ പോയതോടെ എന്തോന്ന് ഓണം...എന്നാലും പിള്ളേരൊക്കെ ഉഷാറാണ്‌....കാലത്ത്തന്നെ ഓരോർത്തരു പാമ്പുകളിതുടങ്ങി..... വൈനേരാവുമ്പോൾക്കും പുലിക്കളിയാകും...അതേ നിന്റെ ചങ്ങാതി ജെ.പി വന്നിട്ടുണ്ടെന്ന് കേട്ടു...അവനോട്‌ പോണേലു മുമ്പ്‌ എന്നെ ഒന്ന് കാണാൻ പറ....." "അതെന്തിനാ മോഹനേട്ടോ..."
"ടാ കോളീന്ന് കുറച്ച്‌ മീൻ പിടിച്ച്‌ വർത്ത്‌ കൊടത്താക്കാടാ...അല്ലാണ്ടെന്തിനാ...."
"അവിടെ ആരാ ബഹളം വെക്കുന്നേ?" "അത്മ്മടെ ഗോപാലനാ....ഞാൻ കൊടുക്കാം"
"ടാ നിനക്കും പെണ്ണിനും സുഖല്ലേ? പണിയൊക്കെ എങ്ങിനെ ഉണ്ട്‌....?" "കൊഴപ്പം ഇല്ലാണ്ടെ പോണു ഗോപാലേട്ടോ...."
"അതുകേട്ടാൽ മതി...വരുമ്പോ പണ്ടത്തെ ബ്ലോഗ്ഗ്‌ കൊണ്ടരാൻ മറക്കരുത്‌ ടോ..."
"ഹേയ്‌ അതു കൊണ്ടരും ഗോപാലേട്ടോ...."
"നമ്മടെ രാമേന്ദ്രന്റെ ചെക്കൻ ഇല്ലേ അവിടെ....അവനെ നീ കാണാറുണ്ടോ..വെയ്‌ലുകൊണ്ട്‌ ആ ചെക്കൻ കറത്തോ?"
"ഹേയ്‌ അവൻ ഉഷാറാണ്‌..കമ്പനി ഫുഡ്‌ കൊടുക്കണോണ്ട്‌ ആൾ ഇങ്ങപ്പന്റെ മൂരീടെ പോലെ ആകെ ഒന്ന് കൊഴുത്തിട്ടുണ്ട്‌..."
"ഉം നീ എന്തൂട്ട ചവക്കണ്‌.." "ഒരു കഷണം കൊള്ളിക്കെഴങ്ങാ ഗോപാലേട്ടോ..."
"ടാ എന്തൂട്രാ ഇത്‌ ഒരോണായിട്ട്‌ പരിപാടിയൊന്നും ഇല്ലേ?.."
"ഇമ്മളു ചെമ്പൻ അടിക്കില്ലാന്ന് അറിയില്ലേ ഗോപ്പാലേട്ടോ...അല്ല ഗോപാലെട്ടോ ഉത്രാടായിട്ട്‌ ബാറൊക്കെ അടവായിരുന്നൂന്ന് കേട്ടല്ലോ?":
"ഉം നിന്നെ എനിക്കറിഞ്ഞൂടേടാ കള്ളാ പെണ്ണിനെ പേട്യാ അല്ലേ....അതേ അക്കരത്തെ എം.എൽ.എ ടി.എൻ പ്രതാപേട്ടൻ ഉത്സാഹിച്ച്‌ ഉത്രാടത്തിന്റെ അന്ന് ബീവറേജും ബാറും അടപ്പിച്ചാലും അന്തിക്കാട്ടാർക്ക്‌ കള്ളുടി മുടങ്ങില്ലാട്ടോ........ഇമ്മക്ക്‌ ഇമ്മടെ സ്വന്തം ദേശീയപാനീയം..അതെ അന്തിക്കാടിന്റെ സ്വന്തം ചെത്തുകാർ ചെത്തിയിറക്കിയ നാടൻ കള്ള്‌....... അതേ വർത്താനം പറഞ്ഞിരിക്കാൻ നേരമില്ലാ ഗോപി ഒരു കുപ്പിയുമായി വരണുണ്ട്‌.....അന്തിക്കാട്ടാരന്റെ കള്ളുടുമുട്ടിക്കാൻ ആരും ആയിട്ടില്ല മോനേ...ഒകെ

Tuesday, June 16, 2009

ശമ്പളം വേണോ അതോ ശാകുന്തളം വേണോ?

"ബിനുമോൻ..നാളെ വരുമ്പോൾ അഛനേം കൂട്ടികൊണ്ടുവന്നിട്ട്‌ ക്ലാസിൽ കയറിയാൽ മതി" മലയാളം പരീക്ഷാപേപ്പർ കുട്ടികൾക്ക്‌ നൽകുന്നതിനിടയിൽ ഒമനക്കുട്ടിടീച്ചർ പറഞ്ഞു.
"ശരി ടീച്ചർ.."ക്രിക്കറ്റുകളിയിള്ള ദിവസം എങ്ങിനെ പുറത്തുചാടം എന്ന് ചിന്തിച്ചിരുന്ന മറ്റുള്ള ചെക്കന്മാർക്ക്‌ അസൂയസമ്മാനിച്ചുകൊണ്ട്‌ ടീച്ചറുടെ വാക്ക്‌ കേൾക്കേണ്ടതാമസം ചുള്ളൻ സൂട്ടായി.

ബിനുമോനെ അറിയില്ലേ. നാട്ടുകാരുടെ കയ്യിൽ കാശുളോടത്തോളം കാലം ഞാൻ കള്ളുകുടിക്കും എന്ന പോളിസിയുമായി നടക്കുന്ന ദാസേട്ടന്റെ മൂത്തപുത്രൻ.തലതെറിച്ച തെങ്ങിനു കൊലവന്ന ഇനത്തിൽ പെട്ടവൻ.ദാസേട്ടൻ കണ്ടാൽ അയ്യപ്പ ബൈജുവിന്റെ ട്വിൻ ബദറാണെന്നേ ആരും പറയൂ... ആ രൂപവും നടപ്പും കിടപ്പും എല്ലാം സെയും ഡിറ്റൊ.

കാര്യം ദാസേട്ടൻ കള്ളുകുടിയൻ ആണെങ്കിലും പഴയ എം.എ കാരനാണ്‌.കള്ളുഷാപ്പിലെ ചർച്ചകളിൽ കക്ഷിയാണ്‌ മോഡറേറ്റർ. അന്താരഷ്ട്രകാര്യം മുതൽ അന്തിക്കാടെ കാര്യങ്ങൾ വരെ സദാ നിരീക്ഷിക്കുന്ന എന്തിനെപറ്റിയും സ്വന്തമായി ഒരു അഭിപ്രായം ഉള്ള കക്ഷി.
"ദാസനോടു തർക്കിച്ചാൽ പന്ന്യൻ വരെ പത്തിമടക്കും" എന്നാണ്‌ നാട്ടിലെ സംസാരം.

ക്ലാസീന്നു പോന്ന ചെക്കൻ നേരെ ഷാപ്പിലെത്തി പിതാശ്രിയെ തപ്പിയെടുത്തു."ഉം എന്തേടാ നേരത്തെ പോന്നേ"
"എന്നെ ക്ലാസീന്നുപുറത്താക്കി... അഛനോട്‌ നാളെ സ്കൂളിൽ ചെല്ലാൻ പറഞ്ഞു"
"നീ എന്താ വല്ല പെൺകുട്യോൾക്കും എസ്‌.എം.എസ്‌ അയച്ചോ?"
'ഹേയ്‌.. എന്തിനാന്ന് പറഞ്ഞില്ല...പുറത്താക്കി"
"എന്തിനാന്ന്പറയാതെ പുറത്താക്കേ.അങ്ങനെ പുറത്തക്കിയാൽ പുറത്താവാനാണോ നിന്നെ ഞാൻ സ്കൂളിൽ അയക്കുന്നേ.... നീ വാ ഞാനിപ്പോ തന്നെ ചോദിക്കാം...."
"അതെ അഛൻ പോക്കോ ഞാൻ സ്കോർ എന്തായിന്ന് നോക്കട്ടെ..."അതും പറഞ്ഞ്‌ ചെക്കൻ തന്റെ സൈക്കിളിൽ പറന്നു.

രാമൻ കള്ളുമായി വരുന്നത്‌ കാത്തിരിക്കായിരുന്നു ദാസേട്ടൻ.അവൻ വന്ന് അളന്ന കള്ളീന്ന് ഒരു കുപ്പി അകത്താക്കി ദാസേട്ടൻ മോഹനേട്ടന്റെ എം.എയ്റ്റിയിൽ നേരെ സ്കൂളിലേക്ക്‌ വിട്ടു.
"അതേ പണ്ടും ആ പടികയറാൻ എനിക്ക്‌ താൽപര്യമില്ല.നീ പോയി വേഗം വാ."മോഹനേട്ടൻ ഗേറ്റിനു മുമ്പിൽ വണ്ടി നിർത്തി ദാസേട്ടനെ യാത്രയാക്കി.ദാസേട്ടൻ ചെല്ലുമ്പോൾ ക്ലാസിൽ ഓമനക്കുട്ടി ടീച്ചർ പഠിപ്പിച്ചോണ്ടിരിക്കുന്നു.വരാന്തയിൽ ദസേട്ടനെ കണ്ടതും ടീച്ചർ ക്ലാസുനിർത്തി അടുത്തെക്ക്‌ ചെന്നു.

"ഉം എന്താ?"
"ഞാൻ ദാസൻ...എന്റെ ചെക്കനെ പുറത്താക്കീന്ന് കേട്ടു....എന്താകാര്യം?"കള്ളിന്റെ വാട ടീച്ചറുടെ മുഖത്തെക്ക്‌ അടിച്ചു.അവർ അൽപം മാറിനിന്നു.
"കാര്യം എന്താന്ന് ഇതിൽ ഉണ്ട്‌..ശാകുന്തളത്തെ പറ്റി സ്വന്തം ഭാഷയിൽ എഴുതാൻ പറഞ്ഞതാ...ദാ വായിച്ചുനോക്ക്‌ എന്നിട്ട്‌ പറയാം ഭാക്കി..." ടെബിളിൽ നിന്നും ഉത്തരക്കടലാസ്‌ എടുത്ത്‌ ദാസേട്ടനു നൽകി.

