Sunday, January 28, 2007

ബ്ലോഗ്ഗാ... ദെന്തൂട്ട്‌ കുന്ത്രാണ്ടാ ഇത്‌.

കഴിഞ്ഞ ഓണക്കാലത്താണ്‌ കൊടകരപുരാണം പ്രിന്റെടുത്ത്‌ രാജീവേട്ടന്‍ വഴി ഞാന്‍ നാട്ടിലേക്കയച്ചത്‌.പലതവണ വായിച്ച്‌ ചിരിച്ച പോസ്റ്റുകള്‍ പലതും നാട്ടിലെ സൗഹൃതങ്ങളെയും സംഭവങ്ങളേയും ഓര്‍മ്മിപ്പിക്കുന്നവ.

നാട്ടില്‍ കാലെടുത്ത്‌ കുത്തിയപ്പോ രാജീവേട്ടന്റെ കണി മനോജായിരുന്നു. ഈ കുരിപ്പിനാ കണി ഇനി പോരണവരെ മനസ്സമാധാനം ഉണ്ടാകില്ലാന്ന് രാജീവേട്ടന്‍ മനസ്സില്‍ പറഞ്ഞു.

"ആ ചേട്ടനോ ഇന്നലെ വരുന്നാണല്ലോ ചേച്ചിപറഞ്ഞേ. പിന്നെ ഇമ്മക്ക്‌ ഓണം ഉഷാറാക്കണം ഞാനീ കള്ള്‌ ഒന്ന് കൊണ്ടുകൊടുത്തിട്ട്‌ വീട്ടില്‍ക്ക്‌ വരാം. കൊണ്ടന്നിട്ടുണ്ടല്ലോ അല്ലെ"

" പറഞ്ഞതു നേരാ പുറപ്പെട്ടത്‌ മിനിഞ്ഞാന്ന് രാത്രിയാ പക്ഷെ വന്നത്‌ .....ന്റെ ഫ്ലൈറ്റിലാ അതോണ്ടെ ഇന്ന് എത്തിയതു തന്നെ ഭാഗ്യം.പത്തുദിവസത്തെ ലീവില്‍ ഒരു ദിവസം അങ്ങനെ മാറിക്കിട്ടി. നല്ലക്ഷീണമുണ്ട്‌ നീ കുറച്ചുകഴിഞ്ഞു വന്നാമതി."

"ഇമ്മടെ ചെക്കന്റെ വിവരം എന്താണ്‌" സൈക്കിള്‍ ചവിട്ടാന്‍ ഒരുങ്ങുന്നതിനിടയില്‍ അവന്റെ ചോദ്യം.

"കൊഴപ്പം ഒന്നും ഇല്ല. അവന്‍ അവിടെനിന്നും പിള്ളാര്‍ക്ക്‌ ബ്ലോഗ്ഗ്‌ കൊടുത്തുവിട്ടിട്ടുണ്ട്‌. പിള്ളാരോട്‌ പറഞ്ഞോ വൈകുന്നേരം വരുമ്പോ തരാന്ന്"

സംഗതി എന്താണെന്ന് മനസ്സിലായില്ലെങ്കിലും അതിന്റെ ചൂടാറാതെ തന്നെ മനോജ്‌ സംഗതി ഇമ്മള്‍ടെ ടീംസിന്റെ അടുത്തെത്തിക്കുന്നു. ബ്ലോഗ്ഗെന്നുകേട്ട്‌ പലരും അന്തം വിട്ടു, വിവരം വന്നുപറഞ്ഞ മനോജും സംഗതി എന്താന്ന് തിരക്കിയിരുന്നുമില്ല..

"എന്നാ വാടാ ഇപ്പോതന്നെ അതുവാങ്ങി ഒരോ ചെറുത്‌ ഇമ്മക്കടിച്ചുനോക്ക്യാലോ"

ബ്ലോഗ്ഗെന്നത്‌ വല്ല പുതിയ സ്മോളിന്റെ പേരാന്ന് കരുതി മുഖത്ത്‌ വലിയ പ്രസാദത്തോടെ സ്ഥലത്തെ പ്രധാന പാമ്പായ തട്ടാന്‍ ഗോപാലേട്ടന്‍ പറഞ്ഞു.