ദാസേട്ടൻ ടീച്ചർ നൽകിയ ഉത്തരക്കടലാസ്‌ ഒന്ന് നോക്കി.കൊട്ടേഷൻ ടീം കൈകാര്യം ചെയ്ത ശരീരം പോലെ അതിൽ നിറയെ ചുവന്ന വെട്ടുകൾ.അതിൽ സർക്കാർ ആശുപത്രീൽ തുന്നലിട്ടപോലുള്ള അക്ഷരങ്ങൾ...ടീച്ചർ ചൂരൽ കൊണ്ട്‌ തൊട്ടുകാണിച്ച സ്ഥലത്തുനിന്നും ദസേട്ടൻ വായിക്കാൻ തുടങ്ങി.

23. വിദേശത്ത്‌ ജോലിയുള്ള കണ്ണൻ മാഷ്ടെ ഒരേ ഒരുമകൾ ആയിരുന്നു ശകുന്തള. പേരിൽ പഴയമയൂണ്ടെന്നതൊഴിച്ചാൽ ചിന്തയിലും പ്രവർത്തിയിലും അടിമുടി ഒരു മോഡേൺ ഗേളായിരുന്നു അവൾ. പഠനവിഷയങ്ങളേക്കാൾ പാഠ്യേതരവിഷയങ്ങളിൽ അവൾ മികവുകാട്ടി. ഒടുവിൽ പൊറുതിമുട്ടി സ്കൂളിൽ നിന്നും പുറത്താക്കുന്നിടം വരെ എത്തി കാര്യങ്ങൾ....അസൂയക്കാരുടേയും യാദാസ്ഥികരുമായ ആളുകളുടെ ഇടയിൽ ഇനിയും നിർത്തിയാൽ അവൾടെ ഭാവി കൂമ്പടഞ്ഞുപോയാലോ എന്ന ചിന്തയിൽ കണ്ണൻമാഷ്‌ കുടുമ്പത്തെ നഗരത്തിൽ ഒരു ഫ്ലാറ്റുവാങ്ങി അതിലേക്ക്‌ പറിച്ചുനട്ടു.

നഗരത്തിൽ എത്തിയ ശകുന്തള അവിടത്തെ ബ്യൂട്ടിപാർളറുകളിലും,ഐസ്ക്രീം പാർളറുകളിലും രാവും പകലും നോക്കാതെ തന്റെ സ്കൂട്ടിയിൽ പാറിനടന്നു.ഒടുവിൽ ഒരു വണ്ടിന്റെ രൂപമുള്ള ഓട്ടോ ഇടിച്ചുതെറിപ്പിച്ചപ്പോൾ കാലിന്റെ ഞെര്യാണിതെറ്റി കുറച്ചുദിവസം ബെഡ്‌ റസ്റ്റ്‌ എടുക്കേണ്ടിവന്നു.അതായിരുന്നു ശകുന്തളയുടേ ജീവിതത്തെ മാറ്റിമറിച്ച സംഭവത്തിന്റെ തുടക്കം.

ഫ്ലാറ്റിൽ ഇരുന്ന് ബോറടിച്ച അവൾ വെറുതെ ഒരു നമ്പറിലേക്ക്‌ മിസ്കോൾ വിട്ടു.എസ്‌.എം.എസ്‌ അയച്ചാൽ ഇൻഷൂറൻസ്‌ കമ്പനിക്കാരുടെ റേപ്രസന്റിറ്റീവ്‌ വരണതിലും സ്പീഡിൽ മറുകോൾ വന്നു.
"ഹലോ ഞാൻ ദീപക്ക്‌ കുട്ടീടെ പേരെന്താ?" മറുതലശബ്ദം.
"ശകുന്തള......"
"ശകു എന്തുചെയ്യുന്നു....." അതിൽ തുടങ്ങി ഒന്നാരമണിക്കൂർ നീണ്ട കുറുങ്ങലിനു ശേഷം ചാർജ്ജില്ലാന്ന് പറഞ്ഞ്‌ മറുതല കട്ടുചെയ്തു.കട്ടുചെയ്യുന്നതിനു മുമ്പ്‌ ഇരുവരും ഫോണിൻ കിസ്സ്‌ കൈമാറുവാൻ മറന്നില്ല.

അന്നുപിന്നെ ആർക്കും വിളിക്കുവാനോ വന്ന വിളികൾക്ക്‌ മറുപടി പറയുവാനോ അവൾക്ക്‌ തോന്നിയില്ല.പിറ്റേന്ന് പലതവണ അവൾ ആ നമ്പറിലേക്ക്‌ ട്രൈചെയ്തെങ്കിലും അപ്പോഴെല്ലാം ടേലിഫോൺ പരാതി നമ്പർ പോലെ എങ്കേജ്ഡ്‌ ആയിരുന്നു ഫോൺ. അതോടെ ഉപ്പൂറ്റിയിൽ ആണികൊണ്ട വാർക്കപ്പണിക്കാരന്റെ അവസ്ഥയിൽ ആയി അവൾ.

ട്രൈ ചെയ്തു ട്രൈചെയ്തു വിരലിലെ നെയിൽ പോളീഷുവരെ പോയി. ഒടുവിൽ ഒരുതവണ ഫോൺ കിട്ടി...പരിഭവവും സോറിയുമായി നീണ്ട കിന്നാരം തീരുമ്പോൾ മണിമൂന്ന്.അധികം വൈകാതെ ഇരുവരും കണ്ടുമുട്ടി.മുട്ടിയപാടെ നേരം കള്യാതെ ഫഞ്ചുനിർമ്മിത കിസ്സ്‌ കൈമാറി.. തുടർന്ന് ഒരാഴ്ചത്തെ ഡേടിങ്ങ്‌.മൂന്നാറിലും ആലപ്പുഴയിലെ കായലിലും സന്തോഷകരമായ ഡേടിങ്ങ്‌ കഴിഞ്ഞു പോരാൻ നേരം ഒരു ഡൈമണ്ട്‌ റിങ്ങ്‌ അവൻ അവൾക്ക്‌ സമ്മാനിച്ചു .


ഡേറ്റിങ്ങ്‌ കഴിഞ്ഞുവന്ന് ഒരുമാസം കഴിയുമ്പോഴേക്കും ഡേറ്റിങ്ങിന്റെ റിസൽറ്റ്‌ വന്നു. A പ്ലസ്സ്‌.തനിക്ക്‌ ഏപ്ലസ്സ്‌ കിട്ടിയവിവരം അവൾ മമ്മിയോട്‌ പറഞ്ഞു.മമ്മി അതു ഡാഡിയോട്‌ പറഞ്ഞു.ഡാഡി നിമിഷങ്ങൾക്കകം പണം നാട്ടിലെത്തിക്കുന്ന സ്ഥാപനത്തിലേക്ക്‌ പറന്നു.പണം കയ്യിൽ കിട്ടിയതോടെ മമ്മിഹാപ്പി..

ഇതിനിടയിൽ പഴയ ഫോൺ നമ്പറിൽ നിന്നും കോൾ വന്നു.കാര്യം പറഞ്ഞതോടെ മറുതല കട്ടായി.സംഗതി എന്തായാലും അയ്യോടാ ഫ്ലാറ്റ്‌ സിങ്ങറിന്റെ എലിമിനേഷൻ റൗണ്ടിൽ പുറത്തയവരെ പൊലെ മോങ്ങാൻ ഒന്നും അവൾ നിന്നില്ല. കാലത്തുതന്നെ ഡാഡിയയച്ചപൈസയുമായി അറിയപ്പെടുന്ന ആശുപത്രീൽ പോയി സർവ്വീസുനടത്തി വരണ വഴിക്ക്‌ അഞ്ഞൂറു രൂപയുടെ ഒരു റീച്ചാർജ്ജ്‌ കൂപ്പണും, ഗോൾഡൻ അക്വാറിയത്തിൽ നിന്നും തന്റെ വീട്ടിലെ അക്വേറിയത്തിലിടുവാൻ മീനും വാങ്ങി പോന്നു.


"എങ്ങനെയുണ്ട്‌ മോന്റെ പുതിയ ശാകുന്തളം..?"അരിശത്തോടെ ടീച്ചർ ചോദിച്ചു.
"ഇതാണോ ഇപ്പോ വല്യകാര്യം.എന്റെ ടീച്ചറേ ഞാൻ പഠിക്കണകാലത്തുതന്നെ കരുതീതാ ഈ ശാകുന്തളം ഒന്ന് മാറ്റി എഴുതണന്ന്.അന്നതു സാധിച്ചില്ല പോട്ട്‌.അചഛനു പറ്റാത്തത്‌ മോൻ ചെയ്യുമ്പോൾ അഭിനന്ദിക്കല്ലേവേണ്ടത്‌."

സ്വതവേ പ്രഷറിന്റെ അസുഖം ഉള്ളയാളാണ്‌ ഓമനക്കുട്ടിടീച്ചർ.കുട്ടേട്ടന്റെ വർത്താനം കൂടെ കേട്ടപ്പോൾ അവർക്ക്‌ കലികയറി.പരിസരം മറന്ന് പൊട്ടിത്തെറിച്ചു.

"തോന്ന്യാസം എഴുതിവച്ചതിനെ അഭിനന്ദിക്കാനോ.നാലു പെടവച്ചുകൊടുക്കാ വേണ്ടത്‌...അതെങ്ങനാ കുടിച്ച്‌ വെളിവില്ലാണ്ടെ നടക്കുന്ന തനിക്കൊക്കെ എങ്ങനാ മക്കൾടെ ഈ വക കര്യങ്ങൾ മനസ്സിലാകുക"
" ടീച്ചർ ചൂടാകാതെ...ഇതിൽ ക്വസ്റ്റ്യൻ തയ്യാറാക്കിയവർക്കാണ്‌ തെറ്റുപറ്റിയത്‌..." കുഞ്ഞമ്മദ്‌ സ്റ്റെയിലിൽ ഉള്ള തന്റെ താടി ഉഴിഞ്ഞുകൊണ്ട്‌ ദാസേട്ടൻ പറഞ്ഞു.
"ചോദ്യത്തിന്താടോ കുഴപ്പം?"
"സ്വന്തം ഭാഷയിൽ വിശദീകരിക്കുക എന്നെഴുതിയാൽ അവൻ പിന്നെ ടീച്ചറുടെ ഭാഷയിൽ ആണോ ഉത്തരം എഴുതേണ്ടത്‌...അതേ ടീച്ചർ ഒരു കാര്യം മനസ്സിലാക്കണം എല്ലാത്തിനും നിങ്ങൾ വിചാരിക്കണ പോലെ ഉത്തരം കിട്ടണം എന്ന് വാശിപിടിക്കരുത്‌.അത്‌ ജനാധിപത്യപരം അല്ല..."
"അതുശരി അപ്പോൾ താൻ എന്നെ ജനാധിപത്യ പഠിപ്പിക്കാൻ വന്നിരിക്കാ..."ടീച്ചർക്ക്‌ ദേഷ്യം അരിച്ചുകയറി...

" ശ്‌...ടീച്ചർമ്മാർക്കൊരു വിചാരം ഉണ്ട്‌ അവർക്ക്‌ എല്ലാം അറിയാമെന്ന്...അതേ ടീച്ചറേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുന്നവനാ ഈ ദാസൻ. ടീച്ചർക്ക്‌ വല്ല സംശവും ഉണ്ടേൽ എന്നോട്‌ ചോദിക്ക്‌."
"എനിക്ക്‌ ഒരു സംശവും ഇല്ല....താൻ കുറച്ച്‌ മാന്യനാകും എന്നാ കരുതിയത്‌..."
"മാന്യതയുടെ കാര്യം അവിടെ നിക്കട്ടെ....വായനയുടെ കാര്യം പറ...ടീച്ചർ വല്ലപ്പോളും വായിച്ചിട്ടുണ്ടോ? അല്ല വല്ലതും വായിചെങ്കിലല്ലേ സംശയം തോന്നൂ...."ദാസേട്ടൻ ഫോമിലായതോടെ പിള്ളാർക്കും ഇന്ററസ്റ്റായി.അവരിൽ ചിലർ ഇരുനിടത്തുനിന്നും എഴുന്നേറ്റു.ടീച്ചറാകട്ടെ പുലിവാലു പിടിച്ച അവസ്ഥയിലും.

"കാലാകാലങ്ങളിൽ സർക്കാർ അച്ചടിക്കുന്ന പുസ്തകത്തിൽ അല്ലാണ്ട്‌ മലയാള സാഹിത്യത്തിൽ നടക്കുന്ന് മാറ്റങ്ങളെ പറ്റി വല്ലതും അറിയോ?...ഉദാഹരണമായിട്ട്‌ വടക്കൻ പാട്ടും, മഹാഭാരതവും,പെരുന്തച്ചന്റെ കഥയുമൊക്കെ എം.ടി മാറ്റിയെഴുതിയത്‌ ടീച്ചർക്ക്‌ അറിയോ..."
"ഉം അതു ഈ തോന്ന്യാസവും തമ്മിൽ എന്താടോ ബന്ധം?സമയം മിനക്കെടുത്താതെ താൻ പോകാൻ നോക്ക്‌ എനിക്ക്‌ ക്ലാസെടുക്കണം"ടീച്ചർ തടിയൂരുവാൻ നോക്കി.

"അതുസാരമില്ല ഏതായാലും ഞാൻ മിനക്കെട്ട്‌ വന്നതല്ലേ...അപ്പോൾ നമ്മൾ പറഞ്ഞുവന്നത്‌ ബന്ധത്തെപറ്റി..ആ ഇതും അതും തമ്മിൽ ബന്ധമുണ്ട്‌....അന്ന് കാലങ്ങളായി പറഞ്ഞുവന്ന കഥ എം.ടി മാറ്റിപ്പറഞ്ഞപ്പോ ടീച്ചർക്ക്‌ വല്ലപരാതിയും ഉണ്ടായോ?"
"ഇല്ല...മാതമല്ല അത്‌ എം.ടിയല്ലേ?.
"ഇതാണ്‌ പറയുന്നത്‌ അവർക്കൊക്കെ എന്തും ആകാമെന്ന്....അവരൊക്കെ എഴുതിയാൽ അതിനു അംഗീകാരം... അവാർഡ്‌.എന്റെ മോനെഴുതിയപ്പോ അവൻ ക്ലാസീന്ന് പുറത്ത്‌...അതേ ടീച്ചറൊരു കാര്യം മനസ്സിലാക്കണം.എന്നെപോലുള്ള രക്ഷിതാക്കൾ പിള്ളാരെ പഠിക്കാൻ പറഞ്ഞയക്കണോണ്ടാ ഈ ഉസ്കൂളൊക്കെ നിലനിൽക്കണത്‌.ഇംഗ്ലീഷുമീഡിയത്തിൽ പറഞ്ഞയക്കാൻ പറ്റാഞ്ഞിട്ടല്ല.ടീച്ചർമ്മാർ കഞ്ഞികുടിച്ചോട്ടെ എന്നുകരുതീട്ടാ...."

അന്തം വിട്ടുനിന്ന ടീച്ചറുടെ മുഖത്ത്‌ നോക്കി ന്യൂസവറിൽ പങ്കെടുക്കുന്ന പാർട്ടിക്കാരെപ്പോലെ ദാസേട്ടൻ തന്റെ വാദം തുടർന്നു.

"ഭാഷമരിക്കുന്നു നശിക്കുന്നൂന്നൊക്കെ മൈക്കിനു മുമ്പിൽ വല്യ സാംസ്കാരിക നായ(?)കന്മാർ വല്യവായിൽ വിളിച്ചുകൂവുന്നത്‌ കേൾക്കാം... എങ്ങനാ ഭാഷനശിക്കാണ്ടിരിക്കാ...പുതിയ മുകുളങ്ങളെ മുളയിലേ നുള്ളുന്ന വിദ്യഭാസ സമ്പ്രദായത്തിൽ ഭാഷമാത്രല്ല പിള്ളാരും നശിച്ചുപോകേ ഉള്ളൂ....ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ടീച്ചർക്ക്‌ ശമ്പളം അതോ ശാകുന്തളം വേണോ ഇപ്പോ തീരുമാനിച്ചേക്കണം...ഒക്കെ...."

Tuesday, December 23, 2008

ക്രിസ്മസ്സല്ലേ ഇമ്മക്ക് ആർമ്മാദിക്കല്യേ

നീയ്യില്ലാതെ എനിക്കെന്ത്‌ ആഘോഷം എന്ന് കുപ്പിയെ പുണർന്ന് ഉറക്കെ പറയുന്ന, കുടികഴിഞ്ഞാൽ സകല പാപവും ഏറ്റുപറയുന്ന ഗോപാലേട്ടനും,
"നല്ല പന്ന്യർചികൂട്ടി തുള്ളിയടിക്കാതെ എന്തൂട്‌ണാ ക്രിസ്തുമസ്സ്‌" എന്ന് പറയുന്ന അന്തോണ്യേട്ടൻ, ക്രിസ്മസ്സിനും പുത്തൻപീട്യ പള്ളിപ്പെരുന്നാളിനും അടിയുണ്ടാക്കിയില്ലേൽ താൻ ചത്തുപോയീന്ന് നാട്ടുകാർ കരുതും എന്ന ഒറ്റ തെറ്റിദ്ധാരണയുടെ പേരിൽ മാത്രം കൊല്ലങ്ങളായി അലബുണ്ടാക്കുന്ന മറ്റു സുഹൃത്തുക്കൾക്കും അന്തിക്കാട്ടെ ദീപാബേക്കറിയിലെ ചില്ലുകൂട്ടിലിരിക്കുന്ന "തീറ്റപ്രായം" കഴിഞ്ഞ കേക്കുകൾ,പള്ളിയിലേക്ക്‌ പാതിരാകുർബാനക്ക്‌ പോണ പെൺപിള്ളാരെ നോക്കിനിൽക്കുന്ന ബ്രദേഴ്‌ അവരുടെ നോട്ടങ്ങൾ പ്രതീക്ഷിച്ച്‌ കാലുമ്മെ അമ്മി കെട്യമാതിരി മന്ദം മന്ദം നടന്നുനീങ്ങുന്ന യങ്ങ് സ്തീകൾസ്‌ (സിസ്റ്റേഴ്സ്‌ എന്ന് പറയാൻ ഞാൻ ഇനി ഇറ്റലീ പോയി പെണ്ണുകെട്ടാൻ ഒരുക്കമല്ല)
വയനാട്ടിലെ കാര്യമ്പാടി പള്ളിയിൽ വച്ച്‌ ഒരു ക്രിസ്തുമസ്സിന്റന്ന് "നീ ഒരു സുന്ദരിയായിരിക്കുന്നു ഈ വേഷത്തിൽ, നിന്റെ ചിരി ക്രിസ്തുമസ്സിനു ഇല്യൂമിനേഷൻ ബൾബിട്ടമാതിരിയുണ്ട്‌ എന്ന് പറഞ്ഞപ്പോൾ
"എന്നാൽ ചേട്ടായി എന്നെ കെട്ടിക്കോ, എന്നാലേലും ആ മോത്തൊരു വെളിചം വരോലോ" എന്ന് പറഞ്ഞ ചിരിച്ച ആ സുന്ദരിക്കും, കൊല്ലത്തിലൊരിക്കൽ കെട്യോന്റെ കൂടെ വെള്ളമടിക്കുകയും "ഓ അച്ചായോ ക്രിസ്തുമസ്സിനെങ്കിലും അൽപം കൊള്ളാവുന്ന സാധനം വാങ്ങിക്കൂടെ" എന്നും പറഞ്ഞ്‌ അടിച ബ്ലാക്ക്‌ ലേബൽ മുഴോൻ നേരം വെളുക്കുന്നതിനു മുമ്പെ വാളുവെക്കുകയും ചെയ്യുന്ന ജാൻസി എന്ന സഹപാഠിക്കും ഇന്നേവരെ കുന്ത്രാണ്ടം വായിചവർക്കും ഇനി വായിക്കുന്നവൻ സാഹസം കാട്ടുന്നവർക്കും എന്റെ ക്രിസ്തുമസ്സ്‌ ആശംസകൾ.......