"ഇതു സ്മോളൊന്നും ആവില്ലാന്നെ മറ്റോനായിരിക്കും സി.ഡി"പ്രതി മറുവാദം ഉന്നയിച്ചു.
"ടാ പ്രത്യേ നീ നോക്കിക്കോ ഇത്‌ ഒരു മറ്റവനും ആയിരിക്കില്ല. സ്മോളുതന്നാ" ഗോപാലേട്ടന്‍ ഉറപ്പിച്ചു.

"സംഗതി എന്തായാലും ഇമ്മക്ക്‌ രാജീവിന്റെ വീട്ടില്‍ പോയി നോക്കാം.കുറച്ചുദിവസായി നല്ലത്‌ വല്ലതു അടിച്ചിട്ട്‌"

"ഹേയ്‌ ഇത്‌ ഞങ്ങള്‍ പിള്ളാര്‍ക്കുള്ളതാ ബുഡ്ഡോള്‍സ്‌ വല്ല വെട്ടിരുമ്പും അടിച്ച്‌ മൂലേല്‍ കൂട്യാമതി. ഇത്‌ കൈകാര്യം ചെയ്യാന്‍ ഞങ്ങളുണ്ടിവിടെ.ഞാനീ കള്ള്‌ ഒന്ന് കൊണ്ടുകൊടുത്തിട്ട്‌ വരാം"

"നിനക്കത്‌ കയ്യോടെ വാങ്ങിക്കട്ന്നില്ലെ. കള്ള്‌ പിന്നെ കൊണ്ടോട്ക്കാം നീ വാ ഇമ്മക്കത്‌ വാങ്ങീട്ട്‌ വരാ. വൈകിയാ പിന്നെ അങ്ങേര്‍ടെ പാവര്‍ട്ടീലുള്ള അളിയന്‍ വന്ന് ഒറ്റക്കതങ്ങ്ട്‌ വെടുപ്പാക്കും" പ്രതി തിരക്കുകൂട്ടി.

"അങ്ങ്ട്‌ പൂവ്വാന്ന് വെച്ചാ പണ്ടാറടങ്ങാന്‍ അവിടെ ഒരു അള്‍ട്ടേഷ്യന്‍ ഉണ്ടെന്നെ ആ ഗേറ്റങ്ങട്‌ കടക്കാന്‍ പറ്റില്ല. ആകുരിപ്പിന്‌ എന്നെ കാണുന്നത്‌ തന്നെ കലിയാ" കയ്യിലിരിപ്പുകൊണ്ട്‌ ആ നാട്ടിലെ ഒരുവിധം എല്ലാ നായ്ക്കള്‍ക്കും വ്യായാമത്തിനുള്ള വക നല്‍കുന്ന ദാസന്റെ വക ഡയലോഗ്‌.പല രാത്രികളിലും പുള്ളി ഓടിയ ഓട്ടം ഗിന്നസ്സ്‌ അധികാരികള്‍ കണ്ടിരുന്നേല്‍ പലരുടേയും പേരുകള്‍ വെട്ടിമാറ്റി എന്നേ പ്ലാക്കുന്നിദാസന്റെ നാമം അവിടെ കയറിക്കൂടിയേനെ.

ഇറക്കാവുന്ന എയര്‍പ്പോര്‍ട്ടുകളിലൊക്കെ ഇറക്കി പറയെടുത്ത്‌ മുപ്പത്തഞ്ചു മണിക്കൂര്‍ വൈകി നാട്ടിലെത്തിയ വിമാനത്തിലെ യാത്രാസുഖം മൂലം രാജീവേട്ടന്‍ ഒന്ന് കിടന്നതേയുണ്ടായിരുന്നുള്ളൂ. ഗേറ്റില്‍ ഒരു ചെറുയോഗത്തിനുള്ള ആളെകണ്ട്‌ പുള്ളീയുടെ പുത്രന്‍ അകത്തേക്കോടി അമ്പതിന്റെ ഒരു നോട്ടുമായി എത്തി.