“ആർമ്മാദിക്യ ആർമാദിക്ക്യ ആർമാദിക്യ....ഇമ്മക്കങ്ട് ആർമ്മാദിക്യ...അല്ലാണ്ടെ എന്തൂട്ണാ ഈ വക ഏർപ്പാടോള്. ഓണായാലും,ക്രിസ്മസ്സായാലും പെരുന്നാളായാലും ഉത്സവായാലും ഇമ്മക്ക് ആർമ്മാദിക്ക...എന്നിട്ടോ ആർമാദിച്ച് അനങ്ങാൻ വയ്യാണ്ടായികെടക്കണോർടെ പടം എടുത്ത് നെറ്റിലിടുക....“ സ്ഥിരായി കണ്ടവന്റെ “തലയടിച്ച്“ കള്ളുടിക്കണ ഒരു ഘടിയുടെ വേദവാക്യം ഇതാണ്...അപ്പോൾ ക്രിസ്സ്മസ്സല്ലെ ഇമ്മക്കങ്ങ്ട് ആർമ്മാദിക്കല്യേ?

*ന്യൂയിയർ ആയിട്ട്‌ നല്ല തല്ലുകൊള്ളുവാൻ വേണ്ടിമാത്രം പുത്തൻപീട്യ പള്ളിയിൽ എത്തുന്നവരോട്‌ ഒരു അറിയിപ്പ്‌ അടിക്ക്‌ പണ്ടത്തെ ഉശിരുപോരാ. ചാഴൂർ ഭാഗത്തുനിന്നും തല്ലുകൊള്ളുവാൻ വേണ്ടി വരുന്ന പ്രദീപിന്റെ ശ്രദ്ധക്ക് കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഉടുമുണ്ട് ചന്തപ്പാടത്തെ തെങ്ങിൻ പറമ്പിലെ മോട്ടോർ പുരയുടെ സൈഡിൽ ഉണ്ട്....

Thursday, December 04, 2008

പോരണോ നായരേ

“എന്തൂട്ട ഗോപാലാ മീനെ മൊളകുപുരട്ടീട്ട് ചില്ലു ഭരണീല് അച്ചാറിട്ടിരിക്കാന്ന്“ ഒരു കൌതുകത്തിനു ചോദിച്ചു വേറെ ഒന്നു പറഞ്ഞുമില്ല ആൾ നേരെ പാൽ സ്വസൈറ്റീൽക്ക് പോകേം ചെയ്തു. ഇതിപ്പോ ഇത്ര വല്യ കാര്യാ. ഉമ്മറത്തെ തിണ്ണയിൽ ചില്ലിന്റെ ഭരണീല് ഗോൾഡ് ഫിഷിനെ കണ്ടപ്പോ വെറുതെ ഒരു ചോദ്യം.ആദ്യായി കാണുമ്പോൾ ആരായാലും ചോദിക്കും.ഇല്ലേ? അയ്നിപ്പോ നായരേട്ടനെ എന്നല്ലാ ആരേം കുറ്റം പറയാൻ പറ്റില്ല.പറ്റോ?

അയ്നു ഗോപാലേട്ടൻ കെലിപ്പിട്ട് നാട്ടിലെ ഒരു മിതഭാഷിയായ നായരേട്ടനെ തിരികെവരുന്നത് കാത്തുനിന്ന് തെറിവിളിക്കണ്ട വല്ല കാര്യവും ഉണ്ടോ? നിങ്ങൾ പറ.

പിന്നെ ഗോപാലേട്ടനും അങ്ങനെ അങ്ങ്ട് കുറ്റം പറയാൻ പറ്റില്ല കേട്ടോ. അന്യായ വിലകൊടുത്ത് തൃശ്ശൂർ അങ്ങാടീന്ന് വാങ്ങിയ അരഡസൻ ഗോൾഡ് ഫിഷ് ഒറ്റഡിക്ക് ചത്തുപൊന്ത്യാൽ ആരായാലും തെറിവിളിക്കാണ്ടെ ഇരിക്കോ?

അന്തിക്കാട് ആശുപത്രീൽ ചേന ചെത്തിയപോലെ ദേഹമാസകലം തോലുപോയ മനോജിന്റെ അടുത്ത് ചെന്ന് “എന്തൂട്രാ ഉണ്ടായേ” എന്ന് ചോദിച്ചപ്പോൾ.കരച്ചിലിന്റെ ആ എഡ്ജിൽ നിന്നുകൊണ്ട് മനോജ് പറഞ്ഞു.
“ആ ഡാഷ് നായർ ...”ഒരു തെറി എന്നാ അതു മര്യാദക്ക് പൂർത്തിയാക്കിയും ഇല്ല. ഭാക്കി കുറച്ച് ഞരക്കം.
“നീ പറയ്”കേൾക്കാൻ ആകാംഷയോടെ മാധ്യമപ്രവർത്തകരുടെ ആകംഷയോടെ ഞങ്ങൾ. അവൻ ഒന്നു പറയുന്നുമില്ല. ഒടുവിൽ “അതേ പേഷ്യന്റിന്റെ ശല്യപ്പെടുത്തരുത്, ഞാൻ ഡോക്ടറെ വിളിക്കും.“നേഴ്സമ്മയുടെ ഉത്തരവ്.കൂട്ടത്തിൽ അവനു ഒരു ഇഞ്ചക്ഷനും.

അനിയത്തിപ്രാവ് റിലീസ് ചെയ്തസമയം നാട്ടിലുള്ള കറുമ്പന്മാർ വരെ കുഞ്ചാക്കോ ബോബനു പഠിക്കുന്ന കാലം. എസ്സെൻ കോളേജിൽ പഠിക്കുന്ന റഷീദിന്റെ കയ്യീന്ന് ഒരു റൌണ്ട് ഓടിക്കാൻ ഇരന്നു വാങ്ങിയ വാങ്ങിയ ചുവന്ന സ്പ്ലെന്ററുമായി “കുഞ്ചാക്കോമനോജ്“ തന്റെ “ശാലിനീടെ“ മുന്നിലേക്ക് കുതിച്ചതാണ്.എന്തു ചെയ്യാം അതിക്കു മുമ്പ് റേഷൻ കടയുടെ മുമ്പിൽ വച്ച് നായർ ബോംബിട്ടു.
“വായുഗുളിക മേടിക്കാനാണോടാന്ന് ”
കഷ്ടിച്ച് ഒരു അമ്പതുവാര അപ്പുറം ഉള്ള പട്ടിമുക്ക് വളവു തിരിഞ്ഞേ ഉള്ളൂ. പിന്നെ അന്തിക്കാട് ആശുപത്രീടെ പൊളിഞ്ഞ ഓടിന്റെ ഇടയിലൂടെ സൂര്യപ്രകാശം കടന്നുവരുന്നതാണ് മനോജ് കണ്ടത്.

ഈ മൊതല് ഏതാ ഇനം എന്ന് പിടികിട്ടിയല്ലോ?

ഷക്കീല സിനിമയിലും മറ്റും കാണുന്ന എന്തിനെയോ ഓർമ്മിപ്പിക്കുന്ന പപ്പക്കാ നിറഞ്ഞ വപ്പകൾ,നിറഞ്ഞകൊലയോടെ നിൽക്കുന്ന തെങ്ങുകൾ,പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടുകൾ,കൊലച്ച് നിൽക്കുന്ന നേന്ത്രൻ മുതൽ പാളയേം കൊടൻ വരെ ഉള്ള വാഴകൾ എന്നിങ്ങനെ പലതും നായരേട്ടന്റെ വാക്കിന്റെ ബലത്തിൽ ഒടിഞ്ഞുവീണും നശിച്ചും കൊണ്ടിരുന്നു. തള്ളക്കോഴി ചത്തതോടെ ദാസേട്ടന്റെ വീട്ടിലെ ഗിരിരാജ കൊഴിക്കുഞ്ഞുങ്ങൾ വഴിയാധാരമായി.ചെത്താൻ പോണ രാമനു കള്ളില്ലാണ്ടായി.

ഇന്നേവരെ ഒരാളെ കണ്ടാൽ കുരക്കാത്ത നാട്ടിലെ ഒരു അഹിംസാ വാദിയാണ് ലതികേച്ചീടവടത്തെ ടോമി. പത്തീസത്തെ ലീവിനു ഗൾഫീന്നു വന്ന സുനാകരൻ ഒന്ന് കേറീല്ലെങ്കിൽ ചെറിയമ്മ എന്തു വിചാരിക്കും എന്ന് കരുതിമാത്രം ആണ് ആ നേരത്ത് അവിടേക്ക് ചെന്നത്. അവൻ വരുമ്പോൾ നായരേട്ടൻ അടുത്തുള്ള പറമ്പിൽ പശൂന്നെ പുല്ലുതീറ്റിക്കായിരുന്നു.പറമ്പ് കെളക്കായിരുന്ന ശശിയേട്ടനോട് പറഞ്ഞു.

“ഒരാള് കുടുമ്പത്തിക്ക് വരുന്നകണ്ടിട്ട് ആ നായ കെടക്കണ കണ്ടില്ലെ? ഒരു ചൊണയില്ലാത്ത നായ അവർ അതിനു വെറുതെ തിന്നാൻ കൊടുക്കാന്നേ” .. പറഞ്ഞു നാക്ക് വായ്ക്കകത്ത് റെസ്റ്റ് ചെയ്യുമ്പോഴേക്കും സംഗതി നടന്നു. എന്താ സംഭവിച്ചത് എന്ന് കടിച്ച നായക്കോ കടികിട്ടിയ കക്ഷിക്കോ പിടികിട്ടിയില്ല. ചറപറന്ന് കടി നടന്നു.
നായരെ കൂടാതെ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായ ശശിയേട്ടൻ അതോടെ കൈക്കോട്ട് നിലത്തിട്ട് ഉള്ള ജീവനും കൊണ്ട് സ്കൂട്ടായി. അങ്ങിനെ നൂറു നൂറു സംഭവങ്ങൾ

“ടീ നിന്റെ ആ മുടിഞ്ഞ കരിനാക്കുള്ള തന്തയുള്ളിടത്തോളം കാലം എന്റെ പേരക്കുട്ടികളെ ആ വീടിന്റെ പടി ഞാൻ ചവിട്ടാൻ സമ്മതിക്കില്ലാന്ന്” നായരേട്ടന്റെ മോൾടെ അമ്മായിമ്മ പറഞു.അമ്മായിമ്മയുടെ പോരിനു മുമ്പിൽ കരയാറുള്ള സാവിത്രേച്ചിക്ക് ഇക്കാര്യത്തിൽ തീരെ വിഷമം ഉണ്ടായില്ല.
സംഗതി വളരെ നിസ്സാരം.പരീക്ഷ ഒക്കെ കഴിഞ്ഞാൽ മാമന്റോടെ പോകുക എന്നൊരു ചടങ്ങ് നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.ആ ചടങ്ങിനു കൊണ്ടരാൻ പോയതാണ് നായരേട്ടൻ.ചന്നപ്പോൾ പേരക്കുട്ടീടെ മാർക്കൊക്കെ കണ്ടപ്പോൾ ഒന്ന് അറിഞ്ഞ് അഭിനന്ദിച്ചു. മുഴുക്കൊല്ല പരീക്ഷക്ക് പനികാരണം ആ കുട്ടിക്ക് പഠിക്കേണ്ടിവന്നില്ലാന്ന് മാത്രമല്ല അടുത്തകൊല്ലം ആ ക്ലാസ്സിൽ തന്നെ ഇരൂന്ന് നന്നായി പഠിക്കാനും യോഗമുണ്ടായി.

ഈ മൊതൽ ഇങ്ങനെ വിലസുന്ന സമയത്താണ് ഒരീസം മോഹനേട്ടനു പണികിട്ടിയത്. തൈപ്പൊലിയിൽ കക്ഷി പയർ ഇട്ടു.പയർ മുളച്ചു തഴച്ചുവളർന്നു.പൂത്തുനിൽക്കുന്ന സമയം
“പൂത്തിരി കത്തിച്ചപോലെ നല്ലോണം പൂവിട്ടിട്ടുണ്ടല്ലോ മോഹനാ“
നായർ ഒരു മിതഭാഷിയാ‍ണെന്ന് ഞാ‍ൻ മുമ്പേ പറഞല്ലോ.

നായരേട്ടനു ഒരു പണികൊടുത്തേ അടങ്ങൂ എന്ന് പയറുചെടി ചെറിയ കൈക്കൊട്ടോണ്ട് തെങ്ങിന്റെ കടക്കൽ വെട്ടിമൂടുമ്പോൾ മോഹനേട്ടൻ മനസ്സിൽ ഉറപ്പിച്ചു.

ഒരീസം കരിപ്പിനു മോഹനേട്ടൻ മണ്ടിത്തറയിൽ നിന്നും എരുമക്കുട്ടീനെ കൊണ്ട് തലയിൽ ഒരു പുല്ലും കെട്ടുമായി റോട്ടിലേക്ക് ഇറങ്ങുന്ന സമയത്ത് നാ‍യർ ഷാപ്പീന്ന് ഒരു കുപ്പി അന്തിയും അടിച്ച് എന്തോ കൂലങ്കുഷമയി ചിന്തിച്ച് കീഴ്പ്പ്ട്ട് നോക്കി നടന്നു വരുന്നു. തൊട്ടടുത്തെത്തിയപ്പോൾ മോഹനേട്ടൻ
“നായരേ പോരുന്നുണ്ടോ” എന്ന് ഒരു ചോദ്യം.

സമയം വൈകീട്ട് ഏഴുമണി.റോഡിൽ നിന്നും ഒരുമീറ്റർ ഉയരത്തിൽ ഉള്ള തെങ്ങും തോപ്പിൽ കറുത്ത് കൊച്ചിൻ ഹനീഫാ ബോഡിയും മാവേലി മീശയും ഉള്ള ഒരു രൂപം പോത്തിന്റെ പുറകിൽ തലയിൽ പുല്ലും കെട്ടും വച്ച് നിന്ന് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എന്താ സംഭവിക്ക....അതെന്നെ.

Sunday, September 07, 2008

മനസ്സമാധാനം.

ശ്രീനിവാസന്റെ സൗന്ദര്യശാത്രപ്രകാരം ഒരു ഒന്നൊന്നെമുക്കാൽ ചുള്ളനായ ഞാൻ തികഞ്ഞ ആത്മവിശ്വാസത്തോടെ ആണു അന്ന് ചന്ത്രാപ്പിന്നിക്കടുത്ത്‌ പെണ്ണുകാണുവാൻ പോയത്‌. കെട്ടാൻ ഉദ്ദേശിച്ച പെണ്ണിനെ മുൻ കൂട്ടി കണ്ടുവെച്ചെങ്കിലും... അവൾക്ക്‌ ഹൃദയം കൈമാറിയെങ്കിലും അവൾടെ വീട്ടുകാരുടെ പച്ചക്കൊടി ലഭിച്ചിരുന്നില്ല. അങ്ങനെ സിങ്ങ്നൽ കാത്തുകിടക്കുമ്പോളാണ്‌ എന്റെ ആത്മാർത്ഥ സുഹൃത്ത്‌ ഇഞ്ചമുടിക്കാരന്‍ അഭിലാഷ്‌ എന്നോട്‌ ഒരു കാര്യം ഓർമ്മിപ്പിച്ചത്‌.
"ടാ നിന്റെ ഫാദർജിക്ക്‌ വല്ല സംശയവും തോന്നും നീ വേറെ നാലഞ്ചിടത്ത്‌ പെണ്ണുകാണാൻ പോയില്ലെങ്കിൽ ഇതുകലങ്ങും ദേ പിന്നെ അയ്യോ പൊത്തോന്ന് പറഞ്ഞിട്ട്‌ കാര്യമില്ല...."

പ്രേമം എന്ന് കേട്ടാൽ കാളക്ക്‌ ചുവപ്പുകണ്ടപോലെ ആണ്‌ പണ്ടെ എന്റെ ഫാമിലി എന്ന് അവനു നല്ലോണം അറിയാം....പ്രൊഫഷണല്‍ നാടകത്തിലെ ടിപ്പിക്കല്‍ പിതാജിമാരെ പോലെ"കടക്കെടാ പുറാത്തെന്ന്..."പറഞ്ഞ്‌ പുരക്ക് പുറത്താക്കും. അത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ നിർമ്മലഹൃദയനാണ്‌ എന്റെ പിതാജി.
അമ്മായീടെ മോനും സമപ്രായക്കാരനുമായ രാജേഷിനു പെണ്ണ് കെട്ടിക്കാന്‍ അവര്‍ നടത്തുന്ന ഉത്സാഹം കാണണം. ഇവിടെകടുത്ത എതിർപ്പുകൾക്ക് ഒടുവിൽ അമേരിക്കൻ പ്രസിഡണ്ട്‌ ഇന്ത്യക്ക്‌ ആണവകാറിൽ ഒപ്പിടാൻ കഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ കഷ്ടപ്പെട്ടിട്ടാണ്‌ ഞാൻ വിവാഹപെർമിഷൻതന്നെ ഒപ്പിച്ചെടുത്തത്‌. എന്തായാലും അഭിലാഷ്‌ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി....

വിസിറ്റ്‌ വിസക്ക്‌ വന്നവനു കൊള്ളാവുന്ന ശംബളത്തിൽ ഇംഗ്ലീഷുകാരന്റെ കമ്പനീൽ അപ്പോയ്‌മന്റ്‌ ലെറ്റർ കിട്യാലും ഏതായാലും ഇത്‌ കയ്യിലുണ്ട്‌ എന്നാപിന്നെ ഒന്നുകൂടെ നോക്കാം നല്ലതു വല്ലതും തടഞ്ഞാലോ എന്ന് തോന്നുന്നപോലെ... കല്യാണക്കാര്യമല്ലേ ഒന്നുകൂടി നോകിക്കളായാം നല്ലതു വല്ലതും തടഞ്ഞാലോ എന്ന് ഒരു ദുർബല നിമിഷത്തിൽ എന്റെ മനസ്സിൽ ആവശ്യമില്ലാതെ വെറുതേ ഒരു ചിന്ത പൊട്ടിമുളക്കേം ചെയ്തു....