"ആ നിങ്ങളാ ഞാന്‍ കരുതി പിരിവാരായിരിക്കുമ്ന്ന്" ചെക്കന്റെ ഡയലോഗ്‌.
"അച്ഛനെന്ത്യേടാ""അഛന്‍ ഉറങ്ങാ വിളിക്കണ്ടാന്ന് പറഞ്ഞിട്ടുണ്ട്‌. എന്താ കാര്യം"തല്‍ക്കാലത്തേക്ക്‌ കാര്യങ്ങള്‍ താനാണ്‌ ഡീല്‍ ചെയ്യുന്നതെന്ന രീതിയില്‍ ചെക്കന്‍ പോസിട്ടു.
"അഛന്‍ നിനക്കെന്തൂട്ട കൊണ്ടന്നിട്ടുള്ളത്‌"

"അതേ അഛന്‍ പ്ലേസ്റ്റേഷന്‍ കൊണ്ടുവന്നിട്ടുണ്ട്‌. സുരേഷ്മാമന്‍ വന്നിട്ട്‌ ഫിറ്റുചെയ്യാന്ന് പറഞ്ഞിട്ടുണ്ട്‌"
"ഫിറ്റുചെയ്തിട്ട്‌ ഞങ്ങളേം വിളിച്ചോളോ ട്ടോ"
"അന്തിക്കാട്‌ സ്റ്റേഷനേക്കാളും വലുതാണോടാ"
"ഇതു കളിക്കുന്ന കുന്ത്രാണ്ടാ ഗോപാലേട്ടാ" ചെക്കന്‍ ഗോപാലേട്ടനോറ്റ്‌ പറഞ്ഞു.
"ടാമോനെ അച്ചന്റെ കയ്യില്‍ ആ ...ചെക്കന്‍ ബ്ലോഗ്ഗ്‌ കൊടുത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞു. നീയാതിങ്ങ്ട്‌ പൊട്ടിക്കാണ്ടെ എടുത്തോ" ദാസന്‍ ചെക്കന്റെ പോസിനെ പരിഗണിച്ച്‌ അല്‍പ്പം മയത്തില്‍ കാര്യം പറഞ്ഞു.

"ബ്ലോഗ്ഗാ അതെന്തൂട്ടാ ദാസമാമാ"
"ടാ കുപ്പി അല്ലാണ്ടെന്താ നീ ഭാരിച്ച കാര്യം ഒന്നും അന്വേഷിക്കാണ്ടെ അതിങ്ങ്ട്‌ എടുത്തോണ്ട്‌ വാ." ഗോപാലേട്ടനു ക്ഷമകെട്ടു.