രാവിലെ  സതീശപാപ്പനേം  കൂട്ടി മൂന്നാലിടത്ത്‌ പോയി പെണ്ണുകണ്ടു....ഹേയ് ഇന്തൊന്നും ഇമ്മൾടെ കൺസപ്റ്റിനു ചേരുന്നതല്ലെന്ന് കയ്യോടെ വീട്ടിലേക്ക് പാപ്പൻ ഫോൺചെയ്തു പറഞു. വെൾലം കുടിച്ചതും വണ്ടിയോടിയ്തും മിച്ചം. അടുത്തത്‌ ചന്ത്രാപ്പിന്നിയിലാണ്‌.വണ്ടി നേരെ അങ്ങോട്ടു വിട്ടു.... ബ്രോക്കർ പറഞ്ഞസമയത്ത്‌ ചന്ത്രാപ്പിന്നി സെന്ററിൽ നിൽപ്പുണ്ട്‌.അയാൾ പറഞ്ഞ ഇടവഴിലൂടെ വണ്ടി മുന്നോട്ട്‌ നീങ്ങി. ഒടുവിൽ ഒരു കൊള്ളാവുന്ന വീടിന്റെ മുമ്പിൽ എത്തി.
"കൊള്ളാം വീടുകണ്ടിട്ട്‌ ഇമ്മളേക്കാൾ സെറ്റപ്പുണ്ട്‌..."പാപ്പൻ പറഞ്ഞു.
"നിങ്ങൾ ഇവിടിരി ഞാൻ പോയേച്ചും വരാം..."ബ്രോക്കർ വീട്ടുകാർക്ക്‌ ഞങ്ങൾ ഗേറ്റിൽ കാത്തുനിൽക്കുന്ന ഇൻഫർമേഷൻ പാസുചെയ്യുവാൻ പോയി...ഒരു അഞ്ചുമിനിറ്റിനകം ആൾ പച്ചക്കൊടിയുമായി തിരിച്ചെത്തി.. വീടുകൊള്ളാം...പെണ്ണിന്റെ അമ്മയും അമ്മാവനും ഞങ്ങളെ സ്വീകരിച്ചു...
"ഞങ്ങൾ പണ്ടേ തറവാടികളാ..."എന്ന രീതിയിൽ ഉള്ള ആത്മപ്രശംശ ഒട്ടും കുറക്കാതെ അമ്മാവൻ തറവാട്ടുചരിത്രത്തിന്റെ ഏടുമറിക്കാൻ തുടങ്ങി. ഇതിനിടയിൽ ചായ വന്നു.. ചായകുടിച്ചു കുടിക്കിടയിൽ പെണ്ണു വന്നു "ദാ എന്നെ കണ്ടോളൂ എന്ന് പറയാതെ പറഞ്ഞ്‌ ഞങ്ങൾക്ക്‌ മുമ്പിൽ നിന്നു. കൊള്ളാം തരക്കേടില്ല...നല്ല നിറം..പൊക്കവും ഉണ്ട്‌..മുടിയും ഉണ്ടെന്ന് തോന്നുന്നു....ഒരു സംയുക്താവർമ്മയുടെ ലുക്ക്‌... വീട്ടുകാർ എന്റെ ഫുൾ ഹിസ്റ്ററി അവൾ നിൽക്കലെ ചോദിച്ചറിയ്ന്നതിനിടയിൽ.
"അതേ അവർക്ക്‌ വല്ലതും സംസാരിക്കാൻ ഉണ്ടേൽ.."ബ്രോക്കർ ഇടക്ക്‌ കയറി. എനിക്ക്‌ അതുകേട്ടപ്പോൾ അയാളോടെ എന്തോണ്ടാന്നറിയില്ല വല്യ താൽപര്യം തോന്നി.എത്രയോ പെൺപിള്ളാരുമായി സംസാരിച്ചിരിക്കുന്നു എന്തിനു ഇന്നുതന്നെ മൂന്നാലിടത്തു പെണ്ണുകണ്ടു എന്നാലും എന്തോ ഈ പെണ്ണിനെ കണ്ടപ്പോൾ മനസ്സിൽ ചുമ്മാ ഒരു പെടപ്പ്‌....കഞ്ഞിപ്പശമുക്കി ചിരട്ടപെട്ടിയിൽ തേച്ചുമിനുക്കിയ ചോദ്യങ്ങൾ മനസ്സിൽ അടുക്കിവച്ചിട്ടുണ്ടെങ്കിലും ഒരു ശങ്ക... സംഗതി ചില പരിഭ്രമം ഉണ്ടെങ്കിലും മനസ്സിൽ നല്ല സന്തോഷവും ഉണ്ട്‌..പക്ഷെ അത്‌ അധികം നീണ്ടില്ല...ഒരു അമിട്ട്‌ വിരിയുന്ന നേരം കൊണ്ട്‌ അതങ്ങ്‌ പോയിക്കിട്ടി.
"അല്ല അതുപിന്നീടാകാം...ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ...അവൾടെ കൂടേ താൽപര്യം അറിയണമല്ലോ"പെണ്ണിന്റെ അമ്മാവൻ പറഞ്ഞു.
"എന്നാൽ ശരി....നിങ്ങൾ വിവരം അറിയിക്ക്‌." എന്ന് പറഞ്ഞ്‌ പാപ്പനും ഞാനും ബ്രോക്കറും കൂടെ പുറത്തോട്ട്‌ ഇറങ്ങി..ചുമരിൽ പിടിച്ച്‌ ഷൂസിന്റെ വള്ളികെട്ടുന്നതിനിടയിൽ ഒന്നുകൂടെ ആ വർമ്മയെ നോക്കി പുഞ്ചിരിച്ചു....
"അതേ പെണ്ണുമായി ഒന്ന് സംസാരിക്കാൻ ഗ്യാപ്പുണ്ടാക്കണം..." പോരുന്ന വഴിക്ക്‌ ബ്രോക്കറുടെ പോക്കറ്റിൽ നന്ദിസൂചകമായി ജോർജ്ജൂട്ടിയെ തിരുകിവക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
"അതു ഞാൻ ഏറ്റു..."അയാൾ ചിരിചുകൊണ്ട്‌ പറഞ്ഞു.

വൈനേരം അന്തിക്കാട്ട്‌ ദീപാ ബേക്കറിയിൽ നിന്നും കൊള്ളിവർത്തതും പ്ലം കേക്കും വാങ്ങി തിന്നുകൊണ്ടിരിക്കുന്നതിനിടയിൽ ബ്രോക്കർ വന്നു പറഞ്ഞു.
"അദേ അവർ വിളിച്ചിരുന്നു...ദാ ഈ നമ്പറിൽ ബന്ധപ്പെടാൻ പറഞ്ഞു.പെൺകുട്ടിക്ക്‌ സംശാരിക്കണത്രേ" ദാസേട്ടോ ദേ ഇങ്ങേർക്ക്‌ ഒരു ജ്യൂസും പഫ്സും കൊട്‌ ഞാൻ ദേ വരണൂ.കെ.കെ മേനോന്റെ ബസ്സിനു മുമ്പിലൂടെ അതിനെ മറികടന്നുവന്ന ബൈക്കിടിക്കാതെ എങ്ങനാന്നറിയില്ല ഞാൻ ബൂത്തിൽ കയറിയത്‌.
"ഹലോ..." "ങാ ഇതു പിന്നെ....രാവിലെ വന്നിരുന്നില്ല.."
"ങാ..മോനാണോ....ഞാൻ മോൾക്ക്‌ കൊടുക്കാം." ഹോ ..എന്തൊരു നല്ല അമ്മായിയമ്മ. എനിക്ക്‌ അവരോട്‌ മതിപ്പുതോന്നി....മുമ്പു പെണ്ണുകാണാൻ പോയിടത്തെ അമ്മായിയമ്മ ഇത്രയും സ്നേഹം ഒന്നു കാണിച്ചില്ല. അതോണ്ടെ ഇതു തന്നെ ഉറപ്പിക്കാം... (മേൽ പറഞ്ഞ ടീം ഫോൺ എടുത്താൽ പിന്നെ അവർക്ക് നൂറുകൂട്ടം കാര്യങ്ങൾ പറയാൻ ഉണ്ടാകും പെൺകുട്ടിയോട് സംസാരിക്കാൻ തീരെ ഗ്യപ് തരാറില്ല. അവരാണിപ്പോഴത്തെ അമ്മായിയമ്മ..കല്യാണം കഴിഞതോടെ അവർ സംസാരം കുറച്ചു ഞാനാന്ന് അറിഞാൽ ലാ നിമിഷം ഫോൺ അവൾടെ കയ്യീകൊടുത്ത് കക്ഷി രംഗം വിടും!!! എന്തൊരു ചെയ്ഞ്ച്!)
"ഹലോ.."മറുതലക്കൽ ഒരു കിളീനാദം..
"ങാ ഞാനാണ്‌...പിന്നെ രാവിലെ ചിലത്‌ ചോദിക്കണം ന്ന് കരുതിയിരുന്നു..."
"ഉം"
"പഠിപ്പ്‌ ഇനിയും തുടരുവാനാണോ പരിപാടി...."
"ഉം..പോളികഴിഞ്ഞു ഓപ്പൺ ഡിഗിർ എടുത്തു..ഇനി എം എ ചെയ്യണം എന്ന് ഉണ്ട്‌..."
“ഏത് ഈയ്യറിലാ പോളീൽ പഠിച്ചേ?”...അങ്ങിനെ സംസാരം നീണ്ടു..മീറ്ററിൽ ബില്ലും കൂടിക്കൊണ്ടിരുന്നു..അധികം നീട്ടിക്കൊണ്ടുപോക്കാൻ പറ്റില്ലല്ലോ..ഇമ്മക്ക്‌ ഒരുമദ്യാദയില്ലേ..ഒന്നുമില്ലേലും ആ അമ്മ എന്തുവിചാരിക്കും..ഞാൻ പിന്നീട്‌ വിളിക്കാന്ന് പറഞ്ഞ്‌ കട്ട്‌ ചെയ്തു.
"ബ്രോക്കറോട്‌ എനിക്ക്‌ എന്തെന്നില്ലാത്‌ ബഹുമാനം തോന്നി"അത്‌ ഉള്ളിലൊതുക്കി ശ്രദ്ധിച്ച്‌ റോഡ്‌ ക്രോസ്‌ ചെയ്ത്‌ ബ്രോക്കറുടെ അടുത്തെത്തി.
"ഇമ്മക്ക് സിം‌ലവരെ ഒന്ന് പോയാലോ?” അടുത്ത ഓട്ടോർഷ വിളിച്ച്‌ മനോജിനേം കൂട്ടി കാഞ്ഞാണിക്ക്‌ തിരിച്ചു.
"ദേ ചേട്ടൻ എന്താന്നു വച്ചാൽ കഴിച്ചോളണം..." എന്തൊരു അനുസരണയുള്ള മനുഷ്യൻ...പറഞ്ഞതുപോലെ തന്നെ വിത്തിൻ ഫിഫ്റ്റീൻ മിനിറ്റ്‌ ആൾ ചുട്ടപറ്റ്‌.
"ഡാ ബുഡ്ഡ ഷാളായീന്നാ തോന്നുന്നേ"മനോജ്‌ പറഞ്ഞു.(അടിച്ച്‌ പൂസായി മറ്റുള്ളവരുടെ തോളിൽ കിടന്ന് ബാറീന്നിറങ്ങുന്നവരെ തൃശ്ശൂർക്കാർ പറയുന്നതാണീ ഷാൾ ന്ന്)
മനോജ്‌ ആ ഷാളെടുത്ത്‌ തോളിലിട്ടു ഓട്ടോയിൽ വന്നിരുന്നു. പോണവഴിക്ക്‌ ഓട്ടോർഷ പാംതോടിനു മുമ്പുള്ള കനാലിലെ "ഹമ്പ്‌"കടന്നതും ഷാൾ വാൾ വെച്ചു. വീടെത്തിയപ്പോഴേക്കും ഷാൾ പാമ്പായി രൂപാന്തരം പ്രാപിച്ചിരുന്നു. ഷാൾ മാളത്തിലേക്ക്‌ ഇഴഞ്ഞുപോയീന്ന് ഉറപ്പുവരുത്തി ഞങ്ങൾ പിറ്റുത്തം വിട്ടു.