"പിന്നെ സ്പ്രേ വല്ലതും കൊണ്ടന്നിട്ടുണ്ടെങ്കി അതും നാലഞ്ചെണ്ണം എടുത്തോ"
"ടാ മോനെ അമ്മകാണണ്ടാട്ടാ ഞങ്ങളീ മണ്ടേലുണ്ട്‌" അതുപറഞ്ഞു ഫുള്‍ ടീം മതിലിന്റെ സൈഡിലേക്ക്‌ മാറി. അല്‍സേഷ്യന്‍ പരമാവധി ഒച്ചയില്‍ കൂട്ടില്‍ കിടന്ന് തെക്കുവടക്ക്‌ നടന്ന് കുരച്ചുകൊണ്ടിരുന്നു.
"ഈ പണ്ടാറത്തിന്റെ ഒടുക്കത്തെ കൊരയാ..പുള്ളുവരെ വരെ കേള്‍ക്കാം."വീട്ടിലേക്ക്‌ പാഞ്ഞ ചെക്കന്‍.കൊണ്ടുവന്ന പെട്ടി പരിശോധിച്ചപ്പൊ ഒരു കുപ്പി കിട്ടി. പുറത്ത്‌ അക്ഷമരായി കാത്തുനില്‍ക്കുന്നവര്‍ക്കിടയിലേക്ക്‌ നിമിഷങ്ങള്‍ക്കകം അവന്‍ ഒരു മാള്‍ബോറോ കവറുമായി എത്തി.പൊതി മനോജിന്റെ കയ്യില്‍ ഏല്‍പ്പിച്ചു.
"ഇനി മോന്‍ പോയ്ക്കോട്ടോ, അച്ഛന്‍ ഉണരുമ്പോ പറഞ്ഞാമതി ഞങ്ങള്‍ ബ്ലോഗ്ഗ്‌ കൊണ്ടുപോയീന്ന്" വേണ്ട മുതല്‍ കിട്ടിയതും സംഘം സ്കൂട്ടായി.
"ഗോപാലേട്ടോ ഇത്‌ ബ്ലോഗ്ഗല്ല ബ്ലാക്ക്‌ ലേബലാ. ഈ മനോജിന്‌ ചെവ്‌ട്‌ കേട്ടൂടാ" പ്രതി കവറിനുള്ളില്‍ നിന്നും ബ്ലാക്ക്‌ ലേബലിന്റെ ഒരു ബോട്ടില്‍ പുറത്തെടുത്തു..

"ടാ ഇമ്മക്കാ തിണ്ടാറ്റുമ്മെല്‍ക്ക്‌ അങ്ങട്‌ ഇരുന്നാലോ?"

"നിക്കെന്റെ ഗോപാലേട്ടാ ആക്രാന്തം കാട്ടണ്ട മൊതല്‍ കയ്യീക്കിട്ടിയില്ലെ വീട്ടില്‍ കോഴി ശരിയാക്കുന്നുണ്ട്‌.അതൊന്ന് വെന്തോട്ടെ.. ഇമ്മക്ക്‌ ഇത്‌ ഊണിനു മുമ്പെ പൊട്ടിക്കാന്നേ അപ്ലക്കും ഞാനീ കള്ള്‌ കൊണ്ടു കൊടുത്തിട്ട്‌ വരാം"

"ടാ മനോജെ എത്ര നേരമ്ന്ന് വെച്ച ഇതിങ്ങനെ കയ്യീ വെച്ച്‌ നടക്കാ. നിനക്കിപ്പോ ഇതില്‍ക്ക്‌ എറച്ചിയല്ലെ വേണ്ടെ. എന്റെ വീട്ടില്‍ നല്ലബീഫ്‌ റെഡിയായിട്ടുണ്ട്‌. നീയാ സൈക്കിള്‍മ്മെ പോയി കുറച്ചങ്ങ്ട്‌ എടുത്തോ."

"അയ്യോ സരസ്വേച്ചി എന്റെ തലകണ്ടാല്‍ ഓടിക്കും. ശങ്കരേട്ടന്‍ കുടിച്ച്‌ തലകുത്തിമറിയുന്നത്‌ ഞാന്‍ കാരണാന്നാ പുള്ളിക്കാരീടെ കണ്ടെത്തല്‍"

"നീ ഞാന്‍ പറഞ്ഞൂന്ന് പറയെടാ. ഞങ്ങളീ തയ്യപ്പിലുണ്ട്‌. പിന്നെ ഇത്‌ തെകയില്ല നീ ആ തൊഴുത്തിന്റെ മണ്ടേല്‍ ഇന്നല്‍ത്തേന്റെ ഭാക്കിയിരിക്കുന്നതും കൂടെ എടുത്തോ" ഭാര്യയെപ്പേടിച്ച്‌ ശങ്കരേട്ടന്‍ തന്റെ മദ്യം സൂക്ഷിക്കുക തൊഴുത്തിന്റെ മണ്ടയിലാണ്‌.