രാത്രി സ്വസ്ഥമായി പരസ്യമില്ലാത്ത സ്വപ്നങ്ങൾ കണ്ട്‌ കിടന്നുറങ്ങി...നേരം വെളുത്തു അറിഞ്ഞില്ല...
"മാമൻ പാടത്തിക്ക്‌ പോണില്ലേ?"കസിൻ സിസ്റ്ററുടെ മകൾ വിളിച്ചുണർത്തി.ഇനി ഉച്ചക്കേ വല്ലതും വയറ്റിൽ എത്തൂ എന്ന് നല്ലോണം അറിയാവുന്നതുകൊണ്ട്‌ അതും കണക്കാക്കി പുട്ടും കടലയും വെട്ടിവിഴുങ്ങി നേരെ വിട്ടു പാടത്തിക്ക്‌.. ആറാട്ടുപുഴ പൂരം നിരത്തിയപോലെ പെണ്ണുങ്ങൾ കണ്ടത്തിൽ ഞാറു നടാൻ റെഡിയായി നിരന്നു നിൽക്കുന്നു...
"ടാ എന്തായി നിന്റെ പെണ്ണുകാണൽ" വരമ്പത്തുക്കൊടെ പോകായിരുന്ന സരുവെല്ലിമ്മയുടെ ചോദ്യം..നല്ല ഒന്നാംതരം ബി.ബിസിയാണീ സരുവെല്ലിമ്മ.
"ചന്ത്രാപ്പന്നീൽ ഒരെണ്ണം കണ്ടു.. അതേതാണ്ട്‌ ഉറച്ചമട്ടാ.."പാടത്ത്‌ ഞാറുനടാൻ വന്ന പെണ്ണുങ്ങൾക്ക്‌ ഞാറ്റുമുടി എറിഞ്ഞുകൊടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
"എന്നാപിന്നെ ഈ വെയിലുകൊണ്ട്‌ കറക്കാണ്ടെ നീ വല്ല തണലത്തുപോയി നിക്കടാ ചെക്കാ.."
"അയ്നു അവനിനി വെയ്ലുകൊണ്ട് കർത്താലും വെളുത്താലും എന്താ കുഴപ്പം നല്ല കലാഭവൻ മണീടെ പോലത്തെ ഗ്യാരണ്ടികളറല്ലേ?"ശാരദേച്ചീടെ കമന്റ്‌ വന്നു.
"ട്യെ ശാരദേ നീ അറിഞ്ഞോ ആ സോമന്റെ മോൾടെ കാര്യം.."വളരെ ലൈറ്റായി ആ പെൺകുട്ടീടെ കഴിഞ്ഞ ആഴ്ചത്തെ കാര്യങ്ങൾ സഞ്ചാരം എപ്പിസോഡ്‌ പോലെ വിശദമായി അവിടെ ഉള്ളവരോട്‌ വിശദീകരിച്ചു. ദാ ഇതാണ്‌ സരുവെല്ലിമ്മ....
പാടത്തുപണികഴിഞ്ഞു വൈകുന്നേരം മോഹനേട്ടന്റെ മീൻ ഏയ്റ്റീമേ കുടുമ്പത്ത്‌ പോയി കുളിക്കാൻ നിക്കുമ്പോൾ വീട്ടിലുള്ളവർ പറഞ്ഞു.
"ടാ അതേ ചന്താപ്പിന്നീൽ പോയില്ലെ അതു ശരിയാവില്ല"
"അതെന്തുപറ്റി.."
"അത്‌ ചേട്ടനെ പെണ്ണിനു ഇഷ്ടായില്ലാന്നു....നിറം പോരാത്രേ"മേമയുടെ മകളുടെ വിശദീകരണം. "നിന്നോട്‌ ആരാ പറഞ്ഞേ?"
"സരുവെല്ലിമ്മേട അവിടെ വച്ച്‌ ആ ബ്രോക്കറുടെ പെണ്ണു പറഞ്ഞതാ"
"ങേ അപ്പോൾ ഞാൻ അവളൊട്‌ ഇന്നലെ ഇത്രയും നേരം സം്സാരിച്ചപ്പോൾ ഇതൊന്നും പറഞ്ഞില്ലല്ലോ" എന്ന് പറയാൻ തോന്നിയെങ്കിലും അത്‌ ഉള്ളിലൊതുക്കി.

പെണ്ണിനു ഇഷ്ടം അല്ലാന്നു പറഞ്ഞതിൽ അല്ലായിരുന്നു ദുഃഖം അത്‌ സരുവെല്ലിമ്മ കേട്ടതിൽ ആയിരുന്നു.അന്തിക്കാടുപടവുമുതൽ അലപ്പാട്‌-പുള്ള്‌ വരെയുള്ള പാടത്തുപണിക്കുവെരുന്ന പെണ്ണുങ്ങൾ അറിയും...അറിഞ്ഞാൽ പിന്നെ ഈ സീസണിൽ പാടത്തെന്നല്ല അന്തിക്കാട്‌ പ്രദേശത്ത്‌ ഇറങ്ങിനടക്ക്‌ആൻപറ്റില്ല.... കുളിക്കാൻ മിനക്കെടാതെ മോഹനേട്ടന്റെ മീൻ 80 യിൽ അതിന്നുവരെ ഓടാത്തത്ര സ്പീഡിൽ ഓടിച്ച്‌ ബ്രോക്കറെ പോയി കണ്ടു.
"അതിപ്പോ ഞാനെന്തു ചെയ്യാനാ..ചെക്കനു നിറം പോരാന്ന് പെൺകുട്ടി പറഞ്ഞൂത്രേ" നമ്മുടെ ബ്രോക്കറേട്ടൻ പഴം പരുവത്തിൽ വീടിന്റെ ഉമ്മറത്തിരുന്നു പറഞ്ഞു.
"അവളോട്‌ വിളിച്ചു ചോയിച്ചിട്ടു തന്നെ കാര്യം..."ഞാൻ മോഹനേട്ടനോട്‌ പറഞ്ഞു.
"അതേ ഇനിയിപ്പോൾവിളിക്കാനുമ്പറയാനും നിക്കണ്ട..ഇമ്മൾ ആദ്യം ക്ണ്ടതിനു എന്താ കുഴപ്പം..നീയല്ലേ പറഞ്ഞേ നിനക്ക്‌ അയ്നെ മതീന്ന്"
"അയ്നു അവർ മറുപടയോ തരാത്തോണ്ടല്ലേ?"
"അതൊക്ക്കെ ശരിയാവും വാ ..."മോഹനേട്ടൻ എന്നെം കൊണ്ട്‌ നേരെ അന്തിക്കാട്ടു കുളത്തിലേക്ക്‌..നന്നായി ഒന്ന് മുന്ന്ദിക്കുളിച്ചു .. വരണ വഴിക്ക്‌ പതിവുപോലെ കക്ഷി ഒരു ലക്ഷണം നോക്കി പറയുന്ന ഇടത്തെത്തി.മോഹനേട്ടൻ അങ്ങനാണ്‌ വിഷമം വന്നാലും സന്തോഷം വന്നാലും പണിക്കരെ കാണും( ഈ കഥാപാത്രത്തെ വല്ലാണ്ടെ വിശദീകരിക്കുന്നില്ല..എന്നെങ്കിലും സത്യേട്ടൻ അത്‌ സിനിമയിൽ ആക്കിയാലോ? അത്രക്ക്‌ നല്ല ഒരു കഥാപാത്രമാണ്‌ മോഹനേട്ടൻ)
"ആദ്യം കണ്ടതു തന്നെ മോഹനാ..ഇവർക്ക്‌ തമ്മിൽ ഇഷ്ടമാന്നേ..ഇതെന്നെ നടക്കും പിന്നെ എന്തിനാ ഈ പുലിവാലിനോക്കെ നിക്കണേ" രാശിനോക്കി അവർ പറഞ്ഞത്‌ കേട്ട്‌ ഞാൻ ഞെട്ടി..കാരണം മറ്റൊന്നും അല്ല ആദ്യം കണ്ടപെൺകുട്ടിയെ മനസ്സിൽ ഉറപ്പിച്ചിരുന്നതാണ്‌.(ആ കഥ പിന്നീട്‌)പക്ഷെ ഇവർ ഇതെങ്ങിനെ മനസ്സിലാക്കി..
വിശലേട്ടൻ പരായുന്നമാതിരി ഹൗ എവർ ആ കല്യാണം നടന്നു...ഹപ്പിയായി തല്ലൂടി ജീവിക്കുന്നു.....

സരുവെല്ലിമ്മ പിറ്റേന്നുതന്നെ ആവശ്യമായ ഇൻഗ്രേഡിയൻസ്‌ ചേർത്ത്‌ അന്തിക്കാട്ടെ വിശാലമായ കോൾപടവിലേക്ക്‌ ആ വാർത്ത പ്രക്ഷേപണം ചെയ്തു.കേട്ട പെണ്ണുങ്ങൾ അത്‌ റീപ്രക്ഷേപണം നടത്തി.ചുരുക്കിപ്പറഞ്ഞാൽ പാടത്തു കണ്ണുതട്ടാതിരിക്കാൻ വെച്ച നോക്കുകുത്തിവരെ എന്നോട്‌ "ചന്ത്രാപ്പിന്നീൽ പെണ്ണുകാണാൻപോയിട്ട്‌ എന്തൂട്ടാ ഇണ്ടയേ?" എന്ന് ചോദിക്കുന്ന അവസ്ഥവന്നു. എത്രെം വേഗം ലീവുതീർത്ത്‌ പോയാമതീന്നായി എനിക്ക്‌.