"ടാ പ്രത്യേ നേരം കളയാണ്ടെ നാല്‌ കരിക്കിട്ടെ"പറയേണ്ട താമസം പ്രതി തെങ്ങിന്റെ മണ്ടയില്‍ എത്തി. അഞ്ചാറുകരിക്ക്‌ ഭൂമിയിലും.ഇതിനിടയില്‍ ശങ്കരേട്ടന്‍ അഞ്ചാറു ഓലവലിച്ചിട്ട്‌ ഇരിക്കുവാനുള്ള സെറ്റപ്പൊരുക്കി.ദാസന്‍ കരിക്ക്‌ ചെത്തി മനോജിന്റെ വരവും കാത്തിരിപ്പായി.

"ഈ കാവ്‌ടി എവിടെപ്പോയിക്കിടാക്കണ്‌. എറച്ചി അവന്‍ ഇനി ചന്തേന്ന് പോയി വാങ്ങി കൂട്ടാന്‍ വെക്കോന്നും വേണ്ടല്ലോ വെന്തമൊതല്‍ ഇങ്ങട്‌ എടുത്തുകൊണ്ടന്നാപ്പോരെ"അവര്‍ അക്ഷമരായി.

മനോജ്‌ പത്തുമിനിട്ടിനകം അടപ്പത്തുന്ന് നല്ല ചൂടുള്ള ബീഫും ഗ്ലാസ്സുമായി എത്തി. ആറംഗ സംഘം അവിടെ ഇരുന്ന് കയ്യോടെ അതു വെടിപ്പാക്കിത്തുടങ്ങി.

" രാജീവേട്ടന്റെ അളിയനില്ലെ ആ ടാങ്കര്‍ അങ്ങേര്‍ വായുഗുളികക്ക്‌ പോണപോലെ കത്തിച്ചു വിടണുണ്ട്‌. ഞാന്‍ വരണ വഴിക്ക്‌ കണ്ടു. ഇനി കൊണ്ടന്നേന്ന് ഒരു തുള്ളി വേറെ ആര്‍ക്കും കണികാണാന്‍ കിട്ടില്ല. വെറുതെ കിട്ടിയാല്‍ ആസിഡും കുടിക്കുന്ന മൊതലാ" ബീഫിനെ വാഴയിലയിലേക്ക്‌ പകര്‍ത്തിന്നതിനിടയില്‍ മനോജ്‌ പറഞ്ഞു.

"ഇമ്മടെ ചെക്കന്‍ കാശ്‌ ചിലവാക്കി കൊടുത്തയച്ചല്ലോ അല്ലെങ്കിലും അവനു നമ്മളോട്‌ സ്നേഹം ഉണ്ട്‌. ഈ നാട്ടീന്ന് എത്ര എണ്ണം ദുബായിലും ഷാര്‍ജേലും ഒക്കെയുണ്ട്‌. ഒരുത്തന്‍ പോലും കൊടുത്തയക്കില്ല." അവര്‍ എന്നോടുള്ള നന്ദിപ്രകടനവും കുപ്പി കൊടുത്തയക്കാത്ത വിവിധ വിദേശരാജ്യങ്ങളിലുള്ള ആ പ്രദേശത്തെ മറ്റുള്ളവരോടുള്ള രോഷപ്രകടനവും അവര്‍ കുടിക്കിടയില്‍ നടത്തി.

"അവനല്ലേലും എപ്പോ വന്നാലും ഗോപാലേട്ടോ ദേ ഇതേ ഒള്ളൂന്ന് പറഞ്ഞ്‌ കൊണ്ടന്നേന്ന് ഒരു തുള്ളിയാണേല്‍ തുള്ളി അത്‌ തരാണ്ടിരിക്കില്ല" ബീഫിന്റെ എരുവിനെ പ്രതിരോധിക്കുവാന്‍ സ്മോള്‍ വായിലേക്കൊഴിക്കുന്നതിനിടയില്‍ ഗോപാലേട്ടന്‍ എന്നെ പുകഴ്ത്തി.

"എന്റെ ഗോപാലാ അവന്‍ കഴിഞ്ഞ തവണവന്നപ്പോ കൊണ്ടന്നതു തീര്‍ന്നൂന്ന് പറഞ്ഞ്‌ എനിക്ക്‌ തൃശ്ശൂര്‍ന്ന് ഒരു ഫുള്ള്‌ പ്രത്യേകം വാങ്ങി കൊണ്ടുവന്നുതന്നു. ഹൗ അവന്റനിയന്‍ ഉണ്ട്‌ ഒരുത്തന്‍ എന്താ അവന്റെ ഒരു പത്രാസ്‌ വല്യ കുണ്‍സ്രാളാണെന്നാ ഭാവം"ശങ്കരേട്ടന്‍ എന്റെ സ്വന്തം അനിയനെം പ്രാകി.

"തൊണ്ടനനയാനില്ല എന്നാലും വിദേശി വിദേശിതന്നെ. ഇമ്മക്ക്‌ വല്ലതും ആകണേല്‍ നാടന്‍ തന്നെവേണം" ഗോപലേട്ടനു തരിപ്പാവണേല്‍ സ്വദേശിവേണം.അലപ്പസമയത്തിനിടയില്‍ കുപ്പി കാലിയായതോടെ ഊണിനുശേഷം വീണ്ടും കാണാമെന്ന് പറഞ്ഞ്‌ അവര്‍ പലവഴിക്ക്‌ പിരിഞ്ഞു.

ഇതിനിടയില്‍ രാജീവേട്ടന്‍ വന്നതറിഞ്ഞു വീട്ടിലെത്തിയ പുള്ളിയുടെ അളിയന്‍ ക്ഷണനേരം കൊണ്ട്‌ കുശലാന്വേഷണം നടത്തി പെട്ടെന്നുതന്നെ വിശേഷങ്ങള്‍ കുപ്പിയിലേക്ക്‌ കടന്നു.

"അല്ല അളിയന്‍ ഓണായിട്ട്‌ കുപ്പിയൊന്നും കൊണ്ടന്നിട്ടില്ലെ""ഒരു ബ്ലാക്ക്‌ ലേബലും പിന്നെ അച്ഛനു ഒരു ഗ്രാന്‍സും കൊണ്ടുവന്നിട്ടുണ്ട്‌. പിള്ളാര്‍ക്കിവിടെനിന്നും വല്ലതും വേടിച്ചുകൊടുക്കാം." തിരച്ചിലിനിടായില്‍ കിട്ടിയ ഗ്രാന്‍സിന്റെ കുപ്പി അവര്‍ മാറ്റി വെച്ചു.

"ഗ്രാന്‍സ്‌ അച്ഛനു കൊടുത്തോ ഈ ബ്ലാക്കെവിടെ പോയിക്കിടക്കാ. പിന്നെ അളിയനിപ്പോഴും ഈ പിള്ളാരുമായുള്ള കമ്പനി നിര്‍ത്തീട്ടില്ലെ?"

"ഇമ്മള്‍ടെ ചുറ്റുവട്ടത്തുള്ളവരല്ലെ വല്ലപ്പോഴും ഒക്കെയല്ലെ ഉള്ളൂ"രാജീവേട്ടന്‍ അടുത്ത പെട്ടിതുറന്ന് കുപ്പിതിരയാന്‍ തുടങ്ങി.

"അച്ചന്‍ എന്തൂട്ടാ തപ്പണെ?" ചെക്കന്‍ ചോദിച്ചു.

"അതുനിനക്കറിയില്ല നീ പോയി കളിച്ചോ"

"ഹേയ്‌ ഇതിന്റെടേന്ന് കുപ്പി എവിടെ പോയി. ട്യേ നീയെങ്ങാനും അത്‌ മാറ്റി വെച്ചോ?"

"ഞാന്‍ ആ വഴിക്കേ നോക്കിയിട്ടില്ല" അടുക്കളയില്‍ നിന്നും തിരക്കുകള്‍ക്കിടയില്‍ ചേച്ചിയുടെ മറുപടി.