ഈ സംഭവം കഴിഞ്ഞ്‌ അന്തിക്കാട്‌ പാടത്ത്‌ മൂന്നാലുതവണ ഞാറിടലും കൊയ്ത്തും ഒക്കെ കഴിഞ്ഞു....പലതവണാ വിസിറ്റു പുതുക്കാൻ ഞാൻ നാട്ടിൽ വന്നുപോയി....എന്റെ കല്യാണവും കഴിഞ്ഞു..കല്യാണം കഴിഞ്ഞു വിരുന്നിനു പോകുന്ന സമയം...കല്യണത്തിനു മുമ്പ്‌ കിട്ടിയ ഗ്യാപ്പിൽ പറയാൻ ഉള്ളതെല്ലാം ഒരുമാതിരി പറഞ്ഞു തീർത്തോണ്ട്‌ കാര്യായൊന്നു പറയാൻ ഉണ്ടായിരുന്നില്ല രണ്ടാൾക്കും.... അങ്ങെനെ ഇരിക്കുമ്പോൾ ഒരീസം ഇരിങ്ങാലക്കുടയിൽ ഉള്ള ഒരു ബന്ധുവിന്റെ വീട്ടിൽ പോയി നാഷ്ണൽ ഹൈവേ ഒഴിവാക്കി (എന്തിനാ വെറുതെ നവദമ്പതികൾ ലിമിറ്റഡ്‌ സ്റ്റൊപ്പിടിച്ച്‌ മരിച്ചു എന്ന് പത്രക്കാർക്ക്‌ എഴുതുവാൻ ഇടനൽകുന്നേൻങ്കരുതി മാത്രം) ഇടവഴിലൂടെ വരുന്ന സമയം "ചന്ത്രപ്പനീലുള്ള അമ്മായീടെ വീട്ടിൽ പോണം" ചന്ത്രപ്പനീന്ന് കേട്ടതും എനിക്ക്‌ ഒരു കലിപ്പ്‌ വന്നു.
"പിന്നെ പോകാം"സംസാരത്തിൽ അതുവരെ ഉണ്ടായിരുന്ന സൗമ്യത "ഠേ"ന്ന് മാറി.
"പിന്നെ അയ്നായിട്ട്‌ വരാൻ നിക്കണ്ട.... എനിക്കിപ്പോ തന്നെ പോണം....ദാ ഇതിലേ ആദ്യത്തെ ലെഫ്റ്റ്‌ എടുത്ത്‌ പോയാമതി.. പോയില്ലേൽ ആന്റിക്ക്‌ വിഷമമാകും"അവൾ നിർബന്ധിച്ചു.
മനസ്സിലാമനസ്സോടെ വണ്ടി തിരിച്ചു.
ഈശ്വരാ ഇതു പണ്ടു പെണ്ണുകാണാൻ വന്ന വീടിന്റെ അടുത്തണല്ലോ...മുന്നോട്ടുപോകും തോറും വണ്ടിക്ക്‌ വേഗത കുറഞ്ഞു. ഒന്നുരണ്ടുതവൺ സ്പീഡ്‌ കുറഞ്ഞതിനു എഞ്ചിൻ എന്നെ അതിന്റെഭാഷയിൽ ചീത്തവിളിച്ചു. ഒടുവിൽ എത്തിയത്‌ മുമ്പ്‌ പെണ്ണുകാണാൻ പോയ വീടിന്റെ തൊട്ടടുത്ത ഗേയ്റ്റിൽ.
“അപ്പുറത്തുള്ളവർ ആരെങ്കിലും കാണാവോ?“ എന്റെ മനസ്സിൽ ഒരു പെടപെടപ്പ്‌.ഹണിമൂണിനിടയിൽ ഈ പഴങ്കത അവളറിയാതെ പൊതിഞ്ഞുവച്ചതിന്റെ ബുദ്ധിമുട്ട്‌ എനിക്കേ അറിയൂ.അറിഞ്ഞാൽ എന്റെ ഇമേജ്‌ എന്താവും....പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? സോമനാഥ ചാറ്റർജിയെ മാർക്കിസ്റ്റാർ കാണുന്നപോലെ ആവില്ലേ ഇവൾ എന്നെ കാണുക...

"അപ്പോൾ എന്നെ ഇഷ്ടാന്ന് പറഞ്ഞിട്ട്‌ വേറെ കല്യാണത്തിനു ശ്രമിച്ചു അല്ലേ? വഞ്ചകാ..ദുഷ്ടാ.." ഈ ഒരു ചോദ്യം അവൾ ചോദിക്കുന്നതായി ഞാൻ പലതവണ ദു:സ്വപനം കണ്ടിട്ടുള്ളതാണ്‌.

ആന്റി വാതിക്കൽ തന്നെ ഉണ്ടായിരുന്നു.ഭാഗ്യം..അപ്പർത്തെ വീട്ടിലേക്ക്‌ നോക്കാതെ വണ്ടി അവരുടെ പോർച്ചിൽ നിർത്തി പരമാവധി സ്പീഡിൽ അവരുടെ വീടിനകത്തേക്ക്‌ കയറി. വിശേഷങ്ങൾ ചിപ്സിന്റെയും മിക്ചറിന്റേയും ഇടയിലൂടെ പുറത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു.ഇതിനിടയിൽ അവൾ ഒരു ചോദ്യം എടുത്തിട്ടു.
"ആന്റി അപ്പുറത്തെ വീട്ടിലുള്ള സംയുക്താവമ്മേടെ പോലത്തെ കുട്ടീടെ കല്യാണം കഴിഞ്ഞോ?" എന്താന്നറിയില്ല ആ ചോദ്യം എന്റെ ചെവിയിൽ കേട്ടതും അതുവരെ സ്മൂത്തായി കുടിച്ചോണ്ടിരുന്ന ചായ തെരുപ്പിൽ കയറി... കാലിൽ നിന്നും ഒരു പെരുപ്പ് മുകളിലേക്ക്.....
"അതേ ഇവിടെ വരണ ചെക്കന്മാരെ ഒന്നുമവൾക്ക്‌ പിടിച്ചോടന്നില്ല, മോൻ അറിയാവോ നിങ്ങൾടെ അടുത്തുന്ന് ഒരു നല്ല ആലോചന വന്നിരുന്നു. ബഹ്‌റൈനിൽ ഉള്ള ഒരു ചെക്കന്റെ ആലോചന ഏതാണ്ട്‌ ഉറച്ചതാ ....ഒടുവിൽ ചക്കനു നിറം ഇല്ലാന്നു പറഞ്ഞ്‌ ഒഴിഞ്ഞു." ചായ തെരുപ്പിൽ പോയി ചുമക്കുന്നതിനിടയിൽ ആ ചോദ്യം ഞാൻ അവഗണിച്ചു.
"എന്നിട്ട്‌?" കല്യാണം കഴിഞ്ഞുമൂന്നുവർഷമായി കഴിഞ്ഞ ഓഗസ്റ്റ്‌ 28 നു കാണാൻ തുടങ്ങീട്ട്‌ നാലരകൊല്ലവും അതിനിടയിൽ ഒന്നും ഇല്ലാത്ത ഒരു ഉത്സാഹത്തോടെ അവൾടെ ചോദ്യം.
"ഒരു ബസ്സിന്റെ കണ്ടക്ട്രറുകൂടെ ഓടിപ്പോയി. അയാൾക്ക്‌ നല്ല പ്രയം ഉണ്ട്... വേറെ ഭാര്യം രണ്ട് കുട്ട്യോളും ഉണ്ട്‌.." യാത്ര പറഞ്ഞ്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോൾ എന്താന്നറിയില്ല അവരുടെ മുറ്റത്തുനിന്ന് ഞാൻ പലതവണ തൊട്ടടുത്തുള്ള വീട്ടിലേക്ക്നോക്കി... തിരക്കുണ്ടെന്നു പറഞ്ഞാണു പുറത്തെക്കിറങ്ങിയ്തെങ്കിലും ആ മുറ്റത്തു നിന്നു അടുത്ത വീട്ടിലേക്കു നോക്കിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊ ഒരു മനസമാധാനം.......

പാരമൊഴി: "ഈ കുന്ത്രാണ്ടം വായിക്കനൊന്നും എനിക്ക്‌ സമയം ഇല്ല " എന്ന എന്റെ ഭാര്യയുടെ ഒറ്റ വാക്കിന്റെ വിശാസത്തിൽ ആണ്‌ ഈ കഥ ഞാൻ ഇവിടെ എഴുതുന്നത്‌.കുടുമ്പം കലക്കികൾ ഇത്‌ അവൾടെ ശ്രദ്ധയിൽ പെടുത്തരുത്‌..പ്ലീസ്‌ ഇമ്മളായിട്ട് വെറുതെ എന്തിനാ കുടുമ്പകോടതീൽ ഒരു കേസുകൂടെ തീർപ്പാകാതെ കിടത്തുന്നെ?

രാമേന്ദ്രേട്ടനു ആദരഞ്ജലികൾ...

നടുപ്പറമ്പിലോടെ കപ്പലോടീന്നും ഞാൻ ആ ചെത്തണ തെങ്ങിനെ മണ്ടക്കൽക്ക്‌ മാറീതോണ്ട്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ടതാന്നും പറഞ്ഞു ഫലിപ്പിക്കുവാൻ അന്തിക്കാട്‌ ഒരേ ഒരാൾക്കേ പറ്റീർന്നുള്ളൂ..അത്‌ രാമേന്ദ്രേട്ടൻ ആയിരുന്നു.

കുറികിട്യേന്റെ പിറ്റേന്ന് തെങ്ങുമ്മന്ന് വീണപ്പോളും അദ്ദേഹത്തെ കുറിച്ച്‌ ആളുകൾ ഓരോന്ന് പറഞ്ഞുണ്ടാക്കി പക്ഷെ അതൊന്നും അങ്ങേർക്ക്‌ ഏശീർന്നില്ല. അദ്ദേഹത്തിന്റെ അകാലവിയോഗം ഞങ്ങൾക്ക്‌ ഒരു തീരാ നഷ്ടം ആണ്‌. കുന്ത്രണ്ടത്തിലെ പലകഥകളും രാമേന്ദ്രേട്ടനെ ബേയ്സ്‌ ചെയ്തായിരുന്നു ഞാൻ എഴുതുവാൻ ഉദ്ദേശിച്ചിരുന്നത്‌. ഇനി ആ കഥകൾ എഴുതുവാൻ പറ്റുമെന്ന് തോന്നുന്നില്ല....