"പിന്നെ എവിടെ പോകുവാനാ. ഇനി കസ്റ്റംസ്കാരെങ്ങാനും മാറ്റിയോ" ഇതും പറഞ്ഞ്‌ അളിയന്‍ രാജീവേട്ടനെ സഹായിക്കുവാന്‍ കൂടി.

"ദെന്തൂട്ടാ ഒരു കെട്ട്‌ പേപ്പറ്‌?"

"അതാ പിള്ളാര്‍ക്ക്‌ ഇമ്മടെ .... കൊടുത്തയച്ചതാ. ബ്ലോഗ്ഗാ"

"ബ്ലോഗ്ഗോ?"

"ആന്നെ കൊടകരെല്‌ ഉള്ള ഒരുത്തന്‍ എഴുതിയതാ.ചുമ്മാ നാട്ടു വിശേഷങ്ങള്‍ പക്ഷെ വായിക്കാന്‍ രസമുണ്ട്‌"

അത്‌ എന്തു കുന്തേങ്ങിലും ആകട്ടെന്ന് പറഞ്ഞ്‌ അളിയന്‍ തുണിയും സോപ്പും ഒക്കെ വലിച്ചുവാരിയിട്ട്‌ തിരയാന്‍ തുടങ്ങി.

"അച്ചാ ഒരു കറുത്ത ബ്ലോഗ്ഗ്‌ ഞാന്‍ മനോജേട്ടനു എടുത്തുകൊടുത്തിട്ടുണ്ട്‌.അമ്മേ ഈ ബ്ലോഗ്ഗെന്നുപറയുന്നത്‌ കുപ്പിയട്ടാ"

ചെക്കന്റെ നിഷക്കളങ്കമായ വാക്കുകള്‍ കേട്ട്‌ അളിയന്‍ കൊണ്ടുവന്ന ബ്ലാക്ക്‌ ലേബല്‍ ഒറ്റക്ക്‌ മോന്താന്‍ പത്തുപതിനഞ്ചു കിലോമീറ്റര്‍ അഞ്ചുമിനിട്ടില്‍ ഓടിച്ചെത്തിയ സുരേഷേട്ടന്‍ സഹകരണ ബാങ്കില്‍നിന്നും നോട്ടീസു കിട്ടിയ കര്‍ഷകനെപ്പോലെ തരിച്ചിരുന്നുപോയി...

"ബ്ലൊഗ്ഗും ഓരൊരൊ കുന്ത്രണ്ടങ്ങളും മനുഷ്യനെ പറ്റിക്കുവാന്‍.. ഓരോരോ മൈ....@#@@‍ എഴുതുവാനും വേറേ കുറേ ......ന്മാര്‍ അതു കൊടുത്തയക്കാനും" സുരേഷേട്ടന്‍ കലിയടങ്ങാതെ പല്ലുകടിച്ചു.

ഒടുവില്‍ ഇന്ദുലേഖയില്ലേല്‍ തോഴി എന്ന് പറഞ്ഞപോലെ ബ്ലാക്കില്ലേല്‍ ഗ്രാന്‍സ്‌ മതിയെന്നും പറഞ്ഞ്‌ അതടിച്ച്‌ ബ്ലോഗ്ഗിനെയും കൊടുത്തയച്ച എന്നെയും അതെഴുതിയ വിശാലനേയും പ്രാകി അളിയന്‍ പാവറട്ടിക്ക്‌ നേരം കളയാതെ ഊണുപോലും കഴിക്കാതെ വന്നതിലും സ്പീടില്‍ വണ്ടിവിട്ടു.

പാരമൊഴി: ഗോപാലേട്ടനിപ്പോ ഗള്‍ഫീന്ന് ആരേലും വരുന്നുണ്ടേല്‍ ഒരു ഫുള്‍ബ്ലോഗ്ഗ്‌ കൊടുത്തയക്കാനാ പറയുന്നെ..!